ഡല്‍ഹിയില്‍ വാന്‍ ഡ്രൈവര്‍ക്ക്‌ നടുറോഡില്‍ പൊലീസിന്റെ മര്‍ദനം; മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: വാനും  പൊലീസ്‌ വാഹനവും തമ്മിലിടിച്ചതിനെത്തുടര്‍ന്നുണ്ടായ വാക്കേറ്റത്തിനിടെ വാന്‍ ഡ്രൈവറെ നടുറോഡില്‍ കൂട്ടം ചേര്‍ന്ന്‌ മര്‍ദ്ദിച്ച് ഡല്‍ഹി പൊലീസ്‌. സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ ഞായറാഴ്‌ച്ചയാണ്‌ സംഭവം. സിഖുകാരനായ ഡ്രൈവറെ പൊലീസുകാര്‍ ലാത്തികൊണ്ട്‌ തല്ലുന്ന വീഡിയോ സോഷ്യല്‍മീഡിയ വഴി പ്രചരിക്കുകയായിരുന്നു. ഡ്രൈവര്‍ക്കൊപ്പമുണ്ടായിരുന്ന 16കാരനായ മകനെയും പൊലീസ്‌ മര്‍ദ്ദിച്ചു.

ഡ്രൈവര്‍ കയ്യില്‍ വാള്‌ പിടിച്ചിരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. ഇതുപയോഗിച്ച്‌ ഇയാള്‍ ഒരു പൊലീസുകാരനെ ആക്രമിച്ചെന്നാണ്‌ പൊലീസിന്റെ വാദം. എന്നാല്‍, വാളുയര്‍ത്തി ഭീഷണിപ്പെടുത്തിയതല്ലാതെ ആക്രമണം നടത്തിയില്ലെന്ന്‌ ദൃക്‌സാക്ഷികളില്‍ ചിലര്‍ പറയുന്നു.