ട്രിപ്പിള്‍ ക്യാമറ, 500എംഎഎച്ച് ബാറ്ററി; റെഡ്മി നോട്ട് സീരിസിനെ നേരിടാന്‍ സാംസങ് എം30

സാംസങ് ഗാലക്സി-എം സീരീസിലെ ഗാലക്സി എം30 ഇന്ത്യയിൽ അവതരിപ്പിച്ചു. ഗാലക്സി എം10, ഗാലക്സി എം20 ഫോണുകൾക്ക് ശേഷം ഈ പരമ്പരയിൽ ഇറങ്ങുന്ന മൂന്നാമത്തെ ഫോണാണ് ഇത്. റിലീസിനോട് അനുബന്ധിച്ച് ആകർഷകമായ ഓഫറുകളുമായാണ് എം30 എത്തുന്നത്. ആമസോൺ, സാംസങ് ഇ-ഷോപ്പ് സെെറ്റുകളില്‍ മാർച്ച് 7 മുതൽ ലഭ്യമാകും.

ഗാലക്സി എം30ന്റെ 4 ജി.ബി റാം 64 ജി.ബി സ്റ്റോറേജ് ഫോണിന് 14,990 രൂപയാണ് വില. ഇതിന് പുറമെ 6 ജി.ബി റാം 128 സ്റ്റോറേജ് ഫോണിന്റെ വില 17,990 രൂപയാണ് വില.ഗ്രേഡിയന്റ് ബ്ലാക്ക്, ഗ്രേഡിയന്റ് ബ്ലൂ നിറങ്ങളിലാണ് എം30 ഇറങ്ങിയിട്ടുള്ളത്. നിലവിൽ എം സീരീസിൽ ഇറങ്ങിയിട്ടുള്ള വില കൂടിയ ഫോണാണ് ഗലക്സി എം30.

ആൻഡ്രോയിഡ് 8.1 ഓറിയോ ഒ.എസോടു കൂടിയ എം30ൽ നാനോ ‍ഡ്യുവൽ സിമ്മാണുള്ളത്. 6.4 ഇഞ്ച് ഫുൾ എച്ച്.ഡി സൂപ്പർ അമോൽഡ് ഇൻഫിനിറ്റി-യു നോച്ച്‍ഡ‍് ഡിസ്പ്ലെയാണ് എം30ന് ഉള്ളത്. വെെഡ്‍വെെൻ എൽ1 സർട്ടിഫിക്കറ്റോട് കൂടി ഇറങ്ങുന്ന ഗാലക്സി എം30ൽ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രെെം വീഡിയോകൾ എച്ച്.ഡി മികവോടെ ലഭ്യമാകും.

ത്രിപ്പിൾ റിയർ ക്യാമറയാണ് എം30ന്റേത്. 13 പിക്സലിന്റെ പ്രെെമറി സെൻസറും 5 എം.പിയുടെ ഡെപ്ത് സെൻസറും 5 എം.പിയുടെ അൾട്ര വെെഡ് ആംഗിൾ ലെൻസും ചേരുന്നതാണ് ഫോണിന്റെ ക്യാമറ. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും എം30ന് ഉണ്ട്.