തമിഴ് റോക്കേഴ്‌സിന്റെ പിടിയില്‍ പെട്ട് അവഞ്ചേഴ്‌സും; റിലീസിന് മുന്‍പേ ചിത്രം ഇന്റര്‍നെറ്റില്‍

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം. ഇപ്പോഴിതാ ചിത്രം തീയ്യേറ്ററില്‍ എത്തുന്നതിന് മുന്‍പ് ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുകയാണ്. പതിവുപോലെ ഇത്തവണയും അതിന് പിന്നില്‍ തമിഴ് റോക്കേഴ്‌സ് തന്നെയാണ്. ചിത്രം നാളെയാണ് ഇന്ത്യയില്‍ റിലീസ് ചെയ്യുന്നത്. അതിന് മുന്‍പാണ് തമിഴ് റോക്കേഴ്‌സ് ചിത്രം ഇന്റര്‍നെറ്റില്‍ എത്തിച്ചിരിക്കുന്നത്.

2009 ല്‍ തുടങ്ങിയ സീരിസിലെ അവസാന ചിത്രമാണ് എന്‍ഡ് ഗെയിം. ഇന്നലെയാണ് സിനിമ ലോകമെമ്ബാടുമായി റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് എല്ലായിടത്തു നിന്നും ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ നേരത്തെ തന്നെ ടിക്കറ്റുകള്‍ ഓണ്‍ലൈനായി വിറ്റു തീര്‍ന്നിരുന്നു.

അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന് രണ്ട് മൂന്ന് ദിവസത്തേക്ക് ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്. ഈ സാഹചര്യത്തിലാണ് ചിത്രം ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുന്നത്. തമിഴ് റോക്കേഴ്‌സ് ചിത്രം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന രീതിയിലാണ് വ്യാജപ്രിന്റ് പുറത്തിറക്കിയിരിക്കുന്നത്. ഇത് ഇന്ത്യയില്‍ ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്ന സംശയത്തിലാണ് അണിയറപ്രവര്‍ത്തകര്‍.