തീയേറ്റർ ഉടമയുടെ അറസ്റ്റ് പുന:പരിശോധിക്കാന്‍ നീക്കം

തിരുവനന്തപുരം: എടപ്പാളിലെ തീയേറ്ററില്‍ പത്തുവയസുകാരിയെ അമ്മയുടെ സഹായത്തോടെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ചൈല്‍ഡ് ലൈനിന് ദൃശ്യങ്ങളടക്കമുള്ള വിവരങ്ങള്‍ കൈമാറിയ തിയേറ്റര്‍ ഉടമ ഇ.സി.സതീശനെ അറസ്റ്റ് ചെയ്ത സംഭവം പുന:പരിശോധിക്കാന്‍ ആഭ്യന്തരവകുപ്പ് നീക്കം തുടങ്ങി. അറസ്റ്റ് ചട്ടംലഘിച്ചാണെന്ന് പൊലീസിന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. പരിശോധനകള്‍ക്ക് ശേഷം സംഭവത്തില്‍ തുടര്‍ നടപടി മതിയെന്ന് ഡിജിപി ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷാജു വര്‍ഗീസിനെ സ്ഥലം മാറ്റി ക്രൈംബ്രാഞ്ചിന് നല്‍കിയതിന് പിന്നാലെയാണ് ഡിജിപിയുടെ നിര്‍ദ്ദേശമുണ്ടായിരിക്കുന്നത്. തൃശൂര്‍ റേഞ്ച് ഐ.ജി എം.ആര്‍. അജിത്കുമാറിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നയിരുന്നു സ്ഥലം മാറ്റം.

പൊലീസിന്റെ നടപടിക്കെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മുഖ്യമന്ത്രി ഡിജിപിയോട് വിശദീകരണം തേടിയിരുന്നു. സതീശനെ അറസ്റ്റ് ചെയ്തതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഷാജു വര്‍ഗീസിനായിരുന്നെന്ന് തൃശൂര്‍ റേഞ്ച് ഐ.ജി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഐ.ജി നല്‍കിയ വിശദീകരണത്തിന് പിന്നാലെയാണ് സംഭവത്തില്‍ വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്.