തന്ത്രി ശബരിമലയിൽ ചെയ്ത ശുദ്ധികർമ്മങ്ങൾ വേണ്ട വിധം തന്നെയായിരുന്നുവോ..?

പുടയൂർ ജയനാരായണൻ

ശബരിമല വിഷയത്തിൽ ഏറ്റവും ദൗർഭാഗ്യകരമായ വിഷയങ്ങളാണ് ഇന്നലെ പുലർച്ചെ മുതൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ശബരിമലയിൽ കീഴ്ക്കട ആചാരങ്ങൾ ലംഘിക്കപ്പെട്ടു. അത് ബോധ്യപ്പെട്ടപ്പോൾ തന്ത്രശാസ്ത്രാനുസാരം ഉചിതമായ പരിഹാരങ്ങൾ തന്ത്രി അവിടെ നടത്തുകയും ചെയ്തു. പക്ഷേ തന്ത്രി നടത്തിയ കർമ്മങ്ങൾ ശാസ്ത്രാനുസാരം ശരിയല്ല എന്ന പ്രചാരണങ്ങൾ നടത്തി വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കുവാനുള്ള നീക്കങ്ങളാണ് പിന്നെ നടന്ന് കൊണ്ടിരിക്കുന്നത്.

എന്തായാലും കൗടില്യം നിറഞ്ഞ ആ നീക്കത്തിന്റെ ഫലം തന്നെയാകാം, ഞാൻ ഉൾപ്പടെ കേരളത്തിലെ താന്ത്രിക മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകളും ഇന്നലെ ഉച്ചമുതൽ അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ചില ചോദ്യങ്ങൾ ഉണ്ട്. അവ ഇവയാണ്.

തന്ത്രി ശബരിമലയിൽ ചെയ്ത ശുദ്ധികർമ്മങ്ങൾ വേണ്ട വിധം തന്നെയായിരുന്നുവോ..?അര മണിക്കൂർ കൊണ്ട് തീരുന്നതാണോ ശുദ്ധി ക്രിയകൾ..? ചുരുങ്ങിയത് 1 ദിവസമെങ്കിലും പൂർണ്ണമായും നടയടച്ച് / ദർശനം പൂർണ്ണമായും തsസപ്പെടുത്തിയായിന്നില്ലേ തന്ത്രി ശുദ്ധി കഴിക്കേണ്ടിയിരുന്നത്..?

എന്റെ പരിമിതമായ അറിവിൽ ഇവയ്ക്കുള്ള മറുപടി പറയാനാണ് ശ്രമിക്കുന്നത്. ഒന്ന് മനസ്സിലാക്കുക ദുഷ്ടലാക്കോടെ ആശയ പ്രചരണം നടത്തുന്നവർക്കുള്ള മറുപടിയല്ല പകരം അവരുടെ ദുഷ്പ്രചാരണങ്ങളിൽ ആശയക്കുഴപ്പത്തിലായ യഥാർത്ഥ വിശ്വാസികളുടെ സംശയമകറ്റൽ മാത്രമാണ് ഇവിടെ ലക്ഷ്യം. കുബുദ്ധികൾക്ക് ഇവിടെ മറുപടി ഇല്ല.

ഒരു ക്ഷേത്രത്തിൽ അശുദ്ധി ഉണ്ടായി എന്ന് ബോധ്യപ്പെടുന്ന പക്ഷം ആദ്യം ചെയ്യേണ്ടുന്ന നടപടി ക്ഷേത്ര ദർശനമുൾപ്പടെ അതുവരെ നടന്ന് വരുന്ന മുഴുവൻ നടപടി ക്രമങ്ങളും അടിയന്തിര പ്രാധാന്യത്തോടെ നിർത്തി വച്ച്, ദേവന്റെ പൂവും മാലയും വാരിക്കളഞ്ഞ് ക്ഷേത്രവും, പരിസരവും വൃത്തിയാക്കി, തിടപ്പള്ളിയിലെ നിവേദ്യങ്ങൾ മുഴുവനും മാറ്റി, തളിച്ച് വൃത്തിയാക്കി, പശുദാന സഹിതം പഞ്ച പുണ്യാഹം (ഇവിടെ പശുദാനം എന്നത്, ക്രിയാംഗം മാത്രമാണ്, വെറ്റില,അടയ്ക്ക ദാനപ്പണം ഇവ പശുവിന് പകരമായി ആ സങ്കൽപ്പത്തിൽ ദാനം ചെയ്യുന്നു. ) എന്ന ക്രിയയാണ്. പുണ്യാഹം പൂർത്തിയാക്കിയാൽ പിന്നെ നേരത്തെ നിർത്തി വച്ച നടപടി ക്രമങ്ങൾ മുഴുവൻ പുനരാരംഭിക്കാവുന്നതാണ്. ബാക്കി ക്രിയകൾക്ക് അശുദ്ധിയുടെ ഗുരു ലഘുത്വമനുസരിച്ച് തന്ത്രിക്ക് നിശ്ചയിക്കാവുന്നതാണ്.

