ഡിവൈഎഫ്‌ഐയ്ക്ക് പൊതിച്ചോര്‍ വിതരണം തുടരാം; സ്ഥാനാര്‍ത്ഥിയുടെ പേരും ചിത്രവും പാടില്ലെന്ന് ജില്ലാ കളക്ടര്‍

കൊല്ലം : ജില്ലയിലെ ആശുപത്രികളില്‍ ഡിവൈഎഫ്‌ഐ നടത്തി വരുന്ന ഭക്ഷണപ്പൊതി വിതരണം തുടരുന്നതില്‍ തടസ്സമില്ലെന്ന് ജില്ലാ കളക്ടര്‍. ഭക്ഷണപ്പൊതിയില്‍ പാര്‍ട്ടി ചിഹ്നമോ, സ്ഥാനാര്‍ത്ഥിയുടെ പേരോ ചിത്രമോ ഉള്‍പ്പെടുത്താന്‍ പാടില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതിച്ചോര്‍ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍
തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ പരാതി നല്‍കിയിരുന്നു.

‘ഹൃദയ സ്പര്‍ശം’ എന്ന പേരില്‍ ആശുപത്രികളില്‍ നടത്തി വരുന്ന പൊതിച്ചോര്‍ വിതരണം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ എന്‍ ബാലഗോപാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു എന്നാണ് യുഡിഎഫ് നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ജില്ലയിലെ പൊതിച്ചോര്‍ സംഘാടകരോട് കളക്ടര്‍ വിശദീകരണം തേടിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും പതിച്ച ഭക്ഷണപ്പൊതികളാണോ വിതരണം ചെയ്തത് എന്ന കാര്യത്തില്‍ 48 മണിക്കൂറിനകം മറുപടി നല്‍കണമെന്നാണ് ആവശ്യം.

കെ എന്‍ ബാലഗോപാല്‍ സിപിഎം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ഹൃദയസ്പര്‍ശം പദ്ധതി ഉദ്ഘാടനം ചെയ്തത്. 700 ദിവസങ്ങളായി പദ്ധതി മുടക്കമില്ലാതെ തുടര്‍ന്ന് വരികയായിരുന്നു.