തിരുവനന്തപുരം മേജർ അതിരൂപതാ അസംബ്ലിക്ക് ചൊവ്വാഴ്ച തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം മേജർ അതിരൂപതാ അസംബ്ലിക്ക് ചൊവ്വാഴ്ച തുടക്കം.മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ദ്വിതീയ അസംബ്ലിക്കു മുന്നോടിയായി നടക്കുന്ന മേജർ അതിരൂപതാ അസംബ്ലി ചൊവ്വയും ബുധനുമായി നാലാഞ്ചിറ മാർ ഈവാനിയോസ് വിദ്യാനഗറിലെ മാർ ഗ്രിഗോറിയോസ് റിന്യൂവൽ സെൻററിൽ നടക്കും.

ഒൻപത് വൈദിക ജില്ലകളിൽ നിന്നായി 90 അൽമായ പ്രതിനിധികളും 50 വൈദികരും 20 സമർപ്പിതരും പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ 9 ന് അസംബ്ലി ആരംഭിക്കും. മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ അസംബ്ലി ഉൽഘാടനം ചെയ്യും. കൃപ നിറയുന്ന കുടുംബങ്ങൾ എന്നതാണ് അസംബ്ലിയുടെ ചിന്താവിഷയം. സുന്നഹദോസ് പ്രതിനിധിയായി പത്തനംതിട്ട രൂപതാ മുൻ അധ്യക്ഷൻ ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം പ്രസംഗിക്കും. ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ഡയറക്ടർ റവ.ഡോ. പോൾ പാറത്താഴം , റവ.ഡോ. ജോൺ പടിപ്പുരക്കൽ എന്നിവർ വിഷയാവതരണം നടത്തും.

വിവിധ സെഷനുകളിൽ ചർച്ചകൾ നടത്തും. മുഖ്യ വികാരി ജനറൽ മോൺ. ഡോ. മാത്യു മനക്കരക്കാവിൽ മോഡറേറ്ററായിരിക്കും.വികാരി ജനറൽ മോൺ.ഡോ. വർക്കി ആറ്റു പുറത്ത്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജേക്കബ് പുന്നൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള സമിതി തുടർ റിപ്പോർട്ടുകൾ തയ്യാറാക്കും. ബുധനാഴ്ച്ച വൈകിട്ട് കാതോലിക്കാ ബാവാ സമാപന സന്ദേശം നൽകും