തലസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലിസ് ഉന്നതതല യോഗം ചേരുന്നു

തിരുവനന്തപുരം: തലസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പോലിസ് ഉന്നതതല യോഗം ചേരുന്നു. ഡിജിപിയുടെ നേതൃത്വത്തില്‍ പോലിസ് ട്രെയിനിങ് കോളജില്‍ യോഗം ആരംഭിച്ചു. പോലിസ് സേനക്കെതിരെ വ്യാപക അക്ഷേപം ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി യോഗം വിളിച്ചതെങ്കിലും യൂനിവേഴ്സിറ്റി കോളജിലെ എസ്‌എഫ്‌ഐ അക്രമമാവും യോഗത്തിലെ പ്രധാന ചര്‍ച്ചാാ വിഷയം.

പോലിസിനെതിരേ ഉയരുന്ന പേരുദോഷം ഇല്ലായ്മ ചെയ്യാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. കാംപസുകളിലെ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാനുള്ള നടപടികളും ഉയര്‍ന്നു വന്നേക്കും. ഡിജിപി മുതല്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുമായി ഡിജിപി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തും.

അതിനിടെ, യൂണിവേഴ്സിറ്റി കോളജ് അക്രമത്തില്‍ പ്രതിയായ എസ്‌എഫ്‌ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും ഉത്തര പേപ്പറും വ്യാജസീലും കണ്ടെത്തിയ സംഭവത്തില്‍ പോലിസ് നിയമോപദേശം തേടും. നിയമോപദേശം ലഭിച്ച ശേഷമായിരിക്കും കേസെടുക്കുന്നതില്‍ തീരുമാനം എടുക്കുക. സംഭവത്തില്‍ ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. വൈസ് ചാന്‍സലറോടാണ് ഗവര്‍ണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടിയത്. പരാതിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഗവര്‍ണറെ കാണും.

യൂനിവേഴ്സിറ്റി കോളജിലെ എസ്‌എഫ്‌ഐ ഗുണ്ടായിസത്തിനെതിരേ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു വിന്റെ അനിശ്ചിതകാല സമരവും സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുകയാണ്. അതിനിടെ, അറസ്റ്റിലായ പ്രതികള്‍ക്കായി പോലിസ് കസ്റ്റഡി അപേക്ഷയും നല്‍കും.