ഡല്‍ഹിയില്‍ കച്ചമുറുക്കാനൊരുങ്ങി കോണ്‍ഗ്രസ്, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറെന്ന് ഷീലാ ദീക്ഷിത്

ന്യൂഡല്‍ഹി: വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്ന് മുന്‍ മുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷയുമായ ഷീലാ ദീക്ഷിത് പ്രമുഖ മാദ്ധ്യമത്തോട് പറഞ്ഞു. ആംആദ്മി പാര്‍ട്ടിയെയും ബി.ജെ.പിയെയും ഡല്‍ഹിയില്‍ ഒരുപോലെ എതിര്‍ക്കുമെന്നും ഷീലാ ദീക്ഷിത് കൂട്ടിച്ചേര്‍ത്തു. ആരുമായും ഇത്തവണ സഖ്യമുണ്ടാക്കില്ലെന്നായിരുന്നു സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് ഷീലാ ദീക്ഷിതിന്റെ പ്രതികരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ഡല്‍ഹിയില്‍ സഖ്യമുണ്ടാക്കുന്നകാര്യത്തില്‍ വ്യക്തമായൊരു അഭിപ്രായം പറയാന്‍ സാധിക്കില്ലെന്ന് എ.എ.പി. ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് നേരത്തെ വ്യക്തമാക്കിയിരുന്നു.ഡല്‍ഹി, ഹരിയാണ, പഞ്ചാബ് എന്നീ ഘടകങ്ങളുടെ അഭിപ്രായം തേടിയശേഷം പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. എന്നാല്‍, ഡല്‍ഹിയില്‍ ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ എ.എ.പി. പ്രാപ്‌തമാണെന്നും റായി പറഞ്ഞു. ഡല്‍ഹി കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷയായി ഷീലാ ദീക്ഷിതിനെ നിയമിച്ചതില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ റായി പരിഹസിച്ചിരുന്നു.