ട്രംപ് – കിം ജോങ്ങ് ഉന്‍ ചര്‍ച്ച പരാജയം; ട്രംപ് ചര്‍ച്ചയില്‍ നിന്ന് ഇറങ്ങിപ്പോയി

വിയറ്റ്നാം: ഏറെ പ്രതീക്ഷയോടെ ലോകം ഉറ്റു നോക്കിയ ഡൊണാള്‍ഡ് ട്രംപ് – കിം ജോങ്ങ് ഉന്‍ ച‌ര്‍ച്ച പരാജയപ്പെട്ടു. ആണവ നിരായുധീകരണം സംബന്ധിച്ച്‌ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നും ധാരണയിലെത്തിയില്ല. ഇരുവരും തമ്മില്‍ വിയറ്റ്നാമിലെ ഹാനോയില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിക്കുകയായിരുന്നു.

ഉത്തര കൊറിയക്ക് മേലുള്ള ഉപരോധം നീക്കണമെന്ന കിം ജോങ്ങ് ഉന്നിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പിന്നീട് ചര്‍ച്ച നടത്തുമെന്ന് വൈറ്റ്ഹൗസ് വക്താവ് അറിയിച്ചു. വാര്‍ത്ത പുറത്തു വന്നതോടെ ദക്ഷിണ കൊറിയന്‍ ഓഹരി വിപണിയില്‍ കനത്ത ഇടിവ് നേരിട്ടു.

ആണവ നിരായുധീകരണത്തിന് തയ്യാറല്ലായിരുന്നെങ്കില്‍ താന്‍ ഈ ച‌ര്‍ച്ചയില്‍ പങ്കെടുക്കില്ലായിരുന്നുവെന്നാണ് കിം ജോങ്ങ് ഉന്‍ ഇന്ന് രാവിലെ പറഞ്ഞിരുന്നത്. നല്ല ഒത്തുചേരലാണ് നടന്നതെന്ന് ഇന്നലെ നടന്ന ചര്‍ച്ചയ്ക്കും വിരുന്നിനും ശേഷം ട്രംപും ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ സൗഹൃദ കൂടിക്കാഴ്ച മാത്രമായിരുന്നു നടന്നത്.

ചര്‍ച്ചയ്ക്ക് ശേഷം ഇരുരാജ്യങ്ങളും ഇന്ന് സംയുക്തമായി കരാറില്‍ ഒപ്പുവയ്ക്കുമെന്നും ഉത്തരകൊറിയയുമായുള്ള ഉപരോധം പൂര്‍ണമായി അവസാനിപ്പിക്കുന്ന തീരുമാനം ഉണ്ടാകുമെന്നെുമായിരുന്നു നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്നത്.