ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ സ്റ്റെയ്ന്‍

ജൊഹന്നാസ്ബര്‍ഗ്: ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ ടെസ്റ്റ് പോരാട്ടങ്ങളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 36കാരനായ സ്‌റ്റെയ്ന്‍ ഇനി ഏകദിനങ്ങളിലും ടി20യിലും മാത്രമേ കളിക്കുകയുള്ളൂ എന്ന് അറിയിച്ചു. ഏകദിനത്തിലും ടി20യിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വേണ്ടിയാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക് വേണ്ടി 93 ടെസ്റ്റ് മത്സരങ്ങള്‍ സ്റ്റെയിന്‍ കളിച്ചിട്ടുണ്ട്. 439 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. അഞ്ച് പത്ത് വിക്കറ്റ് നേട്ടവും 26 തവണ 5 വിക്കറ്റ് നേട്ടവും സ്റ്റെയിനിന്റെ ടെസ്റ്റ് കരിയറില്‍ അദ്ദേഹം നേടി. 7/51 ആണ് ടെസ്റ്റ് കരിയറിലെ സ്റ്റെയിനിന്റെ ഏറ്റവു മികച്ച പ്രകടനം.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തവരുടെ പട്ടികയില്‍ എട്ടാം സ്ഥാനത്താണ് സ്റ്റെയ്ന്‍. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത പേസര്‍മാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.