ഡല്‍ഹിയില്‍ ഭാര്യയെയും മൂന്നു മക്കളെയും അധ്യാപകന്‍ കഴുത്തറുത്തു കൊന്നു

ന്യൂഡല്‍ഹി: തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ മെഹ്‌റോലിയില്‍ ഭാര്യയെയും മൂന്നു മക്കളെയും അധ്യാപകനായ യുവാവ് കഴുത്തറുത്തു കൊന്നു. ദക്ഷിണ ഡല്‍ഹി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. അറസ്റ്റിലായ പ്രതി ഉപേന്ദ്ര ശുക്ല കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്. കൃത്യത്തിനു പിന്നിലെ പ്രകോപനം എന്താണെന്ന് വ്യക്തമായിട്ടില്ല. ആറ്, അഞ്ച്, രണ്ടു മാസം എന്നിങ്ങനെയാണ് കൊല്ലപ്പെട്ട കുട്ടികളുടെ വയസ്സ്.

ഉപേന്ദ്ര ശുക്ല മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ് കൃത്യം നടന്നതെന്നാണ് പ്രാഥമികാന്വേഷണത്തില്‍ ലഭിച്ച വിവരം. ഉപേന്ദ്രയുടെ മാതാവാണ് വിവരം പോലീസിനെ അറിയിച്ചത്.