തടവുകാർക്ക് ജയിലിൽ അമിത സ്വാതന്ത്ര്യം നൽകി, ഉത്തരവാദികള്‍ ഉദ്യോഗസ്ഥർ:മുഖ്യമന്ത്രി

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിൽ തടവുകാരികൾ ജയിൽ ചാടിയ സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് നൽകാൻ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. വനിതാ തടവുകാർ ജയിൽ ചാടുന്നത് ആദ്യ സംഭവമാണ്. തടവുകാർക്ക് ജയിലിൽ അമിത സ്വാതന്ത്ര്യം നൽകിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

“ജയിൽ ചാടിയ തടവുകാരികൾക്കായുള്ള പരിശോധന ശക്തമാക്കിയിരിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് തുടരന്വേഷണം നടത്തും. ജയിൽ ചാടുന്നതിന് ആരെങ്കിലും സഹായിച്ചോ എന്നതും അന്വേഷിക്കും” മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 

ചൊവ്വാഴ്ചയാണ് അട്ടക്കുളങ്ങര ജയിലിൽ നിന്ന് തടവുകാരികളായ ശിൽപ മോൾ, സന്ധ്യ എന്നിവർ ജയിൽ ചാടിയത്. അടുക്കളത്തോട്ടത്തിലെ മുരിങ്ങ മരത്തിൽ കയറിയാണ് ഇരുവരും മതിൽ ചാടി രക്ഷപ്പെട്ടത്. ജയിൽ ചാടുന്നതിന് മുമ്പായി ശിൽപ തന്‍റെ സഹായിയെ ജയിലിൽ നിന്ന് ഫോൺ ചെയ്യുകയും ചെയ്തിരുന്നു. റിമാൻഡ് പ്രതികളാണ് രണ്ട് പേരും.