ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തി; ഹോട്ടലില്‍ പ്രവേശിപ്പിക്കില്ലെന്ന് പൊലീസ്‌

മുംബൈ: രാജിവെച്ച കര്‍ണാടക വിമത എംഎല്‍എമാരെ  സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍ മുംബൈയിലെത്തി. മുംബൈയിലെ ഹോട്ടലില്‍ താമസിക്കുന്ന വിമതരെ കണ്ട് അനുനയിപ്പിക്കുക എന്നതാണ് ശിവകുമാറിന്റെ ലക്ഷ്യം.

അതേസമയം ശിവകുമാറില്‍ നിന്ന് ഭീഷണിയുണ്ടെന്ന് കാട്ടി വിമത എംഎല്‍എമാര്‍ മുംബൈ പൊലീസിന് പരാതി നല്‍കി. മുംബൈ പൊലീസ് കമ്മീഷണര്‍ക്കാണ് ഇവര്‍ പരാതി നല്‍കിയത്. ഇതേതുടര്‍ന്ന് വിമതര്‍ താമസിക്കുന്ന ഹോട്ടലിന് മുന്നില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഹോട്ടലിന് മുന്നില്‍ മഹാരാഷ്ട്ര ആര്‍പിഎഫിനെ വിന്യസിച്ചിരിക്കുകയാണ്.

ഡി.കെ. ശിവകുമാറിനെ ഹോട്ടലില്‍ പ്രവേശിപ്പിക്കില്ല എന്നാണ് മുംബൈ പൊലീന്റെ നിലപാട്. എന്നാല്‍ താന്‍ മുംബൈയിലെത്തിയത് പാര്‍ട്ടിയിലെ സുഹൃത്തുക്കളെ കാണാനാണെന്നും മുംബൈ പൊലീസ് അവരുടെ ജോലി ചെയ്യട്ടേയെന്നും ശിവകുമാര്‍ പറഞ്ഞു. ഒരുമിച്ചാണ് ഞങ്ങള്‍ രാഷ്ട്രീയത്തിലേക്ക് വന്നത്. രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നതും ഒരുമിച്ചായിരിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.