എന്നാൽ ദേവങ്കൽ ബാധിച്ചിട്ടുള്ള അശുദ്ധി കൂടുതൽ ഗൗരവമുള്ളതാണ് എങ്കിൽ പ്രാസാദ ശുദ്ധി ക്രിയകൾ, അസ്ത്ര കലശപൂജ, രാക്ഷോഘ്ന ഹോമം, വാസ്തു ഹോമം, വാസ്തുകലശം, വാസ്തുബലി, വാസ്തുകലശാഭിഷേകം, വാസ്തു പുണ്യാഹം എന്നീ ക്രിയകളും, പിറ്റേന്നാൾ ബിംബ ശുദ്ധി ക്രിയകൾ ആയ ചതുശുദ്ധി, ധാര, പഞ്ചഗവ്യ, പഞ്ചക അഭിഷേകങ്ങളും, 25 കലശാഭിഷേകവും നടത്തുകയാണ് സാധാരണ നടപടി ക്രമങ്ങൾ. എന്നാൽ അശുദ്ധിയുടെ ഗൗരവമനുസരിച്ച് ഇത് ദ്രവ്യ കലശമായോ അതീവ ഗുരുതരമെങ്കിൽ നവീകരണ കലശമായാ വരെ വിസ്തരിച്ച് നടത്താം. ഇങ്ങനെ അശുദ്ധി ആവർത്തിച്ചു വരികയാണ് എങ്കിൽ പ്രായശ്ചിത്തങ്ങളോടെ ദ്രവ്യ കലശമെങ്കിലും വേണം എന്നാണ് ശാസ്ത്ര വിധി. (ചില പ്രത്യേക സാഹചര്യത്തിൽ വിശദമായ ബിംബ ശുദ്ധി കലശങ്ങൾ പൂജിച്ച് ആടാൻ സാധിക്കാത്ത അവസരങ്ങളിൽ ആണെങ്കിൽ പഞ്ചകം വരെയുള്ള ക്രിയകൾ ശംഖിൽ പൂജിച്ച് അപ്പോൾ തന്നെ അഭിഷേകം ചെയ്യാനും വിധിയുണ്ട്.)

പക്ഷേ അശുദ്ധി ബാധിച്ചു എന്ന് ബോധ്യപ്പെടുന്ന നിമിഷം ഏറ്റവും ആദ്യം നിർവ്വഹിക്കേണ്ട ക്രിയയായ പശുദാന സഹിതമുള്ള പുണ്യാഹം ഒഴിച്ച് മറ്റ് ക്രിയകൾ ഒന്നും അടിയന്തിരമായി അപ്പോൾ മുതൽ തന്നെ ചെയ്യണം എന്നില്ല. പുണ്യാഹ ശേഷം നടയടച്ചിടേണ്ട കാര്യവും ഇല്ല. ആദ്യ നടപടിക്രമങ്ങൾ പൂർത്തീകരിച്ചാൽ പൂജകളും മറ്റ് ചടങ്ങുകളും പുനരാരംഭിച്ച്, ഉചിതമായ തരത്തിൽ അധികം കാലവിളംബമില്ലാതെ ബാക്കിയുള്ള ശുദ്ധി ക്രിയകൾ കൂടി പൂർത്തിയാക്കുകയാണ് വേണ്ടത്.

എന്നാൽ ഈ ക്രിയകൾ പൂർത്തികരിക്കുവാൻ ഉള്ള സാഹചര്യം ഒരുക്കേണ്ടത് ക്ഷേത്ര ഉടമസ്ഥർ / ഊരാളർ/ ദേവസ്വം ആണ്. അതായത് അശുദ്ധിയുടെ ഗൗരവ സ്വഭാവത്തിനനുസരിച്ച് തന്ത്രി ക്ഷേത്ര ഉടമസ്ഥനുമായി ആലോചിച്ച്, വൈകാതെ തന്നെയുള്ള ഒരു കാലയളവിൽ ഇന്ന പ്രകാരമുള്ള പരിഹാരങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കണം എന്ന് നിർദ്ദേശിക്കുകയും, ക്ഷേത്ര ഉടമസ്ഥൻ അക്കാര്യത്തിന് വേണ്ട സാഹചര്യങ്ങൾ ഒരുക്കി അവ തന്ത്രി മുഖാന്തിരം നടത്തിച്ച് ക്ഷേത്ര ചൈതന്യ ലോപം പരിഹരിക്കുകയുമാണ് വേണ്ടത്.

അതായത് ശബരിമലയിൽ ആചാര ലംഘനമുണ്ടായപ്പോൾ അവയെ അശുദ്ധിയായി പരിഗണിച്ച് അതിനു ചെയ്യാനുള്ള ഉള്ള പ്രാഥമിക പരിഹാര ക്രിയകൾ തന്ത്ര ശാസ്ത്രാനുസരം തന്ത്രി പൂർത്തീകരിച്ച് കഴിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിലെ അടുത്ത വിശേഷത്തിനു മുമ്പ് ബാക്കി ശുദ്ധികളെല്ലാം വേണം എന്നതാണ് ശാസ്ത്രം. ഇനി ബാക്കിയുള്ള ശുദ്ധി ക്രിയകൾ എത്രയും പെട്ടെന്ന് പൂർത്തീകരിച്ച് ചൈതന്യ ലോപ പരിഹാരത്തിന് അവസരമൊരുക്കേണ്ടത് ദേവസ്വം ബോർഡ് ആണ്.