തിരുവനന്തപുരത്ത് വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടുത്തം

തിരുവനന്തപുരം:  തിരുവനന്തപുരത്ത് വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടുത്തം. പവര്‍ഹൗസ് റോഡിലെ വ്യാപാരസ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്‌. ഇതിന് സമീപം ധാരാളം ചെറിയ കടകൾ ഉണ്ട്. ഇവിടേക്ക് തീപടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്നിശമനസേനയും നാട്ടുകാരും. സമീപത്തെ സ്ഥാപനങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. അതേസമയം തീപിടുത്തത്തിന്‌ കാരണം വ്യക്തമല്ല.

പവര്‍ഹൗസ് റോഡിലെ ചെല്ലം അമ്പ്രല്ലാ മാര്‍ട്ടിലാണ് ആദ്യം തീ പിടിച്ചത്. സ്ഥാപനത്തിനുള്ളിലെ സാധനങ്ങള്‍ പുറത്തെടുത്ത് തീ യണയ്ക്കാനുള്ള ശ്രമമാണ് തുടരുന്നത്.  ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു. .കുടകളും ബാഗുകളുമെല്ലാം വിൽക്കുന്ന സ്ഥാപനത്തിലാണ് തീ പടര്‍ന്നത്. കടയ്ക്കകത്തെ മുഴുവൻ സാധനങ്ങളും കത്തി നശിച്ചു.

വലിയ ഗതാഗത തിരക്കുള്ള എംജി റോഡിന്‍റെ ഒരുഭാഗത്തുകൂടി ഗതാഗതം നിയന്ത്രിച്ചുകൊണ്ടാണ് കൂടുതല്‍ ഫയര്‍ഫോഴ്സ് എത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. തീയണക്കാൻ ശ്രമിക്കുന്നതിനിടെ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ചെങ്കൽചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്. നഗരത്തിൽ അതിരൂക്ഷമായ ഗതാഗത കുരിക്കാണ് അനുഭവപ്പെടുന്നത്.