തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കടുത്ത വരള്‍ച്ച; പച്ചക്കറി വില കുതിക്കുന്നു

തമിഴ്‌നാട്ടിലടക്കമുള്ള സംസ്ഥാനങ്ങളില്‍ വരള്‍ച്ച കടുത്തതോടെ പച്ചക്കറി വില ഉയരുകയാണ്. കേരളത്തില്‍ ഒരാഴ്ച്ചയ്ക്കിടെ പച്ചക്കറി വില ഇരട്ടിയായി. മണ്‍സൂണ്‍ ഇനിയും കനിഞ്ഞില്ലെങ്കില്‍ വരും ദിവസങ്ങളിലും വില കുതിച്ച് ഉയരുമെന്ന് വ്യാപാരികള്‍ പറയുന്നു.

ഇരുപത് രൂപയുണ്ടായിരുന്ന സാധനങ്ങള്‍ക്ക് വരെ മൂന്നിരട്ടി വിലയായി. മുപ്പത് രൂപയുണ്ടായിരുന്ന ബീന്‍സിന് 150 രൂപയായെന്ന് കച്ചവടക്കാര്‍ പറയുന്നു.കേരളത്തിലേക്ക് കൂടുതലായി പച്ചക്കറി കയറ്റുമതി ചെയ്യുന്ന സേലം, മധുര ഉള്‍പ്പടെയുള്ള വിപണികളിലെയും സ്ഥിതി സമാനമാണ്. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് ഉത്പാദനം കുറഞ്ഞതാണ് വില ഉയരാന്‍ കാരണം.

പച്ചക്കറിക്ക് പുറമേ നെല്ല്, കരിമ്പ്, പൂവ് കൃഷികളെയും ജലക്ഷാമം ബാധിച്ച് തുടങ്ങി. ആന്ധ്ര, കര്‍ണാടക എന്നിവിടങ്ങളിലെ പച്ചക്കറി വരവ് കുറഞ്ഞതും വില ഉയരുന്നതിന് കാരണമായിരിക്കുകയാണ്. പലയിടത്തും മഴ തുടങ്ങിയെങ്കിലും കൃഷിക്ക് സഹായകമായിട്ടില്ല അതുകൊണ്ടു തന്നെ കര്‍ഷകര്‍ക്ക് ഒപ്പം വിപണിയും ആശങ്കയിലാണ്.