ഡ്രോൺ സ്വാം ആക്രമണങ്ങൾ: ഭാവി യുദ്ധങ്ങളിലേക്കുള്ള ഒരു ചൂണ്ടുപലക

ഋഷി ദാസ്. എസ്സ്

ആളില്ല വിമാനങ്ങൾ ( ഡ്രോണുകൾ ) ഏതാണ്ട് ഇരുപതു വർഷമായി യുദ്ധത്തിൽ ഉപയോഗിക്കുന്നുണ്ട്. U.S, ഇസ്രായേൽ എന്നീ രാജ്യങ്ങളാണ് ആളില്ല വിമാനങ്ങളുടെ സാങ്കേതിക വിദ്യയിൽ ഇപ്പോൾ അഗ്രഗണ്യരായിട്ടുള്ളത്. പക്ഷെ നൂറുകണക്കിന് ചെറിയ ആളില്ല വിമാനങ്ങൾ ( Drones) ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണം എന്ന പുത്തൻ യുദ്ധരീതി 2018ൽ പ്രയോഗിക്കപ്പെട്ടിരിക്കുന്നു

സിറിയയിലാണ് ഈ വർഷത്തിന്റെ ആദ്യം ചെറു ചാവേർ ഡ്രോൺ കൂട്ടങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള ആക്രമണങ്ങൾ അരങ്ങേറിയത്. ജനുവരി ഒന്നിനാണ് ആദ്യ ഡ്രോൺ സ്വാം ആക്രമണം അരങ്ങേറിയത്. അമേരിക്കയുടെ പി-8 പോസിഡോൺ ചാര വിമാനങ്ങളാൽ നിയന്ത്രിതമായ അനേകം ഡ്രോണുകളാണ് ഡിസംബർ 31 /ജനുവരി 1 ന് രാത്രിയിൽ സിറിയയിലെ റഷ്യൻ വ്യോമകേന്ദ്രമായ ഹമേയിമിം എയർ ബേസ് ആക്രമിച്ചത്. ഈ ആക്രമണത്തിൽ ഒരു സൈനികൻ മരിക്കുകയും ഏതാനും പോർവിമാനങ്ങൾക്ക് കേടുപാടുകൾ പറ്റുകയും ചെയ്തു.

രണ്ടാമത്തെ ആക്രമണം ജനുവരി 8 നാണ് നടത്തിയത്. ഇത്തവണ റഷ്യ കരുതിയിരുന്നു. എല്ലാ ഡ്രോണുകളെയും അകലെവച്ചു തന്നെ വെടിവച്ചിട്ടു. രണ്ടാക്രമണങ്ങളും ഭീകര സംഘങ്ങളെ മുന്നിൽ നിർത്തി US സൈന്യം നേരിട്ട് നടത്തിയ ആക്രമണങ്ങളായിരുന്നു.

ഒരു പരുന്തിന്റെ വലിപ്പമുള്ള ഡ്രോണുകളെ കണ്ടെത്തി നശിപ്പിക്കുക എന്നത് ശ്രമകരമായ ഒന്നാണ്. ഒന്നാമത്തെ ഡ്രോൺ സ്വാം ആക്രമണം വിജയിച്ചത് ഭാവിയിൽ ഡ്രോൺ സ്വാം ആക്രമണങ്ങൾ യുദ്ധങ്ങളിൽ വലിയ പങ്കു വഹിക്കും എന്നതിനും രണ്ടാമത്തെ ആക്രമണം തകർത്തത് ഡ്രോൺ സ്വാം ആക്രമണങ്ങളെ പ്രതിരോധിക്കാനാവും എന്നാണെന്നതിന്റെയും ഉദാഹരണങ്ങളാണ്. എന്തായാലും ഒരു പുത്തൻ യുദ്ധരീതി കൂടി 2018 -ൽ പിറവി എടുത്തിരിക്കുന്നു.