ഡൽഹി പോളിംഗ് ബൂത്തിലേക്ക്.

സുജിത് കുമാർ

ഡൽഹിയുടെ ഇതുവരെയുള്ള ചരിത്രത്തിൽ യഥാർത്ഥത്തിൽ വോട്ട് ചെയ്യുന്നവരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുള്ളത് അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാർട്ടി തന്നെ ആണ്‌. കാറിൽ നിന്നും കാർപെറ്റിലേക്ക് സഞ്ചരിക്കുന്നവരുടെ അഭിപ്രായം വ്യത്യസ്തമായിരിക്കാം. കാരണം അവർക്ക് ആശങ്ക കാറിന്റെ ബമ്പറിൽ വരവീഴുന്നതിനെക്കുറിച്ചും പാർക്കിംഗിനായി പൊതു സ്ഥലം ലഭിക്കാത്തതിനെക്കുറിച്ചും എല്ലാം ആയിരിക്കും.

ഡൽഹിയിൽ പോളിംഗ് ബൂത്തുകളിൽ പോയി രാവിലെ മുതൽ വരി നിന്ന് വൊട്ട് ചെയ്യുന്ന സാധാരണക്കാരന്റെ പ്രശ്നങ്ങളായ താമസസ്ഥലം, വെള്ളം, വൈദ്യുതി, ആശുപത്രി, സ്കൂളുകൾ എന്നിവയുടെ കാര്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ ആണ്‌ ഈ ചുരുങ്ങിയ കാലം കൊണ്ട് ഡൽഹി സാക്ഷ്യം വഹിച്ചത്. അതിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഡൽഹിയിലെ ഒരു സാധാരണക്കാരനും അഭിപ്രായ വ്യത്യാസം ഉണ്ടാകില്ല. ഡൽഹിയിലെ വൊട്ട് ബാങ്കിൽ നല്ലൊരു ശതമാനവും താമസിച്ചിരുന്നത് നിയമത്തിന്റെ ആനുകൂല്യം ഇല്ലാത്ത “അൺ ഓതറൈസ്ഡ് കോളനികളിൽ’ ആയിരുന്നു. ദശാബ്ദങ്ങളായി ഈ കോളനികളിൽ താമസിച്ചു വരുന്ന ആളുകളെ കുടിയൊഴിപ്പിക്കുക എന്നത് തികച്ചും അസാദ്ധ്യമായ സാഹചര്യമായിരുന്നു. നിയമത്തിന്റെ പിൻബലം ഇല്ലാത്തതിനാൽ ഈ കോളനികളിൽ വെള്ളം, വെളിച്ചം, ഓടകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താൽ ലക്ഷക്കണക്കിനാളുകൾ വീർപ്പ് മുട്ടി വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആയിരുന്നു ജീവിച്ചിരുന്നത്.

Image result for delhi polling booth

ഇവിടെ ആണ്‌ കേജരിവാളിന്റെ സർക്കാർ അപ്രായോഗികമായ നിയമങ്ങളുടെ പിറകേ പോകാതെ ഈ പറഞ്ഞ കോളനികളെ അംഗീകരിക്കുകയും ഇവിടങ്ങളിൽ റോഡുകളും അണ്ടർഗ്രൗണ്ട് ഡ്രൈനേജ് സംവിധാനങ്ങളും ജല വിതരണ സംവിധാനങ്ങളും യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ കാര്യക്ഷമമായി ഏർപ്പെടുത്തുകയുണ്ടായി. അതുപോലെത്തന്നെ ചെറുകിട ഉപഭോക്താക്കൾക്ക് വെള്ളവും വൈദ്യുതിയും വളരെ തുച്ഛമായ നിരക്കിൽ നൽകുവാനുള്ല നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഒരു മഴ പെയ്താൽ വലിയ ചെളിക്കുളങ്ങൾ ആയി മാറിയിരുന്ന പല കോളനികളുടെയും മുഖച്ഛായ തന്നെ ഇതിലൂടെ മാറുകയുണ്ടായി. ഒരു മൊട്ടു സൂചി വാങ്ങണമെങ്കിൽ കേന്ദ്ര ഗവണ്മെന്റിന്റെ പ്രതിനിധിയായ ലഫ്റ്റനന്റ് ഗവർണ്ണറുടെ ഒപ്പ് വാങ്ങേണ്ടി വരുന്ന ഗതികേടിനിടയിൽ നിന്നുകൊണ്ടാണ്‌ ഈ കാര്യങ്ങൾ ഇങ്ങനെ എങ്കിലും ചെയ്യാൻ കഴിഞ്ഞത് എന്നത് തികച്ചും അഭിനന്ദനീയമാണ്‌.

