തിരുവനന്തപുരം മൂക്കുന്നിമലയിൽ വൻ അഗ്നിബാധ

തിരുവനന്തപുരം: തിരുവനന്തപുരം മൂക്കുന്നിമലയിൽ വൻ അഗ്നിബാധ. മൂന്നര ഏക്കറോളം ഭൂമിയിലെ കുറ്റിക്കാടുകളും മരങ്ങളും കത്തിനശിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് മലമുകളിൽ തീ പടരുന്നത് ആദ്യം കണ്ടത്. മൂക്കുന്നിമലയിലുള്ള ഏറ്റവും വലിയ ക്വാറി – ക്രഷർ ഉടമകളായ മെട്രോ അഗ്രിവേസ് കമ്പനിയുടെ രണ്ടേക്കറോളം പ്രദേശവും, സ്വകാര്യ വ്യക്തികൾ കൈവശം വച്ചിട്ടുള്ള ഒന്നരയേക്കറോളം പ്രദേശത്തുമാണ് അഗ്നി പടർന്നുപിടിച്ചത്.

കാട്ടാക്കട, നെയ്യാറ്റിൻകര, ചെങ്കൽച്ചൂള, വിഴിഞ്ഞം എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയുടെ 12 വാഗണുകളും, സേനാ ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ്‌ അഗ്നി നിയന്ത്രണ വിധേയമാക്കിയത്. മെട്രോ കമ്പനി പാറപൊട്ടിക്കാനായി സൂക്ഷിച്ചിരുന്ന വൻ വെടിമരുന്ന് ശേഖരത്തിന് സമീപം വരെ തീനാമ്പുകൾ കടന്നുചെന്നു. മണ്ണുമാന്തി യന്ത്രങ്ങളുടെയും കമ്പനി ജീവനക്കാരുടെയും അശ്രാന്ത പരിശ്രമം കൊണ്ട് വെടിമരുന്ന് അകലേക്ക്‌ മാറ്റാനായത് വൻ ദുരന്തം ഒഴിവാക്കാനായി.