തവാങും ചൈനീസ് ആശങ്കകളും

വിപിൻ കുമാർ

മഞ്ഞു മൂടിയ മലനിരകളാല്‍ ചുറ്റപ്പെട്ട തവാങ്ങ് അരുണാചല്‍ പ്രദേശിലെ ഒരു ചെറു പട്ടണമാണ്. ടിബറ്റന്‍ വജ്രയാന ബുദ്ധമതത്തിന്റെ ഇന്ത്യയിലെ കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടതാണ് തവാങ് വിഹാരം. മറ്റൊന്ന് ലഡാക്കിലെ ലേയിലാണ്. തവാങ്‌ ജില്ലയിലെ ബോംദിലയില്‍ നിന്നും 180 കിലോമീറ്റര്‍ അകലെയാണ് വിഹാരം സ്ഥിതി ചെയ്യുന്നത്‌. ഗാള്‍ഡെന്‍ നംഗ്യാല്‍ ലാത്സെ എന്നും അറിയപ്പെടുന്ന ഈ വിഹാരം സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി മുകളിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. ബുദ്ധ ഭഗവാന്റെ 27 അടി ഉയരമുള്ള സ്വര്‍ണ പ്രതിമയും മൂന്ന്‌ നിലകളുള്ള സമ്മേളന മുറിയുമാണ്‌ ഇവിടുത്തെ പ്രധാന ആകര്‍ഷണം.

1643-47 കളില്‍ മീരാലാമ എന്ന വിഖ്യാതനായ ലോഡ് റെഗ്യാല്‍ട്സോ ആണ് ഈ ബുദ്ധവിഹാരം സ്ഥാപിച്ചത്. അഞ്ചാമത്തെ ദലയ്ലാമയായിരുന്ന നാഗ്വാങ് ലോമ്പ്സങ് ഗ്യാംസോയുടെ അനുഗ്രഹാശിസ്സുകളോടെയാണ് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബുദ്ധപഠന കേന്ദ്രമായ തവാങ് വിഹാരത്തിനു തുടക്കമിടുന്നത്. മീരാലാമ വിഹാരത്തിനുള്ള സുന്ദരമായ സ്ഥലം കണ്ടെത്തിയതിനെപ്പറ്റി ഒരു ഐതീഹ്യമുണ്ട്. ലാമ തന്റെ പ്രിയപ്പെട്ട കുതിരയെ അഴിച്ചുവിട്ടു. പതിനായിരം അടി ഉയരത്തിലേക്ക് ഹിമവഴിയിലൂടെ ആ കുതിര ഓടിക്കയറി കണ്ടെത്തിയ വിശുദ്ധമായ സ്ഥലമാണത്രെ വിഹാര നിര്‍മാണത്തിനായി തിരഞ്ഞെടുത്തത്.

ചൈനയുടെ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന തവാങ് 1947 വരെ ടിബറ്റിന്റെ കൈവശമായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ തവാങ് ടിബറ്റില്‍ നിന്ന് ബ്രട്ടീഷുകാര്‍ അടര്‍ത്തിമാറ്റി. 1962ല്‍ ചൈനീസ് പട്ടാളം ഇവിടേക്ക് ആക്രമിച്ചു കയറുകയും ഈ വിഹാരത്തിന്റെ ചില നിരവധി ഭാഗങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. ആറുമാസത്തോളം ഇതു ചൈനയുടെ കൈവശമായിരുന്നു. ശേഷം ചൈനീസ് സൈന്യം പിന്‍ വാങ്ങുകയും ഒരിക്കല്‍കൂടി ഇന്ത്യയുടെ കൈവശം വന്നു ചേരുകയും ചെയ്തു.

നാനൂറ് വർഷത്തോളം പഴക്കമുള്ള മൊണാസ്ട്രിയില്‍ 600 ഓളം ലാമകള്‍ ജീവിക്കുന്നുണ്ട്. അവര്‍ ബുദ്ധദര്‍ശനങ്ങളില്‍ അധ്യയനം നടത്തുകയും നിരന്തരം ധ്യാനത്തിലേര്‍പ്പെടുകയും ചെയ്യുന്നു. ക്യാന്‍ വാസില്‍ വരച്ച നിരവധി ടിബറ്റന്‍ ചിത്രങ്ങള്‍ ഇവിടെയുണ്ട്. ശാക്യമുനി ബുദ്ധന്റെ സുവര്‍ണ കവചിതമായ 27 അടി ഉയരമുള്ള പ്രതിമ ഈ ആശ്രമത്തിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്നു. ഈ വിഹാരം വരുന്നതിനു മുന്‍പ് ഇവിടം താന്ത്രിക ആചാര്യന്മാരുടെ നിബിഡകേന്ദ്രമായിരുന്നു. തവാങ് ഗോമ് പാ വീടുകള്‍ എട്ടുമീറ്റര്‍ ഉയരത്തിലുള്ള സുവര്‍ണ കവചിതമായ ബുദ്ധപ്രതിമകളാല്‍ അലംകൃതമാണ്. മാത്രമല്ല, ബുദ്ധമതവുമായി ബന്ധപ്പെട്ട മറ്റനേകം ചെറിയ ശില്പങ്ങള്‍ വേറെയും ഉണ്ട്.

