തിരുവനന്തപുരം: എ. കെ. ആന്റണിക്കെതിരേയുള്ള പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കൾ

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും സീനിയര്‍ നേതാവുമായ എ.കെ. ആന്റണിക്കെതിരേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഉണ്ടായ ആക്രമണത്തെ അപലപിച്ച് നേതാക്കൾ.

ആന്റണിക്കെതിരെയുള്ള വിമർശനം അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ക്കിടയില്‍, ആന്ധ്രാപ്രദേശിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുന്നണി ഉണ്ടാകാതെ പോയതിന് ആന്റണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചു കണ്ടു. ആന്ധ്രാപ്രദേശിലെ മുണണി രൂപീകരണത്തില്‍ ആന്റണി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. മുണണി രൂപീകരണത്തിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ആന്ധ്രാ പിസിസിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്കിയിരുന്നു. കോണ്‍ഗ്രസിന്റെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാരണങ്ങളാലാണ് സഖ്യം ഉണ്ടാക്കാന്‍ കഴിയാതെ പോയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ഇതില്‍ ആന്റണിയോ ഹൈക്കമാന്‍ഡോ ഒരു തരത്തിലും ഉത്തരവാദികളല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കോണ്‍ഗ്രസിനു ദേശീയതലത്തില്‍ ഉണ്ടായ പരാജയത്തിന് പല കാരണങ്ങളുണ്ട്. കൂട്ടുത്തരവാദിത്വത്തോടെ അത് ഞങ്ങള്‍ ഏറ്റെടുക്കുന്നു. പരാജയത്തില്‍ നിന്നും ഫിനിക്‌സ് പക്ഷിയെപ്പോലെ ചിറകടിച്ചുയര്‍ന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്.
ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളല്ലെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

സമൂഹമാധ്യമങ്ങളിലെ ഏ കെ ആന്റണിക്കെതിരായ മോശം പരാമര്‍ശങ്ങള്‍ അംഗീകരിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടെങ്കില്‍ ശക്തമായ നടപടി ഉണ്ടാകുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നൽകി.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏ കെ ആന്റണിയില്‍ മാത്രം കെട്ടിവക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഒരു കാരണവശാലും അനുവദിക്കില്ല.

ഏ കെ ആന്റണിയെ പോലൊരു നേതാവിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നതിന് പിന്നില്‍ ഗൂഡ ലക്ഷ്യമാണുള്ളത്. ഇത്തരക്കാരുടെ രഹസ്യ അജണ്ടകള്‍ ജനം തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു.പരാജയത്തിന്റെ കാരണം ഒരാളില്‍ മാത്രം അടിച്ചേല്‍പ്പിക്കുമ്പോള്‍ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താന്‍ കഴിയാതെ പോവുകയാണ്. രാജ്യം വിഭജനത്തിന്റെയും. വിദ്വേഷത്തിന്റെയും വിഷലിപ്തമായ അന്തരീക്ഷത്തിലൂടെയാണ് കടന്ന് പോകുന്നത്. ഈ അവസരത്തില്‍ നാം എല്ലാവരും ഒരുമിച്ച് നിന്ന് സംഘടനയെ ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.