തദ്ദേശ ഉപതിരഞ്ഞെടുപ്പ്‌: യുഡിഎഫിന് നേട്ടം; എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ മുപ്പത് വാര്‍ഡുകളിലേക്ക് നടന്ന തദ്ദേശ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നേട്ടം. എല്‍ഡിഎഫിന്റെ അഞ്ച് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്തത് കൂടാതെ വയനാട് നെന്മേനി പഞ്ചായത്തിലെ ഭരണവും സ്വന്തമാക്കാനായി.

അതേസമയം, കൊച്ചി കോര്‍പറേഷന്‍ വൈറ്റില ജനത ഡിവിഷന്‍ ഉള്‍പ്പെടെ യുഡിഎഫിന്റെ രണ്ടു സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. മലപ്പുറം കാവനൂരിലെ ജയത്തോടെ പഞ്ചായത്ത് ഭരണം എല്‍ഡിഎഫിനായി. ആലപ്പുഴ ജില്ലാ കോടതി വാര്‍ഡിലെ ഫലവും യുഡിഎഫിന് തിരിച്ചടിയായി. കോണ്‍ഗ്രസ് വിമതന്‍ ബി.മെഹബൂബ് ആണ് ഇവിടെ ജയിച്ചത്.

പാലക്കാട് നഗരസഭ 2ാം വാർഡ് കൽപാത്തിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി പി.എസ്. വിബിൻ 421 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. വിബിന് 885 വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർഥികളായ ബിജെപിയുടെ എൻ. ശാന്തകുമാരന് 464 വോട്ടും സിപിഎമ്മിന്റെ പി. സത്യഭാമ 309 വോട്ടും നേടി. നിലവിൽ കോൺഗ്രസിന്റെ കൗൺസിലറായ വി. ശരവണൻ നാടകീയമായി രാജിവച്ചതോടെയാണു ഉപതിരഞ്ഞെടുപ്പു വേണ്ടിവന്നത്.

നെല്ലിയാമ്പതി പഞ്ചായത്തിൽ 166 വേ‍ാട്ടിന് എൽഡിഎഫ് സ്ഥാനാർഥിയും തിരുമിറ്റക്കേ‍ാട് പഞ്ചായത്ത് 16- ാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥി ടി.പി.സലാം 248 വേ‍ാട്ടിന്റെ ഭൂരിപക്ഷത്തിലും, അഗളി പഞ്ചായത്ത് മൂന്നാം വാർഡിൽ കേ‍ാൺഗ്രസിലെ ജയറാം 13 വേ‍ാട്ടിനും വിജയിച്ചു.