തവനൂരിന്റെ പുണ്ണ്യമായ തവനൂർ മന

സായിനാഥ്‌ മേനോൻ

മലപ്പുറം ജില്ലയിലെ തവനൂർ പഞ്ചായത്തിലാണു കേരളത്തിലെ പ്രസിദ്ധമായ ബ്രാഹ്മണ ഗൃഹങ്ങളിൽ ഒന്നായ തവനൂർ മന സ്ഥിതി ചെയ്യുന്നത്‌. സ്ഥലപ്പേരും ഇല്ലപ്പേരും ഒന്നു തന്നെ . തവനൂർ . താപസനൂർ ( താപസന്മാരുടെ ഊർ( സ്ഥലം) തവനൂർ ആയി മാറിയതാണു . ധാരാളം ക്ഷേത്രങ്ങൾ ഉള്ള പുണ്ണ്യ സ്ഥലമാണു തവനൂർ. നിളാതീരത്ത്‌ സ്ഥിതി ചെയ്യണ പുണ്ണ്യഭൂമിയാണു തവനൂർ. പ്രാക് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന അനേകം ഗുഹകളും മൺപാത്രശേഖരങ്ങളും ഇവിടെകണ്ടെത്തിയിട്ടുണ്ട്. കാവുകൾ ധാരാളമുള്ള തവനൂർ ഒരിക്കൽ ദ്രാവിഡ സംസ്കൃതിയുടെ ഈറ്റില്ലമായിരുന്നു.വേദപഠനങ്ങൾക്കെല്ലാം പ്രാധാന്യം കൊടുത്തിരിന്ന നാടാണു തവനൂർ. ഈ പുണ്ണ്യഭൂമിയിൽ , ഭാരതപ്പുഴയ്ക്ക്‌ തെക്ക്‌ ഭാഗത്തായാണു തവനൂർ മന സ്ഥിതി ചെയ്യുന്നത്‌. ഭാരതപ്പുഴയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്നതിൽ ഏറ്റവും വല്ലിയ മനയാണു തവനൂർ മന . നിളയ്ക്കഴകാണു തവനൂർ മന.മാമാങ്കഭൂമിയുടെ അരികിൽ, തൃമൂർത്തി സംഗമഭൂമിയിൽ സോമയാഗ പെരുമയിൽ തവനൂർ മന . ഇത്രയും സവിശേഷത ആർക്കാ ഉള്ളെ,നമുക്കിനി തവനൂർ മനയുടെ ചരിത്രത്തിലേക്ക്‌ ഒന്നു കണ്ണോടിക്കാം

ഏകദേശം 600 ഓളം വർഷം പഴക്കം കാണും തവനൂർ മന പരമ്പരയ്ക്ക്‌. തവനൂർ മന പരമ്പരയുടെ തുടക്കം തിരൂർ താലൂക്കിൽ ഉള്ള ചെറിയ പറപ്പൂർ എന്ന സ്ഥലത്ത്‌ നിന്നാണു. അവിടെ നിന്നു ഏകദേശം 450 വർഷങ്ങൾക്ക്‌ മുന്നെ ആണു പൊന്നാനി താലൂക്കിൽ ഉള്ള തവനൂർ എന്ന പ്രദേശത്തേക്ക്‌ തവനൂർ മനക്കാർ വന്ന് താമസമാക്കിയത്‌. പരശുരാമൻ സൃഷ്ടിച്ച 32 നമ്പൂതിരി ഗ്രാമങ്ങളിൽ പ്രധാന ഗ്രാമമായ പന്നിയൂർ ഗ്രാമത്തിലാണു തവനൂർ മന സ്ഥിതി ചെയ്യുന്നത്‌. ഒരു കാലത്ത്‌ ആയിരത്തോളം ഇല്ലങ്ങൾ ഉണ്ടായിരുന്ന ഗ്രാമമാണു പന്നിയൂർ ഗ്രാമം. ഇന്നു നൂറിലധികം ഇല്ലങ്ങളെ ഗ്രാമത്തിലുള്ളൂ. 32 ഗ്രാമങ്ങളുടെ അധിപൻ പന്നിയൂർ ഗ്രാമമായിരുന്നു. പന്നിയൂർ ഗ്രാമത്തിലെ പ്രമുഖ ബ്രാഹ്മണ കുടുംബമാണു തവനൂർ മനക്കാർ.ഇവരുടെ ഗ്രാമദേവത വരാഹമൂർത്തിയാണു .

