തരൂരിന്റെ പ്രചാരണത്തില്‍ വീഴ്‌ച വരുത്തിയാല്‍ കര്‍ശന നടപടി, മൂന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഹൈക്കമാന്‍ഡിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ പ്രചാരണത്തില്‍ വീഴ്‌ചയുണ്ടായാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജില്ലയിലെ മൂന്ന് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്ക് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ട്. തരൂരിന്റെ പ്രചാരണ സമിതി അദ്ധ്യക്ഷന്‍ വി.എസ്.ശിവകുമാര്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്ബാനൂര്‍ രവി, ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിന്‍കര സനല്‍ എന്നിവരെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് നേരിട്ട് കണ്ടാണ് മുന്നറിയിപ്പ് നല്‍കിയത്. പ്രചാരണത്തില്‍ വിട്ടുവീഴ്‌ചയുണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. തരൂരിന് വേണ്ട പിന്തുണ നല്‍കാമെന്നും പ്രചാരണത്തില്‍ വീഴ്‌ചയുണ്ടാകില്ലെന്നും ഇവര്‍ ഹൈക്കമാന്‍ഡിന് ഉറപ്പ് നല്‍കിയതായും ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം,​ മണ്ഡലത്തില്‍ എ.ഐ.സി.സി പ്രത്യേക നിരീക്ഷകനെ നിയമിച്ചത് പരാതിയുടെ അടിസ്ഥാനത്തിലല്ലെന്ന് മുകുള്‍ വാസ്‌നിക്ക് വ്യക്തമാക്കി. ശശി തരൂരിന് പൂര്‍ണ തൃപ്തിയുണ്ട്. നിരീക്ഷകരെ നിയമിച്ചത് പരാതിയുടെ അടിസ്ഥാനത്തിലല്ല. ഏകോപനത്തിന് വേണ്ടിയാണെന്നും മുകുള്‍ വാസ്നിക് പറഞ്ഞു. തരൂരിന്റെ പ്രചാരണം വിലയിരുത്താന്‍ ഇന്ന് പാര്‍ട്ടി ആസ്ഥാനത്ത് അവലോകന യോഗം ചേര്‍ന്നിരുന്നു. കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍,​ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍,​ മുകുള്‍ വാസ്‌നിക് എന്നിവര്‍ മണ്ഡലത്തിലെ പ്രചാരണങ്ങളുടെ ചുമതല വഹിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള പ്രമുഖ നേതാക്കളും വരും ദിവസങ്ങളില്‍ പ്രചാരണങ്ങളുടെ ഭാഗമാകും.

തിരുവനന്തപുരത്തെ പ്രചാരണത്തിന് മുതിര്‍ന്ന നേതാക്കള്‍ എത്തുന്നില്ലെന്നും ഒരു വിഭാഗം പ്രവര്‍ത്തകര്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങുന്നില്ലെന്നും ശശി തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയെന്ന വാര്‍ത്തയാണ് വിവാദങ്ങളുണ്ടാക്കിയത്. മുതിര്‍ന്ന നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന് കാട്ടി ഡി.സി.സി സെക്രട്ടറി ഫേസ്ബുക്കിലൂടെ ആരോപണം ഉന്നയിച്ചതോടെ വിവാദം കൊഴുത്തു. തരൂരിനെ പരാജയപ്പെടുത്താന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്ന് തരൂരുമായി ബന്ധപ്പെട്ട വൃത്തങ്ങളും ആരോപിച്ചു. ഇതിന് പിന്നാലെ തന്റെ പേരില്‍ വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നതായി ആരോപിച്ച്‌ തരൂരിന്റെ പ്രചാരണ സമിതി അദ്ധ്യക്ഷന്‍ വി.എസ്.ശിവകുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഇതോടെ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതലക്കാരനായി മുതിര്‍ന്ന നേതാവ് നാനാ പട്ടോളെയെ കോണ്‍ഗ്രസ് നിയമിക്കുകയും ചെയ്‌തു.