അതുപോലെത്തന്നെ എടുത്തു പറയേണ്ട ഒന്നാണ്‌ സർക്കാർ സ്കൂളുകളുടേയും ആശുപത്രികളുടേയും കാര്യം. മൊഹല്ലാ ക്ലിനിക്കുകൾ എന്ന പേരിലുള്ള സർക്കാർ ഡിസ്പെൻസറികൾ കാര്യമായിത്തന്നെ പരിഷ്കരിക്കുകയും അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ ഉറപ്പ് വരുത്തുകയും ചെയ്തു. ഡൽഹിക്കാർ സർക്കാർ സ്കൂളുകളിൽ പി ടി എ മീറ്റിംഗ് എന്ന് കേൾക്കാൻ തന്നെ തുടങ്ങിയത് ഈ അടുത്ത കാലത്താണ്‌. അദ്ധ്യാപകർക്ക് പകരം അവർ ഏർപ്പെടുത്തിയിരുന്ന ദിവസക്കൂലിക്കാർ പഠിപ്പിച്ചിരുന്ന സർക്കാർ സ്കൂളുകൾ ഇപ്പോൾ എവിടെയും ഉണ്ടാകില്ല. അപ്പർ മിഡിൽ ക്ലാസിനു പോലും അപ്രാപ്യമാം വിധം എല്ലാ വർഷവും യാതൊരു നിയന്ത്രണങ്ങളുമില്ലാതെ തോന്നിയതുപോലെ ഫീസ് വർദ്ധിപ്പിച്ചിരുന്ന അൺ എയ്ഡഡ് സ്കൂളുകൾക്ക് ഒരു മൂക്ക് കയറിടാനും കഴിഞ്ഞു എന്ന വസ്തുത എടുത്ത് പറയേണ്ടതാണ്‌. തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഇടയ്ക്കിടെ അക്കമിട്ട് ആവർത്തിച്ചുകൊണ്ട് അവ ഓരോന്നായി നടപ്പിലാക്കിയതും അതിന്റെ റിപ്പോർട്ട് പൊതുജങ്ങൾക്ക് മുന്നിൽ സമർപ്പിച്ചിട്ടുള്ളതുമായ സംസ്ഥാന സർക്കാരുകൾ പൊതുവേ ഇന്ത്യയിൽ കുറവാണ്‌.

Image result for delhi polling booth

രണ്ടാം യു പി എ സർക്കാരിനോടുള്ള അതൃപ്തിയെ ആളിക്കത്തിച്ചുകൊണ്ട് അണ്ണാ ഹസാരെയെ മുന്നിൽ നിർത്തിക്കൊണ്ട് ബി ജെ പി ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളുടെ പിൻതുണയോടെ നടന്ന ആൾക്കൂട്ട സമരങ്ങളാണ്‌ കേജരിവാൾ എന്ന നേതാവിനെ ഡൽഹി മുഖ്യമന്ത്രി എന്ന പദവിയിലേക്ക് എത്തിച്ചത്. യഥാർത്ഥത്തിൽ ഇപ്പോൾ മോദി ഭക്തർ ആയ നല്ലൊരു ശതമാനം പേരും കേജരിവാളിന്റെ പഴയകാല ആരാധകർ ആയിരുന്നു. മോദിയെ തെരഞ്ഞ് പിടിച്ച് ആക്രമിക്കാൻ ശ്രമിച്ചതോടെ ആണ്‌ ഇവർ അപകടം മനസ്സിലാക്കിയത്. ഡൽഹി വിട്ട് മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി പാർട്ടി ഒന്ന് വളർത്താൻ കേജരിവാൾ നടത്തിയ ശ്രമങ്ങൾ അത്രകണ്ട് വിജയിച്ചില്ല എന്ന് മാത്രമല്ല അത് പല തരത്തിലും ദോഷം ചെയ്യുകയും ചെയ്തു.

ഇരിക്കുന്നതിനു മുൻപേ കാലു നീട്ടുന്നതുപോലത്തെ ഒരു നടപടി ആയിരുന്നു അത്.

Related image

ഇങ്ങനെ ഒക്കെ ആണെങ്കിലും കേന്ദ്രം ഭരിക്കാൻ മോദി തന്നെ ആണ്‌ നല്ലതെന്ന് വിശ്വസിക്കുന്നവരുടെ എണ്ണവും കുറവല്ലാത്തതിനാൽ കേന്ദ്രത്തിലേക്ക് മോദിക്കും സംസ്ഥാനത്തിലേക്ക് കേജരിവാളിനെയും ഡൽഹിക്കാർ തെരഞ്ഞെടുത്താൽ അതിൽ അത്ഭുതമില്ല. കാരണം ഗ്രാസ് റൂട്ട് ലെവലിൽ അത്തരം കാമ്പൈനുകളാണ്‌ ശക്തം എന്നറിയുന്നു.