തിരുവനന്തപുരത്ത്‌ നിരീക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ക്ക് നിപ്പ ഇല്ലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: നിപ്പ വൈറസ് ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ഒരാള്‍ക്ക് നിപ്പ ഇല്ലെന്ന് സ്ഥിരീകരണം. മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആദ്യം പ്രവേശിപ്പിച്ച രോഗിക്കാണ് നിപ്പ ഇല്ലെന്ന റിപ്പോര്‍ട്ടാണ് വന്നത്. രണ്ടാമത്തെ രോഗിയുടെ ഫലം നാളെയെ ലഭിക്കൂ.

കൊച്ചിയില്‍ നിന്ന് പനി ബാധിച്ച്‌ തിരുവനന്തപുരത്തെത്തിയ യുവാവ് ഉള്‍പ്പെടെ രണ്ട് പേരാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരുടെ സ്രവ സാമ്പിളുകള്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ ഒരാളുടെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ വന്നത്. ഇതോടെ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് വ്യക്തമായി.

നിപ്പ ഭീഷണി ഉള്ള ജില്ലകളില്‍ പോയവര്‍ക്ക് പനി അടക്കം ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. അതേസമയം നിപ ബാധയുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് കേരളത്തില്‍ നിരീക്ഷണത്തിലുള്ള ഏഴ് പേര്‍ക്കും നിപാ ബാധയില്ലെന്ന് സ്ഥിരീകരിച്ചു.