ചേരരാജാക്കന്മാരും, പെരുമ്പടൂപ്പ്‌ സ്വരൂപവും, വള്ളുവക്കോനാതിരിയും, സാമൂതിരിയും വാണ നാടാണു തവനൂർ. വള്ളുവനാടൻ ഏറനാടൻ മിശ്രിതമായ സംസ്കാരം എന്ന് തന്നെ പറയാം. തവനൂർ മനക്കാരുടെ ഭാഷയിൽ വള്ളുവനാടൻ ശൈലിയുടെ സാന്നിധ്യം മനസിലാക്കിയിരുന്നു ഞാൻ . തവനൂർ മനയുടെ ഭാഗത്ത്‌ നിന്നു നോക്കിയാൽ നമുക്ക്‌ നാവാമുകുന്ദനെ തൊഴാം. നാവാമുകുന്ദ ക്ഷേത്രത്തിൽ നിന്നു നോക്കിയാൽ കാണുന്ന ശിവ , ബ്രഹ്മ ക്ഷേത്രഭൂമിയുടെ അടുത്താണു തവനൂർ മന സ്ഥിതി ചെയ്യുന്നത്‌. ആ ക്ഷേത്രങ്ങളുടെ ഊരാളന്മാരും തവനൂർ മനക്കാർ തന്നെ .ആ പുണ്ണ്യ സ്ഥലത്തെ തിരുനാവായ തൃമൂർത്തി സംഗമം എന്നറിയപ്പെടുന്നു. ആ പുണ്ണ്യഭൂമിയിലാണു യോഗികൾ വാണ ,വാഴുന്ന, തവനൂർ മന പ്രൗഡിയോടെ സ്ഥിതി ചെയ്യുന്നത്‌ .

തവനൂർ മനക്കാർ ജന്മി പരമ്പരയായിരുന്നു. 18000 ഓളം പറ പാട്ടം നെല്ലുണ്ടായിരുന്നു. ചെറിയ പറപ്പൂർ, തവനൂർ ഭാഗങ്ങളിൽ ധാരാളം ഭൂസ്വത്തുണ്ടായിരുന്നു തവനൂർ മനക്കാർക്ക്‌. സാമൂതിരിയുടെ അരിയിട്ടു വാഴ്ചയിൽ പ്രത്യേക സ്ഥാനം തവനൂർ മനക്കാർക്കുണ്ടായിരുന്നു. തവനൂർ മനയിലെ കാരണവന്മാർക്ക്‌ ചുമരൻ എന്നൊരു സ്ഥാനം സാമൂതിരി കൽപ്പിച്ചു നൽകിയിട്ടുണ്ടായിരുന്നു. സാമൂതിരിയുമായും, വെട്ടത്ത്‌ രാജവംശവുമായും , തിരുമലശ്ശേരികോട്ട പ്രമാണിമാരുമായും വളരെ അടുത്ത ബന്ധം കാത്തു സൂക്ഷിച്ചിരുന്നു തവനൂർ മനക്കാർ.

