ട്രംപിന്റെ റഷ്യന്‍ ബന്ധം എഫ്ബിഐ അന്വേഷിച്ചിരുന്നെന്ന് ന്യൂയോര്‍ക്ക് ടൈംസ്; പത്രം ദുരന്തമായി അധഃപതിച്ചെന്ന് ട്രംപ്‌

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് റഷ്യയ്ക്കുവേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് എഫ്ബിഐ അന്വേഷണം നടത്തിയതായി റിപ്പോര്‍ട്ട്. മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമിയെ ട്രംപ് പുറത്താക്കിയതിനു പിന്നാലെ അന്വേഷണമാരംഭിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്.

ട്രംപിനെതിരെ എഫ്ബിഐ അന്വേഷണം നടത്തിയിരുന്നെന്ന് അന്താരാഷ്ട്ര മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസാണ്‌ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി ട്രംപ് റഷ്യയെ സഹായിക്കുകയോ റഷ്യയുടെ സ്വാധീനത്തിന് വിധേയമായി പ്രവര്‍ത്തിക്കയോ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനായിരുന്നു അന്വേഷണമെന്നും ന്യൂയോര്‍ക്ക് ടൈംസ് ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടിനെ ട്രംപ് തള്ളി. വാര്‍ത്ത തന്നെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ സൃഷ്ടിച്ചതാണെന്നും പത്രം ഒരു ദുരന്തമായി അധഃപതിച്ചിരിക്കുകയാണെന്നും ട്രംപ് തുറന്നടിച്ചു. എഫ്ബിഐക്ക് ഇത്തരത്തില്‍ ഒരു അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും അതിന് തെളിവില്ലെന്നുമാണ് ട്രംപിന്റെ വാദം. ജെയിംസ് കോമി കള്ളനാണെന്നും ട്രംപ് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.