ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി റെയില്‍വേ

ന്യൂഡല്‍ഹി: ദേശീയ പണിമുടക്കില്‍ കേരളത്തില്‍ ട്രെയിന്‍ തടഞ്ഞവര്‍ക്കെതിരെ സംസ്ഥാന പോലീസ് നടപടിയെടുക്കാന്‍ മടി കാണിക്കുന്നതിനാല്‍ ഇവര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് റെയില്‍വേ.ട്രെയിന്‍ തടഞ്ഞവര്‍ എത്ര സമയം ട്രെയിന്‍ തടഞ്ഞുവെന്ന കണക്കാക്കി ഒരു മിനിറ്റിന് 400 രൂപ മുതല്‍ 800 രൂപ വരെ പിഴയൊടുക്കേണ്ടി വരുന്നതായിരിക്കും. റെയില്‍വേയുടെ സാമ്ബത്തിക വിഭാഗമാണ് ഇത് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ഒരോ ട്രെയിന്‍ തടഞ്ഞിട്ട സമയവും അതനുസരിച്ചുള്ള പിഴയും ഒരാഴ്ചക്കുള്ളില്‍ കണക്കാക്കുമെന്നാണ് സൂചന.പിഴ അടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കുവാന്‍ സാധ്യതയുണ്ട്. ഇങ്ങനെ ശിക്ഷിക്കപ്പെട്ടവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും സാധിക്കില്ല. ട്രെയിന്‍ തടഞ്ഞ കുറ്റത്തിന് സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി.ശിവന്‍കുട്ടി എന്നിവരുള്‍പ്പെടെ 1,200 പേര്‍ക്കെതിരെയാണ് കേസ് നിലവിലുള്ളത്.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലായി 49 ട്രെയിനുകള്‍ 85 മിനിറ്റ് വരെ തടഞ്ഞിട്ടുണ്ട്. ശരാശരി 20 ലക്ഷം രൂപ വരെ പിഴ നല്‍കേണ്ടി വരുമെന്നാണ് റെയില്‍വേയുടെ കണക്ക് കൂട്ടല്‍.