തവനൂർ മന എട്ടുകെട്ടാണു. ഏകദേശം നാനൂറിലധികം പഴക്കമുണ്ടാകും മനയ്ക്ക്‌. കാലത്തിന്റെ മാറ്റത്തിനു അനുസരിച്ചു ചില വിത്യാസങ്ങൾ വരുത്തിയിട്ടുണ്ട്‌ എന്നൊഴിച്ചാൽ ഇന്നും പഴമ നിലനിർത്തുന്ന തറവാടാണു തവനൂർ മന . മനോഹരമായ പടിപ്പുരയും,പടിപ്പുരയിൽ നിന്നു തറവാട്ടിലേക്കുള്ള പടികെട്ടും, നാലോളം പത്തായപ്പുരകളും, രണ്ട്‌ കുളവും, നാലോളം കിണറുകളും, എട്ടുകെട്ടിൽ രണ്ട്‌ നടുമുറ്റവും, മനോഹരമായ നീളൻ പൂമുഖവും, 10 ഓളം മുറികളും അടങ്ങിയതാണു എട്ടേക്കറോളം ഭൂമിയിൽ നിറഞ്ഞു നിൽക്കുന്ന തവനൂർ മന . പ്രകൃതിദേവത കനിഞ്ഞനുഗ്രഹിച്ചിട്ടുള്ള സ്ഥലത്താണു മന സ്ഥിതി ചെയ്യണത്‌. ചുറ്റുപ്പാടും ക്ഷേത്രങ്ങൾ, ക്ഷേത്രങ്ങളുടെ നടുവിലൊരു ക്ഷേത്രം പോലെ തവനൂർ മന.

മനയിലെ ശ്രീലകത്ത്‌ വെട്ടത്ത്‌ കാവിൽ ഭഗവതിയ്ക്കും , മഹാവിഷ്ണുവിനും ശിവനും പ്രാധാന്യം . ഉപദേവന്മാരായി ആദിത്യനും ഗണപതിയും. ദിവസേന നേദ്യം പതിവുണ്ട്‌. വെട്ടത്ത്‌ കാവ്‌ ഭഗവതിയാണു തവനൂർ മനക്കാരുടെ പരദേവത. വെട്ടത്ത്‌ കാവ്‌ ഭഗവതി തേവാരമൂർത്തിയാണു. നൂറ്റാണ്ടുകൾക്ക്‌ മുന്നെ വെട്ടത്ത്‌ രാജാവ്‌ തവനൂർ മനയ്ക്കൽ കൊടുത്ത വിഗ്രഹമാണു വെട്ടത്ത്‌ കാവ്‌ ഭഗവതിയുടേത്‌. അദ്ദേഹം ആരാധിച്ച ദേവിയായിരുന്നു. ആ വിഗ്രഹാണു ശ്രീലകത്തുള്ളത്‌. തെക്കിനിയിൽ പാട്ടുകളത്തിൽ പാട്ടുണ്ട്‌. വേട്ടേക്കരനും,വെട്ടത്ത്‌ കാവ്‌ ഭഗവതിയ്ക്കും, മുല്ലയം പറമ്പത്ത്‌ ഭഗവതിയ്ക്കും പാട്ടുണ്ട്‌.

