തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന്‌ അമിത് ഷാ; ഇന്ന് നിലപാട് അറിയിക്കാമെന്ന് തുഷാര്‍

തിരുവനന്തപുരം:  ലോക്സഭാ തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കണമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മല്‍സരിക്കുന്ന കാര്യത്തില്‍ ഇന്ന് നിലപാട് അറിയിക്കാമെന്ന് തുഷാര്‍ അമിത് ഷായെ അറിയിച്ചതായാണ് വിവരം. ബി.ഡി.ജെ.എസ് അധ്യക്ഷനായ തുഷാര്‍ മല്‍സരിക്കണമെന്ന് അമിത് ഷാ വളരെ മുന്‍പെ ആവശ്യപ്പെട്ടിരുന്നു. തുഷാര്‍ തയാറായാല്‍ തൃശൂര്‍ മണ്ഡലം ബി.ജെ.പി വിട്ടുകൊടുത്തേയ്‍ക്കും.

തുഷാര്‍ സ്ഥാനാര്‍ത്ഥിയായില്ലെങ്കില്‍ ബിഡിജെഎസ് വോട്ടുകള്‍ ഇടതുപക്ഷത്തേക്ക് മാറുമോയെന്ന ആശങ്കയും ബിജെപി നേതൃത്വത്തിനുണ്ട്. നേരത്തെ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, എസ്‌എന്‍ഡിപി ഭാരവാഹിയായതിനാല്‍ സംഘടനയില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നായിരുന്നു തുഷാറിന്റെ മറുപടി.

സംഘടനാ ചുമതലയുള്ള ഭാരവാഹിയായി പാര്‍ട്ടിയില്‍ തുടര്‍ന്നാലേ എല്ലാ മണ്ഡലങ്ങളിലും പ്രചാരണം ഏകോപിപ്പിക്കാനാകൂ എന്നും സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തില്‍ കൂടുതല്‍ സജീവമാകാമെന്നും തുഷാര്‍ അറിയിച്ചു. തുഷാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ സമുദായ പദവികള്‍ രാജിവെയ്ക്കണമെന്നത് വെള്ളാപ്പള്ളി നടേശന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.