തവാങ് ഇന്ന് വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രമായി പരിണമിച്ചതിനു പിന്നില്‍ പ്രകൃതിയുടെ സ്പര്‍ശവുമുണ്ട്. പര്‍വതങ്ങളും ആഴമേറിയ താഴ് വരകളും നീര്‍ച്ചാലുകളും വെള്ളച്ചാട്ടങ്ങളും നൂറുകണക്കിന് തടാകങ്ങളും ചേരുമ്പോള്‍ തവാങ് സര്‍വഥാ മനോജ്ഞവും കൗതുകകരവുമായി പരിണമിക്കുന്നു.

മൂന്നുതട്ടുള്ള വിഹാരത്തിന് 140 ചതുരശ്ര മീറ്ററില്‍ ചുറ്റുമതിലുണ്ട്. 65ഓളം വീടുകളും വിശാലമായ ഗ്രന്ഥശാലയും ഇവിടെയുണ്ട്. ഒട്ടേറെ വിലയേറിയ കയ്യെഴുത്തു പ്രതികളും വിശുദ്ധ ഗ്രന്ഥങ്ങളും ഈ ലൈബ്രറിയെ അമൂല്യവത്താക്കുന്നു. ഈ കയ്യെഴുത്തു പ്രതികള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ ‘അമൂല്യ’ങ്ങളാണ്. കാരണം കയ്യെഴുത്തു പ്രതികള്‍ മിക്കവാറും തനിത്തങ്കത്തില്‍ തീര്‍ത്തവയാണ്.

വിഹാരത്തിലെ ‘പാര്‍ഖാങ്’ ഹാളില്‍ അപൂര്‍ വമായ ടിബറ്റന്‍ ചിത്രരേഖകളും വിലയേറിയ തങ്ഗ്യം, കങ്ഗ്യൂര്‍, സുങ്ബൂം എന്നീ ഗ്രന്ഥങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത് കാണാം. കാര്‍ഷിക പ്രവൃത്തി ഉപജീവനമാര്‍ഗമായി സ്വീകരിച്ച ദേശവാസികളില്‍ ചിലര്‍ ആടുവളര്‍ത്തുകയും ചെയ്യുന്നു. ഇവിടെ കരകൗശലവസ്തു നിര്‍മാണവും നടക്കുന്നു. കമ്പിളികൊണ്ടു തീര്‍ത്ത ഷാളുകളും മറ്റും ഇവിടെ സുലഭമാണ്.

തവാങ് ഇന്നൊരു ആധുനിക ലോകം കൂടിയാണ്. ഗോര്‍സാം സ്തൂപവും തത്സാങ് ഗോംപായും ഖിന്മേ വിഹാരവും സിംഗ്ഷൂര്‍ സന്ന്യാസിനി മഠവും ടൂറിസ്റ്റുകള്‍ക്ക് നയനാനന്ദകരമായ കാഴ്ചകള്‍ സമ്മാനിക്കുന്നു. പട്ടണത്തില്‍ പ്രാര്‍ഥനാപതാകകള്‍ പാറിപ്പറക്കുന്നു. ആധുനികയുഗത്തിന്റെ മുദ്രകളായ ശീതള പാനീയങ്ങളുടെയും വേഷവിധാനങ്ങളുടെയും പരസ്യങ്ങള്‍ അങ്ങിങ്ങ് കാണാം.

 

അരുണാചല്‍ പ്രദേശിലെ ബഹലുക്പുങില്‍ നിന്ന് തവാങ് മേഖലയിലേയ്ക്ക് റെയില്‍വേ സര്‍വീസ് ആരംഭിക്കുവാന്‍ വടക്ക്കിഴക്കന്‍ ഫ്രോണ്ടിയര്‍ റെയില്‍വേ (എന്‍എഫ്ആര്‍) ലക്ഷ്യമിടുന്നുണ്ട്. 500 അടി മുതല്‍ 9000 അടി വരെ ഉയരത്തിലുള്ളതാണ് ഈ പാത. പദ്ധതിയുടെ സര്‍വ്വെ ജോലികള്‍ അടുത്ത വര്‍ഷം ആരംഭിക്കും.

തവാങ് ദക്ഷിണ ടിബറ്റിന്റെ ഭാഗമാണെന്നാണ് ചൈനയുടെ വാദം; അതിനാല്‍ അത് ചൈനയുടെ ഭാഗമാണെന്നും. ‘വിഘടനവാദിയായ’ ദലയ്ലാമ തവാങ് സന്ദര്‍ശിക്കുമ്പോഴൊക്കെ ചൈന കടുത്ത അമര്‍ഷം അറിയിക്കാറുണ്ട്. ചരിത്രപ്രാധാന്യമുള്ള തവാങ് പ്രദേശത്തില്‍ ചൈനയുടെ അവകാശവാദം അംഗീകരിക്കുന്നപക്ഷം കശ്മീര്‍ അതിര്‍ത്തിയുടെ കാര്യത്തില്‍ ചൈനയും വിട്ടുവീഴ്ച ചെയ്യുമെന്നും അതിര്‍ത്തിതര്‍ക്കം ശാശ്വതമായി അതിലൂടെ പരിഹരിക്കാമെന്നുമാണ് ചൈനയുടെ നിലപാട്. ചൈനയുടെ രോഷം മാറ്റാന്‍ ദലയ്ലാമയുടെ തവാങ് സന്ദര്‍ശനം ഇന്ത്യ വിലക്കുമോ? തവാങ് വിട്ടുകൊടുത്ത് അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ തയ്യാറാകുമോ??