തവനൂർ മനയിലെ ഈ തലമുറയിലെ കാരണവരായ ശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിനും പത്നിക്കും, 800 ഓളം വർഷങ്ങൾക്ക്‌ ശേഷം 2007 ഇൽ പന്നിയൂർ ഗ്രാമത്തിൽ , വരാഹമൂർത്തിക്ഷേത്രാങ്കണത്തിൽ വച്ച്‌ നടന്ന സോമയാഗത്തിനു യജമാനൻ/ യജമാന പത്നി പദവി വഹിക്കാൻ സാധിച്ചു . സോമയാഗത്തിനു ശേഷം അവർ തവനൂർ മന ശ്രീ പരമേശ്വരൻ സോമയാജിപ്പാട്‌/ രമണി പത്തനാടി എന്നും അറിയപ്പെടുന്നു. ഗൃഹസ്ഥാശ്രമിയ്ക്കേ യാഗം ചെയ്യാനാകൂ . അദ്ദേഹം പത്നിസമേതനായാണു യാഗം ചെയ്യുക . യാഗാധികാരമുള്ള കുടുംബത്തിൽ നിന്നുമായിരിക്കണം യജമാനൻ.സോമയയാഗം ചെയ്യും മുൻപ്‌ ആധാനം ചെയ്തിരിക്കണം ഇങ്ങനെ ആധാനം ചെയ്തവരെ അടിതിരി എന്ന് വിളിക്കുന്നു. അതിരാത്രം ചെയ്യണമെങ്കിൽ അതിനു മുൻപ്‌ സോമയാഗം ചെയ്തിരിക്കണം ഇകൂട്ടരെ സോമയാജി എന്ന് വിളിക്കുന്നു. സോമയാഗത്തിനു യജമാനൻ സ്ഥാനം വഹിക്കാ എന്നൊക്കെ വച്ചാൽ എത്ര വല്ല്യാ പുണ്ണ്യാ. സോമയാഗം ചെയ്യും മുമ്പ് അഗ്നി ആധാനംചെയ്യണം. 2006 ഇൽ ആയിരുന്നു പന്നിയൂർ സോമയാഗത്തിന്റെ ആധാനം. സോമയാഗം 2007 ഇലും. വൈദികൻ കൈമുക്ക്‌ ശ്രീധരൻ നമ്പൂതിരി ആയിരുന്നു.

ഋഗ്വേദി ആയ ശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാട്‌ അദ്ദേഹം കൈമുക്ക്‌ മനയിൽ താമസിച്ച്‌ പഠിച്ചാണു സോമയാഗത്തിനു തയ്യാറായത്‌. ഋഗ്വ്വേദത്തിനും യജുർവ്വേദത്തിനും പ്രാധാന്യമുണ്ടല്ലോ സോമയാഗത്തിൽ .യജമാനന്മാരുടെ ജീവിതം കർക്കശ്ശമായ ഒന്നാണു . കഠിനമായ വ്രതം എന്നു തന്നെ പറയാം .യാഗം നടക്കുന്നതിനിടയിൽ സ്വഗൃഹവുമായി ഒരു ബന്ധവും ഇവർക്കുണ്ടാവില്ലാ. ഊണുമുറക്കവും എല്ലാം യാഗശാലയിൽ തന്നെ . ഭക്ഷണം പാലും പഴങ്ങളും മാത്രം .യാഗത്തിന്റെ യജമാനൻ ദീക്ഷിതനാവും വരെ ( നാലു ദിവസം) കൈമുഷ്ടികൾ ചുരുട്ടിപ്പിടിച്ചിരിക്കും , അത്‌ നിവർത്തുകയുമില്ലാ , സംസാരിക്കുകയുമില്ലാ ,ചിരിക്കുകയുമില്ലാ. ശരീരം ചൊറിഞ്ഞാൽ കൂടി കൈകൊണ്ട്‌ മാന്തരുത്‌, അതിനു കൃഷ്ണ മൃഗത്തിന്റെ കൊമ്പ്‌ തന്നെ വേണം . പ്രപഞ്ച നന്മയ്ക്കായി ലോകത്തിനും മൊത്തം സൗഖ്യം ലഭിക്കാനായി അനുഷ്ടിക്കണ ത്യാഗോജ്ജലമായ ജീവിതമാണു യജമാനന്മാരുടേത്‌.

സോമരസം മുഖ്യഹവിസ്സായി അഗ്നിയിൽ ഹോമിക്കുന്ന യജ്ഞങ്ങളാണ് സോമയാഗം.യജ്ഞങ്ങൾ മനുഷ്യനെ ദേവനാക്കി ഉയർത്തും എന്ന് പുരാണങ്ങൾ ഉദ്ഘോഷിക്കുന്നു. യജ്ഞങ്ങൾ വൈദികം,താന്ത്രികം എന്നിങ്ങനെ രണ്ടു വിധത്തിലുണ്ട്. വൈദികയജ്ഞത്തിൽ മുഖ്യം സോമയാഗമാണ്.സോമയാഗം ആറു ദിവസം നീണ്ടു നിൽക്കും.യാഗാവസാനം പ്രത്യാഗമനം എന്ന ക്രിയയിലൂടെ അഗ്നിയെ അരണിയിലേക്ക്‌ ആവഹിച്ച്‌ യജമാനൻ തന്റെ ഇല്ലത്തേക്ക്‌ കൊണ്ടു പോകുന്നു.ഇതോടെ യഗശാല കത്തിച്ച്‌ ചാമ്പലാക്കുന്നു.

