ടെറസ് സ്റ്റാൻലി ഫോക്സ് എന്ന കാനഡയുടെ ടെറി ഫോക്സ്

ഷാനവാസ്‌

കേവലം 22വയസ്സ് വരെ മാത്രം ജീവിച്ചിരുന്ന ടെറൻസ് സ്റ്റാൻലി ഫോക്സ് എന്ന ടെറി ഫോക്സ് വടക്കേ അമേരിക്കൻ രാജ്യമായ കാനഡയുടെ നാഷണൽ ഹീറോയാണ്. അസാമാന്യ മനോവീര്യവും ലക്ഷ്യത്തിലേക്കുള്ള പ്രയാണവും ആണ് അദ്ദേഹത്തിന് വീരോചിതം ആയ ഒരു പദവി അന്നാട്ടുകാർ നൽകാൻ കാരണം.

1977ൽ ടെറിയുടെ പത്തൊൻപതാമത്തെ വയസിൽ ബോൺ കാൻസർ കണ്ടെത്തും വരെ നല്ലൊരു കായികതാരം ആയിരുന്നു. ബാസ്കറ്റ്ബാളും മാരത്തൺ ഓട്ടവും ആയിരുന്നു ഏറ്റവും ഇഷ്ടപ്പെട്ട ഇനങ്ങൾ. കാൻസർ മൂലം തന്റെ വലതുകാൽ മുറിച്ചു മാറ്റിയപ്പോഴും ടെറി ആശുപത്രി മുറിയിൽ ഒതുങ്ങി കൂടാൻ ഒരുക്കമായിരുന്നില്ല.

ജീവിച്ചിരിക്കുന്ന കാലം എന്തെങ്കിലുമൊക്കെ ചെയ്തു സജീവമാകാൻ അയാൾ തീരുമാനിച്ചു. വീൽചെയറിൽ ഇരുന്നു ബാസ്കറ്റ് ബോൾ കളിച്ചു. ടെറി അംഗമായ ടീം തുടർച്ചയായി മൂന്ന് തവണ ദേശിയ വീൽചെയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻമാർ ആയി. ഇടക്കിടക്ക് കീമോ തെറാപ്പിക്ക് വിധേയൻ ആയികൊണ്ടിരുന്ന ടെറി കാൻസർ എന്ന രോഗത്തിന് നൂറു ശതമാനം ഫലം കിട്ടുന്ന ചികിത്സയില്ല എന്ന് മനസ്സിലാക്കി.

കാൻസറിനെ പ്രതിരോധിക്കുവാനും ചികിത്സിക്കുന്നതിനും വേണ്ടി രൂപീകരിച്ച സൊസൈറ്റിക്കു ഫണ്ടിന്റെ അഭാവം ഉണ്ടായിരുന്നു. തന്നാൽ ആവുന്ന വിധം ഫണ്ട്‌ സ്വരൂപിക്കാൻ ഒരു ശ്രമം നടത്താമെന്ന നിർദേശം ടെറി കാൻസർ സൊസൈറ്റിക്കു മുൻപാകെ വച്ചു. എന്നാൽ ആദ്യമൊന്നും അവർ അത് കാര്യമായി എടുത്തില്ല. പക്ഷേ പിന്നീട് ടെറിയുടെ നിശ്ചയദാർഢ്യത്തിനു മുൻപിൽ അവർക്ക് വഴങ്ങേണ്ടി വന്നു.

കാൻസർ ഗവേഷണത്തിനായി ഫണ്ട്‌ സ്വരൂപിക്കാൻ കാനഡയുടെ കിഴക്കേ അറ്റം മുതൽ പടിഞ്ഞാറെ അറ്റം വരെ താനൊരു മാരത്തൺ ഓട്ടം നടത്തുന്നു എന്ന ടെറിയുടെ ആശയത്തിന് അവർ പിന്തുണ നൽകി. ഒരു ദിവസം ഒരു മാരത്തൺ ദൂരം അതായത് 42കിലോമീറ്റർ വീതം ഓടിക്കൊണ്ട് എണ്ണായിരത്തിൽ കൂടുതൽ കിലോമീറ്റർ ദൂരം താണ്ടി ആശയ പ്രചരണം നടത്തുക എന്നതായിരുന്നു ടെറിയുടെ ലക്ഷ്യം.

1980ഏപ്രിൽ 12ന് ആരംഭിച്ച ഈ ദൗത്യം ആദ്യമൊന്നും ആരും ശ്രദ്ധിച്ചില്ല. മഞ്ഞും മഴയും നിറഞ്ഞ പ്രതികൂല കാലാവസ്ഥയോടെ ആയിരുന്നു തുടക്കം. അതി കഠിനമായ വേദന അനുഭവിച്ചുകൊണ്ട് കൃത്രിമകാലിൽ ടെറി ഓടിക്കൊണ്ടിരുന്നു. ടെറിയുടെ ദൈന്യതയും വേദനയും കണ്ട് കൂടെ സഹായി ആയി കാറിൽ സഞ്ചരിച്ച സുഹൃത്ത് അൽവാർഡ് പലതവണ ഈ ശ്രമം ഉപേക്ഷിക്കാം എന്ന് ഉപദേശിച്ചുവെങ്കിലും ടെറി അത് കൂട്ടാക്കിയില്ല.

ക്രമേണ ടെറിയെ കാനഡക്കാർ ശ്രദ്ധിച്ചു തുടങ്ങി. നല്ലൊരുദ്ദേശത്തിനായി നടത്തുന്ന ഈ ദൗത്യത്തിലേക്ക് ഉദാരമതികൾ സംഭവനകളുമായി എത്തി തുടങ്ങി. മാധ്യമങ്ങൾ വഴി കാനഡയെങ്ങും ഈ വിവരം അറിഞ്ഞു. ടെറിക്കു ആവേശം പകർന്നു ജനസഹസ്രങ്ങൾ തെരുവോരങ്ങളിൽ തടിച്ചുകൂടി. 143 ദിനങ്ങൾ പിന്നിട്ടപ്പോൾ ടെറിയുടെ രോഗം മൂർച്ഛിച്ചു. അവശനായി. അപ്പോഴേക്കും 5373 കിലോമീറ്റർ പിന്നിട്ടിരുന്നു. ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ടെറി ഒൻപതു മാസങ്ങൾക്കു ശേഷം മരണപ്പെട്ടു.

ടെറി തുടങ്ങിവച്ച ദൗത്യം ആനുവൽ ടെറി ഫോക്സ് റൺ എന്ന പേരിൽ എല്ലാവർഷവും ഇപ്പോഴും തുടരുന്നു. കാൻസർ ഗവേഷണത്തിനായി 650ദശലക്ഷം ഡോളർ ഇതേവരെ സമാഹരിക്കാനായി. ദശലക്ഷകണക്കിന് ആളുകളെ സ്വാധീനിച്ച ടെറി ഫോക്സിന്റെ മാരത്തൺ വഴി (marathon of hope) ലക്ഷക്കണക്കിന് ആളുകൾ പുകവലി ഉപേക്ഷിക്കാൻ തയ്യാറായി. നല്ല ആശയങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് അറുപതിലേറെ രാജ്യങ്ങൾ ടെറി ഫോക്സ് മാരത്തൺ വർഷം തോറും നടത്തി വരുന്നു.