ഡിഗ്രിയും ബിഎഡ്ഡും ഇനി ഒരുമിച്ച്; ഇന്റഗ്രേറ്റഡ് കോഴ്‌സിന് രൂപം നല്‍കി

ഡല്‍ഹി;ഡിഗ്രി കോഴ്‌സുകളോടൊപ്പം തന്നെ വിദ്യാര്‍ഥികള്‍ക്ക് ബിഎഡും ചെയ്യാന്‍ അവസരമൊരുങ്ങുന്നു. നാലുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് കോഴ്‌സുകള്‍ക്ക് രൂപം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍. ബിഎ-ബിഎഡ്, ബിഎസ് സി- ബിഎഡ്, ബി കോം- ബിഎഡ് എന്നീ മൂന്നു കോഴ്‌സുകളാണ് അനുവദിക്കുക.

പുതിയ കോഴ്‌സുകള്‍ വരുന്നതോടെ വിദ്യാര്‍ഥികള്‍ക്ക് ബിഎഡ് പഠനത്തിന് ഒരു വര്‍ഷം മതിയാകും. നിലവില്‍ രണ്ടു വര്‍ഷമാണ് കോഴ്‌സ്. അടുത്ത അധ്യയന വര്‍ഷം തന്നെ പുതിയ കോഴ്‌സുകള്‍ നിലവില്‍ വരും.

വിജ്ഞാപനം പുറപ്പെടുവിച്ചതായും കേന്ദ്ര മാനവശേഷി വികസന വകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ പാര്‍ലമെന്റില്‍ അറിയിച്ചു. കോഴ്‌സിന്റെ സിലബസിന് അന്തിമ രൂപമായതായും കോഴ്‌സുകള്‍ നടത്താന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് ഉടന്‍ ആരംഭിക്കാമെന്നും മന്ത്രി  പറഞ്ഞു.