നേത്രാഗ്നിയേ അരണിയിലേക്ക്‌ തിരിച്ച്‌ ആവാഹിക്കുന്ന ചടങ്ങും നടക്കുന്നു. അരണിയിലേക്ക്‌ ആവാഹിച്ച ത്രേതാഗ്നി വീണ്ടൂം യജമാനനും പത്നിയും സ്വഗൃഹത്തിലേക്ക്‌ കൊണ്ട്‌ പോയിമരണം വരെ യജിക്കണം എന്നാണ്‌ വിധി.തവനൂർ മനയിലെ വടക്കിനിയിൽ ആണു അഗ്നിഹോത്രം( ത്രേതാഗ്നി ) സൂക്ഷിച്ചിരിക്കുന്നത്‌. ദിവസേന ഹോമവും ഉണ്ട്‌ അവിടെ . മൂന്നു ഹോമകുണ്ഡങ്ങളിലായാണു ത്രേതാഗ്നി സൂക്ഷിക്കുന്നത്‌. ഗാർഹപത്യാഗ്നി ,ആഹവനീയാഗ്നി, അന്വാഹാനാഗ്നി, ഇങ്ങനെ മൂന്ന്അ ഗ്നികൾ അഥവാ ഹോമകുണ്ഡങ്ങൾ.അതാണു ത്രേതാഗ്നി. ഇതിൽ ‌ അന്വാഹാനാഗ്നിക്കു കറുത്ത വാവു ദിവസമാണു ഹോമം. ആവഹനീയാഗ്നിക്ക്‌ എല്ലാ ദിവസവും രണ്ട്‌ നേരം ഹോമം ഉണ്ട്‌ ( പാൽ) . പിന്നെ 15 ദിവസം കൂടുമ്പോൾ ഇഷ്ടി എന്നറിയപ്പെടുന്ന ഹോമവും ഉണ്ട്‌. ഏറ്റവും പുണ്യവും, പരിപാവനുമാണു ഈ ഭാഗം . ഒരു മഹാക്ഷേത്രത്തിലെ പരിശുദ്ധി കാത്തുസൂക്ഷിച്ചിട്ടുണ്ട്‌ അഗ്നിഹോത്രം സൂക്ഷിച്ച ഭാഗത്ത്‌. അതു കൊണ്ട്‌ മനയുടെ ഉള്ളിലേക്ക്‌ ക്യാമറ അനുവദിക്കില്ലാ. ശ്രീ പരമേശ്വരൻ സോമയാജിപ്പാട്‌ അദ്ദേഹം എനിക്ക്‌ അഗ്നിഹോത്രം തൊഴുതു വണങ്ങാനുള്ള അവസരം ഒരുക്കി തന്നു . എന്താ പറയാ മുൻ ജന്മ സുകൃതം എന്നെ എനിക്കാ അവസരത്തെ പറയാനുള്ളൂ.

