ഡോക്​ടര്‍മാര്‍ക്ക്​ പൊലീസ്​ സുരക്ഷ നല്‍കാനാകില്ലന്ന് – സുപ്രീംകോടതി

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്​ടര്‍മാര്‍​ക്ക്​ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്​ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പശ്ചിമബംഗാളിലും മറ്റു സംസ്ഥാനങ്ങളിലും ഡോക്​ടര്‍മാര്‍ പണിമുടക്ക്​ പിന്‍വലിച്ച സാഹചര്യത്തില്‍ സുരക്ഷ സംബന്ധിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയെന്നത്​ അപ്രധാന കാര്യമാണെന്ന്​ ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത ചൂണ്ടിക്കാട്ടി. മറ്റു പൗരന്‍മാരുടെ ചെലവില്‍ ഡോക്​ടര്‍മാര്‍ക്ക്​ പൊലീസ്​ സുരക്ഷ ഉറപ്പുവരുത്താന്‍ കഴിയില്ല. ഇത്​ സംബന്ധിച്ച ഹരജി മറ്റൊരു ബെഞ്ച്​ പരിഗണിക്കുമെന്നും ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത, ജസ്​റ്റിസ്​ സൂര്യ കാന്ത്​ എന്നിവരടങ്ങിയ ബെഞ്ച്​ അറിയിച്ചു.

ഡോക്​ടര്‍മാര്‍ക്ക്​ സംരക്ഷണം നല്‍കണമെന്നത്​ പ്രധാനകാര്യമാണ്​.വിഷയം കോടതി സമഗ്രമായി പരിശോധിക്കും. സുരക്ഷ നല്‍കുന്നതിന്​ കോടതി എതിരല്ലെന്നും ജസ്​റ്റിസുമാര്‍ വ്യക്തമാക്കി.

ഡോക്​ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന്​ സര്‍ക്കാര്‍ പൊലീസ്​ സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട്​ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ ഹരജിയിലാണ്​ കോടതിയുടെ പരാമര്‍ശം.