ടൂറിസ്റ്റുകൾക്കായി നാടൻ രുചിക്കൂട്ടൊരുക്കി കേരളാ ടൂറിസം

‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ നാടന്‍ വിഭവങ്ങളുമൊരുക്കി ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമായി കേരളാ ടൂറിസം.

റെസ്‌പോണ്‍സിബിള്‍ ടൂറിസം (ആർടി) മിഷനാണ് പദ്ധതി ആവിഷ്‌കരിക്കുന്നത്. അവധിക്കാലം ആഘോഷിക്കുന്നതിനായി  കേരളത്തിലെത്തുന്ന അതിഥികള്‍ക്ക് വളരെ ശുചിത്വമാര്‍ന്ന സാഹചര്യങ്ങളില്‍ പാചകം ചെയ്യുന്ന നാടന്‍ ഭക്ഷണമൊരുക്കാന്‍ 2,000  അടുക്കളകളുടെ ഒരു ശ്രുംഖല സ്ഥാപിക്കുകയാണ് ആര്‍ ടി മിഷന്‍. 

സംസ്ഥാനത്തിന്റെ പാചകരീതി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ‘എക്‌സ്പീരിയന്‍സ് എത്‌നിക് ക്വിസിൻ’, വനിതാ ശാക്തീകരണം എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പാക്കുന്നത്.  വനിതകളുടെ ഗ്രൂപ്പുകളാകും നാടന്‍ അടുക്കളകളുടെ നടത്തിപ്പുകാര്‍. 

കേരളത്തിന്റെ കൊയ്ത്തുത്സവമായ ഓണത്തിന് ‘നാട്ടുമ്പുറങ്ങളില്‍ ഓണം ഉണ്ണാം’ എന്ന ആര്‍ടി മിഷന്‍  പദ്ധതിക്ക് ലഭിച്ച വലിയ പ്രതികരണമാണ് ഇങ്ങനെയൊരു പദ്ധതി തുടങ്ങാന്‍ പ്രേരകമായത്. കേരളത്തിന്റെ നാടന്‍ ഭക്ഷണങ്ങള്‍ നല്‍കുന്ന ‘വീട്ടിലെ ഊണ്’ എന്ന പേരില്‍ ധാരാളം യൂണിറ്റുകള്‍ ഇപ്പോൾ തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 

ആര്‍ടി മിഷന്റെ വനിതാ യൂണിറ്റുകള്‍ ജൂലൈ മാസത്തോടെ നിലവില്‍ വരും. വരുന്ന ഓണം-വിനോദസഞ്ചാരകാലം ലക്ഷ്യമിട്ടാണ് അവ പ്രവര്‍ത്തനം തുടങ്ങുക. നാടന്‍ അടുക്കളയുടെ നടത്തിപ്പുകാരായ വനിതകള്‍ക്ക് വിദഗ്‌ധരും ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരും ക്‌ളാസുകള്‍ നല്‍കും. 
വനിതാ യൂണിറ്റുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ ലൈസന്‍സുകള്‍ ലഭിക്കാന്‍ ആര്‍ടി മിഷന്‍ സഹായിക്കും. 

പദ്ധതിക്ക് അനുമതി നല്‍കിയ ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് അതിനായി 25.96  ലക്ഷം രൂപയും അനുവദിച്ചു. ഇതിനു പുറമെ പരിശീലനത്തിനായി 20 ലക്ഷം രൂപയും പദ്ധതിക്കുള്ള സൗകര്യങ്ങളൊരുക്കാന്‍ 60 ലക്ഷം രൂപയും അനുവദിച്ചു. 
പരിശീലനം സിദ്ധിച്ചവ 2,000 വനിതകളും രജിസ്റ്റര്‍ ചെയ്ത നാടന്‍ ഭക്ഷണ യൂണിറ്റുകളും ഉള്‍പ്പെടുന്ന ശ്രുംഖല ആര്‍ടി മിഷന്‍ പരീക്ഷണാര്‍ത്ഥം സംഘടിപ്പിക്കുന്ന 40 ടൂര്‍ പാക്കേജുകള്‍ക്ക് പിന്തുണ നല്‍കും. 

ഈ പദ്ധതി 8,000 വനിതകള്‍ക്ക് നേരിട്ടും 12,000  വനിതകള്‍ക്ക് നേരിട്ടല്ലാതെയും ടൂറിസം മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന്  ആര്‍ടി മിഷന്‍ പറയുന്നു. വിദൂര ഗ്രാമപ്രദേശങ്ങള്‍ പോലും ടൂറിസം ഭൂപടത്തില്‍ സ്ഥാനം പിടിക്കുന്നതിനും കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനും ഇത് അവസരമൊരുക്കും. 

ഔദ്യോഗിക വെബ്‌സൈറ്റില്‍ 21 ഭാഷകളില്‍ 10 പേജുകളുള്ള ഒരു മൈക്രോ സൈറ്റിന് രൂപം നല്‍കുകയും ടൂറിസം പ്രോത്സാഹിപ്പിക്കുന്ന ഒരു വിഡിയോ ഉള്‍പ്പെടുത്തുകയുംചെയ്യും. സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നല്‍കും. ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തും. കേരളത്തെ ഭക്ഷണ പ്രിയരുടെ ഒരു പറുദീസയാക്കി വളര്‍ത്തുന്നതിന് കേരള ടൂറിസം ആവിഷ്‌ക്കരിച്ചിട്ടുളള വലിയൊരു ചുവടുവെപ്പാണിത്.