‘തിരഞ്ഞെടുപ്പ്‌ കാലത്ത് ജാതിയുടെ പേര് പറഞ്ഞെത്തുന്നവരെയും പണമൊഴുക്കുന്നവരെയും തൂത്തുക്കുടിയിലെ ജനങ്ങള്‍ ഇനി വകവെക്കില്ല’

ആരതി എം ആര്‍

കോര്‍പറേറ്റ് ഭീമന്‍ വേദാന്ത ചെമ്പ് സംസ്‌കരണശാലയ്‌ക്കെതിരെ പ്രക്ഷോഭം നടന്നിട്ട് 22 ദിവസം കഴിഞ്ഞിരിക്കുന്നു. സമരക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെയ്പില്‍ മരിച്ച 13 പേരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ തമിഴ്‌നാട് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരണത്തേക്കാള്‍ കൂടുതല്‍ ദുരിതങ്ങള്‍ അനുഭവിക്കുന്ന ജനതയാണ് തൂത്തുക്കുടിയിലേത്. ചെമ്പ് സംസ്‌കരണശാല എന്നന്നേക്കുമായി അടച്ചുപൂട്ടുക എന്ന ആവശ്യം പ്രത്യക്ഷത്തില്‍ നടപ്പിലായെങ്കിലും തൂത്തുക്കുടിയിലെ ജനങ്ങളുടെ ആശങ്കകള്‍ തീരുന്നില്ല.

തൂത്തുക്കുടിയിലെ ‘സ്‌റ്റെര്‍ലൈറ്റ് എതിര്‍പ്പ് തൂത്തുക്കുടി മാവട്ടം മക്കള്‍ കൂട്ടായ്മ ‘ അംഗവും സമരപങ്കാളിയുമായ കൃഷ്ണമൂര്‍ത്തി കിട്ടു നിലവിലെ തൂത്തുക്കുടിയിലെ സാഹചര്യം വിശദീകരിക്കുന്നു.

കമ്പനി അടച്ചു പൂട്ടിയ സാഹചര്യത്തില്‍ ഇനി എന്താണ് തൂത്തുക്കുടിയിലെ ജനങ്ങളുടെ ആവശ്യം?

ചെമ്പ് സംസ്‌കരണശാലയ്‌ക്കെതിരായി നടന്ന സമരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍  20 ലക്ഷം രൂപ ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്. പോരാട്ടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരേക്കാള്‍ ഇവിടെ ദിനംപ്രതി ആളുകള്‍ പലവിധ അസുഖങ്ങളാല്‍ മരിക്കുന്നുണ്ട്. ആഴ്ചയില്‍ മൂന്ന് പേരെങ്കിലും ക്യാന്‍സര്‍ വന്ന് മരിക്കുന്നു. സംസ്‌കരണശാലയില്‍ നിന്നുള്ള മാലിന്യങ്ങള്‍ അന്തരീക്ഷത്തില്‍ കലരുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നതിന് തെളിവുണ്ട്. അതുകൊണ്ട് കമ്പനി മൂലം രോഗികളായ കുടുംബങ്ങള്‍ക്ക് ചികില്‍സാ സഹായം അല്ലെങ്കില്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന ആവശ്യം ഞങ്ങള്‍ക്കുണ്ട്.

പക്ഷേ അതിനായി ചര്‍ച്ചകള്‍ നടത്താനോ സമരം സംഘടിപ്പിക്കാനോ ഉള്ള അവസ്ഥയല്ല തൂത്തുക്കുടിയിലേത്. പ്രക്ഷോഭം നടന്ന് നാളുകള്‍ പിന്നിടുമ്പോഴും ജീവിതം ഇവിടെ പഴയതുപോലെയായിട്ടില്ല. പ്രക്ഷോഭത്തെ തുടര്‍ന്ന് സംസ്‌കരണശാല അടച്ചിട്ട്‌ അതിന്റെ വിജയം ആഘോഷിക്കാന്‍ പോലും ആയില്ല. ഒപ്പം നിന്നവര്‍ വെടിയേറ്റ് വീഴുന്ന രംഗം ഇപ്പോഴും ഞങ്ങളുടെ ഉള്ളില്‍ ഭയമുണര്‍ത്തുന്ന ദൃശ്യമായി ഉണ്ട്. അവരുടെ നഷ്ടം ഞങ്ങളെ തളര്‍ത്തുന്നു. കൂടാതെ പുതിയ ആവശ്യങ്ങളുമായി മുന്നോട്ടുപോകാന്‍ ഇവിടെയുള്ള പൊലീസ്‌
സമ്മതിക്കുമെന്ന് തോന്നുന്നില്ല. തമിഴ്‌നാട് പൊലീസിന്റെ മുമ്പില്‍ ഞാനടക്കമുള്ളവര്‍ ഇപ്പോഴും സമൂഹവിരോധികളാണ്.

പാരിസ്ഥിതിക, ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായതിനാല്‍ ഇതിന് മുമ്പും സംസ്‌കരണശാല അടച്ചിട്ടുണ്ട്. ഇപ്പോഴുള്ള സര്‍ക്കാര്‍ ഉത്തരവ് ശാശ്വതമാണെന്ന് വിശ്വസിക്കുന്നുണ്ടോ?

