തിരുവനന്തപുരം കോസ്‌മോപോളിറ്റന്‍ ആശുപത്രിയില്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കില്‍


തിരുവനന്തപുരം കോസ്മോപോളിറ്റന്‍ ആശുപത്രിയിലെ നഴ്സുമാരടക്കമുള്ള ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കില്‍. കിടത്തി ചികില്‍സയിലുള്ള രോഗികളെ മറ്റ് സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി. ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയതിനെതിരെയാണ് സമരം.

പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും മാനേജ്മെന്‍റ് വഴങ്ങാത്തതിനാലാണ് ഇത്തരമൊരു സമരമെന്ന് യൂണിയനുകള്‍ പറയുന്നു.  അതേസമയം പുതിയ ശന്പള വര്‍ധന അനുസരിച്ചുള്ള വേതനം നല്‍കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. എന്നാല്‍ അതിനു മുന്പ് നല്‍കിയിരുന്ന അലവന്‍സ് ഇനി നല്‍കാനാകില്ല. അങ്ങനെ വന്നാല്‍ ആശുപത്രി സാന്പത്തിക പ്രതിസന്ധിയിലാകുമെന്നും മാനേജ്മെന്‍റ് അറിയിച്ചു.

350 കിടക്കകള്‍ ഉള്ള ആശുപത്രി അത് വെട്ടക്കുറച്ച്‌ 300ല്‍ താഴെയാക്കി എന്നും ജീവനക്കാര്‍ ആരോപിക്കുന്നു. എന്നാല്‍ അലവന്‍സടക്കം ഇനി നല്‍കില്ലെന്നാണ് മാനേജ്മെന്റിന്റെ നിലപാട്. ഇതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ സമരം .

നഴ്സുമാരടക്കം എല്ലാ ജീവനക്കാരും സമരം തുടങ്ങിയതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്. തീവ്രപരിചരണ വിഭാഗത്തിലടക്കം ഒരു ജീവനക്കാരുമില്ലാത്ത അവസ്ഥയാണ് ഇപ്പോള്‍. ഇതോടെ കിടത്തി ചികില്‍സ വേണ്ട രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഓപി ഭാഗികമായി പ്രവര്‍ത്തിക്കുന്നുണ്ട്.