‘ തനിക്ക് അഭിനയം മാത്രമേ അറിയൂ രാഷ്ട്രീയത്തിലേക്കില്ല ‘; മുഖ്യമന്ത്രിയെ വേദിയിലിരുത്തി മോഹന്‍ലാലിന്‍റെ പ്രസംഗം

ബിജെപി സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കിടെ ഒരേ വേദിയിലെത്തി നടന്‍ മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയനും. കോട്ടയത്ത് ദേശാഭിമാനിയുടെ അക്ഷരമുറ്റം പരിപാടിയിലാണ് പിണറായി വിജയനും മോഹന്‍ലാലും വേദി പങ്കിട്ടത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചര്‍ച്ചകള്‍ക്കിടെ ആദ്യമായാണ് മോഹന്‍ലാല്‍ ഒരു പൊതുവേദിയിലെത്തുന്നത്. അതും സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ പരിപാടിയില്‍. മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു ചടങ്ങിന്‍റെ ഉദ്ഘാടകന്‍. ചടങ്ങില്‍ കേന്ദ്രസര്‍ക്കാരിന്‍റെ നയങ്ങളെ നിശിതമായി വിമര്‍ശിച്ച്‌ രാഷ്ട്രീയപ്രസംഗം നടത്തിയ മുഖ്യമന്ത്രി ആര്‍എസ്‌എസിനെയും ബിജെപിയും കടന്നാക്രമിച്ചു.

തുടര്‍ന്ന് സംസാരിച്ച മോഹന്‍ലാല്‍ പക്ഷെ രാഷ്ട്രീയ വിഷയങ്ങളൊന്നും പരാമ‌ര്‍ശിച്ചില്ല. തനിക്ക് അഭിനയം മാത്രമേ അറിയൂ എന്ന് പറഞ്ഞ് രാഷ്ട്രീയത്തിലേക്കില്ലെന്ന ചെറിയ സൂചന നല്‍കാനും മലയാളത്തിന്‍റെ മഹാ നടന്‍ മറന്നില്ല. കഴിഞ്ഞ 40 വര്‍ഷമായി അഭിനയരംഗത്തുണ്ട്. ഇക്കാലമത്രയും അഭിനയ കലയെ മാത്രമേ താന്‍ ഉപാസിച്ചിട്ടുള്ളുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഒന്നര മണിക്കൂറോളം ചടങ്ങില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രിക്കൊപ്പമാണ് മോഹന്‍ലാലും മടങ്ങിയത്.