തമിഴ്നാട്ടിലെ റാലിയില്‍ ശബരിമല പരാമര്‍ശിച്ച്‌ പ്രധാനമന്ത്രി

ചെന്നൈ: തമിഴ്നാട്ടില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയില്‍ ശബരിമലയുടെ പേര് പരാമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. ശബരിമല വിഷയം പരാമര്‍ശിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ലംഘിച്ചാണ് പ്രധാനമന്ത്രിയുടെ പ്രസംഗം. കേരളത്തിലെ കോണ്‍ഗ്രസും മുസ്ലീം ലീഗും ഇടതുപക്ഷ പാര്‍ട്ടികളും ശബരിമല വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പി എന്നും വിശ്വാസികള്‍ക്കൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയില്‍ മോദി ശബരിമല വിഷയം പരാമര്‍ശിച്ചിരുന്നില്ല.

നേരത്തെ സംസ്ഥാന തലത്തില്‍ ശബരിമല പ്രചാരണ വിഷയമാക്കി മുന്നോട്ട് വയ്ക്കുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയ തലത്തില്‍ പ്രധാനമന്ത്രിയും ശബരിമല വിഷയം ഉന്നയിച്ചിരിക്കുന്നത്. അതേസമയം,​ ശബരിമല വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണം നിലനില്‍ക്കെ പ്രധാനമന്ത്രി തന്നെ ഇത് ലംഘിച്ചത് ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പ് കമ്മിഷനെ നേരിട്ട് വെല്ലുവിളിച്ചാണ് ശബരിമല വിഷയം ദേശീയ തലത്തില്‍ ബി.ജെ.പി പ്രചാരണ വിഷയമാക്കുന്നത്.