തൂത്തുക്കുടി ചെമ്പ് സംസ്‌കരണശാലയില്‍ നിന്നും സള്‍ഫ്യൂരിക് ആസിഡ് ചോരുന്നു; സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കാതെ ജനങ്ങള്‍

തമിഴ്‌നാട്ടില്‍ ജനപ്രക്ഷോഭത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ വേദാന്ത കോര്‍പറേറ്റ് ഭീമന്റെ ഉടമസ്ഥതയിലുള്ള ചെമ്പ് സംസ്‌കരണശാലയില്‍ ചോര്‍ച്ച. സംസ്‌കരണശാലയിലെ ഗോഡൗണില്‍ നിന്നും സള്‍ഫ്യൂരിക്‌ ആസിഡ് ചോരുന്നുണ്ടെന്നും പരിഭ്രാന്തിപ്പെടേണ്ടതില്ലെന്നും ജില്ലാ കളക്ടര്‍ സന്ദീപ് നന്ദൂരി അറിയിച്ചു. സുരക്ഷാ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ചോര്‍ച്ച തടയല്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. സംസ്‌കരണശാല അടച്ചുപൂട്ടിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ദിവസവും സംസ്‌കരണശാല സന്ദര്‍ശിച്ചിരുന്നുവെന്ന് കമ്പനി വക്താവ് അറിയിച്ചു.

നിലവില്‍ സള്‍ഫ്യൂരിക് ആസിഡ് പ്രദേശത്ത് ഉണ്ടെന്നാണ് കളക്ടര്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ വാക്കുകള്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്ന്‌ പരിസരവാസികള്‍ പറയുന്നു. ‘സാധാരണയായി സംസ്‌കരണശാലകളില്‍ നിന്നെല്ലാം ചെറിയ രീതിയില്‍ ചോര്‍ച്ചകളുണ്ടാറുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്തിനാണ് പുതിയതായി ജനശ്രദ്ധ തിരിച്ചുവിടുന്നതെന്ന് മനസിലാകുന്നില്ല’ പാരിസ് പ്രീസ്റ്റ് സെന്റ് ആന്‍സ് പള്ളിയിലെ വൈദികനായ സാഗേഷ് സാന്ത്യ പറഞ്ഞു.

സംസ്‌കരണശാല പൂട്ടണമെന്ന് ആവശ്യപ്പെട്ട് മെയ് മാസത്തില്‍ തൂത്തുക്കുടിയില്‍ വന്‍ ബഹുജന പ്രക്ഷോഭം നടന്നിരുന്നു. ഇതിനേത്തുടര്‍ന്ന് മെയ് 22നുണ്ടായ പൊലീസ് വെടിവെയ്പില്‍ 13 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകള്‍.

ചെമ്പ് സംസ്‌കരണശാല തൂത്തുക്കുടിയിലെ പരിസ്ഥിതിയെ നശിപ്പിക്കുകയായിരുന്നു. ഇവിടുത്തെ ജനങ്ങളില്‍ ശ്വാസകോശ രോഗങ്ങള്‍, ചര്‍മ
രോഗങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍, അര്‍ബുദം തുടങ്ങിയവ സാധാരണമായി മാറിയിരിക്കുകയാണ്. ഇവയ്‌ക്കെല്ലാം കാരണം സംസ്‌കരണശാലയാണെന്ന് വ്യക്തമാക്കുന്ന പഠനങ്ങളുണ്ടായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല. രോഗം ബാധിച്ചവര്‍ക്ക് ഇപ്പോഴും ചികിത്സാ സഹായമോ നഷ്ടപരിഹാരമോ നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.