ന്യൂയോര്‍ക്ക്: ഡയാന രാജകുമാരിയെക്കുറിച്ചുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു. യുഎസ് റേഡിയോ ഷോയില്‍ ഡയാന രാജകുമാരിയെ കുറിച്ച് ട്രംപ് മുന്‍പൊരിക്കല്‍ നടത്തിയ പരാമര്‍ശമാണ് വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചത്.

ഡയാനയോട് തനിക്കുള്ള താല്‍പര്യം തുറന്നുപറഞ്ഞുകൊണ്ടുള്ളതായിരുന്നു ട്രംപിന്റെ റേഡിയോ അഭിമുഖം. ട്രംപിന്റെ അഭിപ്രായത്തില്‍ ലോകത്തിലെ തന്നെ മൂന്നാമത്തെ ഏറ്റവും ‘ഹോട്ടസ്റ്റ്’ ആയ വനിതയാണ് ഡയാന രാജകുമാരി. ബ്രിട്ടീഷ് രാജകുമാരിയോടൊപ്പം താന്‍ ഒരു രാത്രി യാതൊരു പ്രശ്നവും ഇല്ലാതെ കിടന്നുറങ്ങിയിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു. ബ്രിട്ടീഷ് രാജകുമാരിയായിരുന്ന ഡയാന കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ട് മൂന്ന് വര്‍ഷത്തിനു ശേഷം 2000ല്‍ നല്‍കിയ അഭിമുഖത്തിലാണ് തന്റെ ‘ഡയാന ആരാധനയെ’ കുറിച്ച് ട്രംപ് വെളിപ്പെടുത്തുന്നത്.

വളരെയധികം ഭംഗിയുള്ള സ്ത്രീയാണ് ഡയാനയെന്നാണ് ട്രംപ് അഭിമുഖത്തില്‍ പറയുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരികളായ പത്ത് വനിതകളില്‍ മൂന്നാമത്തെ ആളാണ് ഡയാന. എന്നാല്‍ ലോകത്തിന് അത് മനസ്സിലായില്ലെന്നും അഭിമുഖത്തില്‍ ട്രംപ് അഭിപ്രായപ്പെടുന്നു. അതേ അഭിമുഖത്തില്‍ തന്നെ സ്വന്തം ഗേള്‍ ഫ്രണ്ടായ മെലാനിയയെ കുറിച്ചും ആദ്യ ഭാര്യ ഇവാനയെ കുറിച്ചും സൂചിപ്പിക്കുന്നതും കേള്‍ക്കാം. ജൂലിയ റോബര്‍ട്ട്സ്, മിഷേല്ല ഫിഫര്‍, സിന്‍ഡി ക്രോഫോര്‍ഡ്, പാള്‍ട്രൗ, ആഞ്ചലീന ജോളി തുടങ്ങിയവരാണ് ട്രംപിന്റെ ‘ലോക സുന്ദരി’ പട്ടികയിലുള്ള മറ്റുള്ളവര്‍.

ഡയാനയുടെ സൗന്ദര്യത്തെക്കുറിച്ചും സ്വഭാവത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചും ട്രംപ് അഭിമുഖത്തിനിടെ പറയുന്നുണ്ട്. ശാരീരിക അളവുകളെ കുറിച്ചുള്ള പരാമര്‍ശം പോലും ട്രംപ് നടത്തുന്നതുകേള്‍ക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുന്‍പ് സ്ത്രീകള്‍ എച്ച്ഐവി പരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവതാരകന്‍ സ്റ്റേര്‍ണും ട്രംപും ഷോയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

1997-2000 കാലയളവില്‍ ഹൗവാര്‍ഡ് സ്റ്റേര്‍ണിന് നല്‍കിയ റേഡിയോ അഭിമുഖ പരമ്പരയിലാണ് ട്രംപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. സ്വന്തം ലൈംഗിക ജീവിതത്തെ കുറിച്ചായിരുന്നു അഭിമുഖത്തിന്റെ ഏറെ ഭാഗവും. ഹൗവാര്‍ഡ് സ്റ്റേണ്‍ ഷോയിലെ സ്ഥിരം അതിഥിയായിരുന്ന ട്രംപ് പുറത്തുവിടുന്ന പല വാദങ്ങളും പരാമര്‍ശങ്ങളും അന്നുമുതല്‍ക്കു തന്നെ ചര്‍ച്ചയായിരുന്നു. ഈ അഭിമുഖത്തിന്റെ ഭാഗങ്ങള്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്.

1995 മുതല്‍ ട്രംപ്-ഡയാന കൂടിക്കാഴ്ച നടന്നിരുന്നതായി ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക സെലീന സ്‌കോട്ട് നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഒരു വിരുന്നാണ് ട്രംപിനെ ഡയാനയ്ക്ക് മുന്നിലെത്തിച്ചത്. അതിനു ശേഷം ഡയാന-ചാള്‍സ് വിവാഹമോചനത്തിനു പിന്നാലെ 1996ല്‍ ഡയാനയുടെ ജന്മദിനത്തില്‍ നിറയെ പൂക്കളുമായെത്തിയ ട്രംപ് ഡയാനയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി. പിന്നീട് രഹസ്യമായും പരസ്യമായും നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുണ്ടാവാം. ഇങ്ങനെ രാജകുടുംബത്തിലേക്ക് ട്രംപ് നുഴഞ്ഞുകയറുകയായിരുന്നുവെന്ന് സെലീന സ്‌കോട്ട് പറയുന്നു.

എന്നാല്‍ 1997ല്‍ പാരീസിലുണ്ടായ കാറപകടത്തില്‍ ഡയാന മരിച്ചതിനു പിന്നാലെ ഡയാനയുമായി ഡേറ്റിങ് നടത്താന്‍ സാധിക്കാത്തതിന്റെ ദു:ഖം ട്രംപ് സുഹൃത്തുക്കളുമായി പങ്കുവച്ചതായും സെലീന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.