വല്ലിയ അന്തിമഹാകാളൻ കാവ്‌ , അയിലൂർ വിഷ്ണു ക്ഷേത്രം , കല്ലൂർ താമറ്റൂർ ദുർഗാക്ഷേത്രം , ചെറിയ അന്തിമഹാകാളൻ കാവ്‌ , ചെറിയ തിരുനാവായ ശിവക്ഷേത്രം , മണ്ണുംതൃക്കോവിൽ ബ്രഹ്മ ക്ഷേത്രം , തവനൂർ ശ്രീകൃഷ്ണപുരം ക്ഷേത്രം ,പിഷാരിക്കൽ ദുർഗാക്ഷേത്രം ( മനയ്ക്കലെ വളപ്പിൽ തന്നെയാണു ) ചെറിയപറപ്പൂർ വൈശ്രവണ ക്ഷേത്രം , മല്ലൂർ ശിവപാർവ്വതി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളുടെ ഊരാളന്മാരാണു തവനൂർ മനക്കാർ. അതിൽ ചെറിയ തിരുനാവായ ശിവക്ഷേത്രത്തിലെ തേവരുടെ മാഹാത്മ്യത്തെ കുറിക്കുന്ന ഒരു കഥയുണ്ട്‌. പണ്ട്‌ തവനൂർ മനയ്ക്കൽ സന്താനഭാഗ്യം ഇല്ലാതെ ഒരവസ്ഥ വന്നു . തറവാട്‌ അങ്ങനെ പോയാൽ അന്യം നിന്നു മനസിലായാ തറവാട്ടിലെ യോഗിയായ ഒരു കാരണവർ ചെറിയ തിരുനാവായ ശിവഭഗവാനെ ജപിക്കാൻ തുടിക്കാൻ സന്താന സൗഖ്യത്തിനായി. കാരണവർ ഇതും കൂടി പ്രാർത്ഥിച്ചു , തവനൂർ മനക്കലുള്ളവരുടെ ആദ്യത്തെ കുട്ടികൾക്ക്‌ ഭഗവാന്റെ നാമം ആയ പരമേശ്വരൻ എന്നിട്ടോളാം എന്നു . എന്തായാലും ഭഗവാൻ പ്രാർത്ഥന കേട്ടു. തറവാട്ടിൽ സന്താനങ്ങൾ ഓടിക്കളിച്ചു തുടങ്ങി. പരമേശ്വരൻ എന്ന പേർ ആൺകുട്ടികൾക്ക്‌ വന്നു തുടങ്ങി . പരമേശ്വരൻ എന്ന നാമം തറവാട്ടിലെ പ്രധാന നാമമായി മാറി. ഈ പത്തു ക്ഷേത്രങ്ങളും ശക്തിയേറിയതും, ദിവ്യത്വമുള്ളതുമാണു . 4 ക്ഷേത്രങ്ങൾ ഞാൻ അവിടെ പോയപ്പോൾ കണ്ടിരുന്നു . നിളാതീരത്ത്‌ പ്രകൃതി ഭംഗിയാലും , വാസ്തുവിദ്യയാലും അനുഗ്രഹീതമായ ക്ഷേത്രങ്ങൾ .