ഇതിന് മുമ്പും പലവിധ പ്രശ്‌നങ്ങള്‍ കാരണം സംസ്‌കരണശാല അടയ്ക്കണമെന്ന്‌
ഉത്തരവുകളുണ്ടാകുകയും കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സംസ്‌കരണശാല തുറന്ന് പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഇപ്പോഴുള്ള ഉത്തരവിനെ ഞങ്ങള്‍ വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഏത് നിമിഷവും
പൂര്‍വാധികം ശക്തിയോടെ സംസ്‌കരണശാല പ്രവര്‍ത്തനം ആരംഭിച്ചേക്കാം.
അപ്പോഴും ഞങ്ങള്‍ അതിനെതിരെ പോരാടും. എന്തായാലും ഞങ്ങള്‍ പലവിധ ആരോഗ്യ പ്രശ്‌നങ്ങളില്‍ പെട്ട് മരിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങനെ മരിക്കുന്നതിലും നല്ലത്‌ സ്വന്തം മണ്ണിന് വേണ്ടി പൊരുതി മരിക്കുന്നതാണെന്ന്‌
ഞങ്ങള്‍ കരുതുന്നു.

തമിഴ്‌നാട്ടില്‍ രാഷ്ട്രീയവും സിനിമയും ഇഴപിരിക്കാനാവാത്ത ഒന്നാണ്. പല സൂപ്പര്‍സ്റ്റാറുകളും പുതിയ രാഷ്ട്രീയ പാര്‍ട്ടികളുമായി എത്തുന്നു. അവരോട് എന്താണ് പറയാനുള്ളത്?

നിലവിലുള്ള രാഷ്ട്രീയ നേതൃത്വങ്ങളെല്ലാം ഞങ്ങളെ കബളിപ്പിക്കുകയായിരുന്നു. 20 വര്‍ഷമായി ഞങ്ങള്‍ ചെമ്പ് സംസ്‌കരണശാലയ്‌ക്കെതിരെ ശബ്ദമുയര്‍ത്തുന്നു. ചിലര്‍ കേട്ടില്ലെന്ന് നടിച്ചു. ഇന്ന് പ്രക്ഷോഭം രാജ്യശ്രദ്ധയാകര്‍ഷിച്ചതിന്‌ ശേഷം സമാശ്വാസിപ്പിക്കാന്‍ രാഷ്ട്രീയക്കാര്‍ എത്തുന്നു, സിനിമാക്കാര്‍ എത്തുന്നു. അതിന് പിന്നിലെ കാരണം ഞങ്ങള്‍ക്ക് നന്നായറിയാം. രാഷ്ട്രീയ മുതലെടുപ്പുകള്‍ കൊതിച്ച് ആരും തൂത്തുക്കുടിയില്‍ എത്തണമെന്നില്ല. ഞങ്ങള്‍ വേറെയാരെയും വിശ്വസിക്കുന്നില്ല. പോരാട്ടത്തെ മാത്രം വിശ്വസിക്കുന്നു. വിജയിക്കുന്നത് വരെ പോരാടും.

തമിഴ്‌നാട്ടില്‍ സിനിമാക്കാര്‍ക്ക് ജനങ്ങളുടെയിടയില്‍ സ്വീകാര്യത കൂടുതലാണ്. ചരിത്രത്തില്‍ തന്നെ തമിഴ് രാഷ്ട്രീയവും സിനിമയുമായുള്ള ബന്ധം പ്രത്യക്ഷത്തില്‍ത്തന്നെ കാണാവുന്നതാണ്. ഇവിടെ സൂപ്പര്‍ സ്റ്റാറുകള്‍ രാഷ്ട്രീയ പാര്‍ട്ടികളുണ്ടാക്കിയപ്പോള്‍ നിങ്ങള്‍ ആരാണെന്ന് ചോദിക്കുന്ന ആ ”പൊളിറ്റിക്കല്‍ കറക്റ്റ്‌നസി’ലാണ്‌ ഞങ്ങള്‍ക്ക് വിശ്വാസം. തൂത്തുക്കുടിയിലെ ജനങ്ങള്‍ ഇനി പുറംമോടിയില്‍ മയങ്ങില്ല.

തിരഞ്ഞെടുപ്പ്‌ കാലത്ത് ജാതിയുടെ പേര് പറഞ്ഞെത്തുന്നവരെയും തൂത്തുക്കുടിയിലെ ജനങ്ങള്‍ ഇനി വകവെക്കുമെന്ന് തോന്നുന്നില്ല. പണമൊഴുക്കിയുള്ള വോട്ട് പിടിക്കല്‍ തമിഴ്‌നാട്ടില്‍ സര്‍വസാധാരണമാണ്. അതും ഇനി തൂത്തുക്കുടിയില്‍ വിലപോകുമെന്ന് തോന്നുന്നില്ല. പ്രക്ഷോഭങ്ങള്‍ക്ക് ശേഷമുള്ള ജനവികാരം അതാണ് കാണിക്കുന്നത്.

സമരം ലക്ഷ്യം കണ്ടെന്ന് കരുതുന്നുണ്ടോ?

60 ശതമാനവും സമരം ലക്ഷ്യം കണ്ടുവെന്നാണ് മനസിലാക്കുന്നത്. ചെമ്പ് സംസ്‌കരണശാല എന്നന്നേക്കുമായി അടച്ചുപൂട്ടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അത് നടന്നു. പക്ഷേ 100 ശതമാനം ഉറപ്പിച്ചു പറയാന്‍ ആകുന്ന തരത്തിലല്ല സര്‍ക്കാര്‍ ഉത്തരവ്. അവര്‍ക്ക് തിരിച്ചുവരാനുള്ള പഴുതുകള്‍ ഉത്തരവിലുണ്ട്. ഒരു ഭീമമായ തുക പിഴ ഈടാക്കിക്കൊണ്ട് സുപ്രീംകോടതി പരിഹാരം കാണുമോ എന്നും സംശയിക്കുന്നുണ്ട്.