ഡെബി സ്‌പെരാന്‍സ വിവാഹ സത്ക്കാരത്തിനു പോയപ്പോള്‍ ഞെട്ടി; തന്റെ അതേ വസ്ത്രത്തില്‍ അഞ്ചു പേര്‍

അമേരിക്ക: ഈ വിവാഹ സത്ക്കാരം ഡെബി സ്‌പെരാന്‍സ എന്ന അമേരിക്കന്‍ യുവതി മറക്കില്ല. കാരണം സുഹൃത്തിന്റെ വിവാഹ സത്ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയ സ്‌പെരാന്‍സ കണ്ടത് താന്‍ അണിഞ്ഞ അതേ നിറത്തിലുള്ള ഡിസൈനര്‍ വസത്രം അണിഞ്ഞ മറ്റ് 5 യുവതികളെ.

ഇതെങ്ങനെ സംഭവിച്ചുവെന്ന് ആര്‍ക്കും പിടികിട്ടുന്നില്ല. ഇവര്‍ ആറ് പേരും ജീവിതത്തില്‍ ആദ്യമായാണ് പരിചയപ്പെടുന്നത് പോലും. എന്നിട്ടും തങ്ങളുടെ ഇഷ്ടങ്ങള്‍ ഒരുപോലെ വന്നതിന്റെ ആശ്ചര്യത്തിലാണ് ഇവരെല്ലാവരും. ഇവരേക്കാള്‍ ഞെട്ടിയത് ചടങ്ങിനെത്തിയ മറ്റുള്ളവരാണ്. ഫ്ളവര്‍ ഗേള്‍സ് ആണെന്നാണ് ആദ്യം മറ്റുള്ളവരെല്ലാം കരുതിയത്.

എന്നാല്‍ പിന്നീട് സത്യം മനസിലാക്കിയ സദസിലുള്ളവര്‍ക്ക് ഒരേ വേഷത്തില്‍ വധുവിനൊപ്പം സ്ത്രീകള്‍ നില്‍ക്കുന്ന കാഴ്ച കൗതുകം ഉണര്‍ത്തി. അവിചാരിതമായി സംഭവിച്ച ഒരുമ ആഘോഷിക്കാന്‍, വധുവിനൊപ്പം സ്ത്രീകളെല്ലാം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് ഡെബി സ്‌പെരാന്‍സ തന്നെയാണ് ഈ കൗതുക വാര്‍ത്ത ലോകത്തെ അറിയിച്ചത്.

തന്റെ വേഷത്തിലെത്തിയ മറ്റ് ഓരോരുത്തരും വേദിയിലേക്ക് വരുന്ന കാഴ്ച തന്നെ ഒരുപാട് ചിരിപ്പിച്ചതായി സ്‌പെരാന്‍സ പറയുന്നു. സ്‌പെരാന്‍സയുടെ പോസ്റ്റിനും ഫോട്ടോയ്ക്കുമായി ലൈക്കുകളും കമന്റുകളും പ്രവഹിക്കുകയാണ്.