തവനൂരിന്റെ സാമൂഹിക സാംസ്കാരികമായ മാറ്റങ്ങളിൽ തവനൂർ മനയ്ക്ക്‌ വല്ലിയ പങ്കുണ്ട്‌. കേരള ഗാന്ധി എന്നറിയപ്പെടുന്ന ശ്രീ കെ കേളപ്പൻ അദ്ദേഹവുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു മനയ്ക്കലുള്ളവർക്ക്‌. മലബാർ ഡിസ്റ്റ്രിക്ട്‌ ബോർഡ്‌ അംഗമായിരുന്ന , തവനൂർ മനയിലെ ശ്രീ വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും , ശ്രീ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെയും കാലത്താണു കേളപ്പജിയുമായി സംസാരിച്ച്‌, തവനൂർ കാർഷിക കോളേജിനായി 108 ഏക്കർ തവനൂർ മനക്കാർ വിട്ടുകൊടുത്തത്‌. ( കേളപ്പജി കോളേജ്‌ ഓഫ്‌ അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗ്‌ ആന്റ്‌ ടെക്നോളജി തവനൂർ). അങ്ങനെ തവനൂരിന്റെ സാമൂഹിക വികസനത്തിനു നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്‌ തവനൂർ മനക്കാർ.കഥകളിയെ പ്രോൽസാഹിപ്പിച്ചിരുന്നിരുന്നു. സംസ്കൃത പണ്ഡിതനായ ശ്രീ തവനൂർ പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാലത്താണു മനയ്ക്ക്‌ അറ്റകുറ്റപ്പണികൾ നടത്തിയത്‌.തവനൂർ മന കാണുക എന്നത്‌ എന്റെ മനസ്സിൽ പണ്ട്‌ മുതലെ ഉള്ള ആഗ്രഹമായിരുന്നു . അതിനു ഒരു കാരണം പൈതൃകം എന്ന സിനിമയായിരുന്നു. പൈതൃകം ഷൂട്ട്‌ ചെയ്തത്‌ ഈ മനയിലാണു . ആ സിനിമ എന്റെ മനസ്സിൽ കുടിയേറിയ സിനിമയാണു . പ്രത്യേകിച്ച്‌ ആ സബ്ജെക്റ്റ്‌. വിപ്ലവം തലയ്ക്ക്‌ കയറിയ മകന്റെ സമരം സ്വന്തം പിതാവിന്റെ അതിരാത്രത്തിനെതിരെ. ഭാരതപ്പുഴയുടെ തീരവും യാഗശാലയുടെ കാഴ്ചയും പല സീനുകളും തവനൂർ മനയ്ക്കൽ ചെന്നപ്പോൾ ന്റെ മനസ്സിലേക്ക്‌ ഓടി വന്നു .

പ്രത്യേകിച്ചു ശിവക്ഷേത്രത്തിൽ നിന്നു മനയ്ക്കലിലേക്ക്‌ വരുന്ന ഇടവഴി . ആ ഭാഗത്താണു സുരേഷ്ഗോപിയും നരേന്ദ്രപ്രസാദുമായി ചേർന്നുള്ള ഏറ്റവും മികച്ച സീൻ ഷൂട്ട്‌ ചെയ്തത്‌. എന്റെ ഉണ്ണിയെ എന്ത്‌ പഠിപ്പിക്കണം എന്നത്‌ എന്റെ ഇഷ്ടമാണു എന്ന് പറയുന്ന ഭാഗം . ആ സീൻ ഒരു നീറുന്ന വേദനയോടെ ഓർക്കാൻ പറ്റൂ. അത്‌ പോലെ ദേശാടനം , ഉമ്മാച്ചു, നീലത്താമര,കനലാട്ടം എന്നീ സിനിമകളുടെ ഷൂട്ടിംഗും തവനൂർ മനയിൽ നടന്നിട്ടുണ്ട്‌ .മൂന്ന് താവഴികളിലായി എഴുപതോളം അംഗങ്ങൾ ഉണ്ട്‌ തവനൂർ മനയിൽ . 75 വയസ്സ്‌ പ്രായമുള്ള , മനയ്ക്കലെ കാരണവരായ ശ്രീ പരമേശ്വരൻ സോമയാജിപ്പാട്‌ അദ്ദേഹവും , അദ്ദേഹത്തിന്റെ സഹോദരങ്ങളുമാണു തവനൂർ മനയിലും പത്തായപ്പുരകളിലുമായി താമസിക്കുന്നത്‌. ആചാരനുഷ്ഠാങ്ങൾ പാലിച്ചു, സോമയാഗത്തിന്റെ പാരമ്പര്യത്തിനു ഒരു കോട്ടവും തട്ടാതെ തവനൂർ മന നന്നായി പരിപാലിച്ചു പോരുന്നുണ്ട്‌ കുടുംബാംഗങ്ങൾ . കാലാകാലങ്ങളോളം തവനൂർ മന കാത്തുസൂക്ഷിക്കാൻ അവിടുത്തെ തലമുറകൾക്കാവട്ടെ എന്നു ജഗദീശ്വരനോട്‌ പ്രാർത്ഥിക്കുണു.