ടീമംഗങ്ങളുടെ പ്രകടനത്തെ വിമർശിച്ച് വിരാട് കോഹ്‌ലി

ബംഗളൂരു: തുടര്‍ച്ചയായ തോല്‍വിക്കു പിന്നാലെ സ്വന്തം ടീമംഗങ്ങളുടെ പ്രകടനത്തെ പഴിച്ച്‌ റോയല്‍ ചാലഞ്ചേഴ്‌സ് വിരാട് കോഹ്‌ലി. ഫീല്‍ഡിലെ പ്രകടനം വച്ചു നോക്കിയാല്‍ റോയല്‍ ചാലഞ്ചേഴ്‌സ് വിജയമര്‍ഹിച്ചിരുന്നില്ലെന്ന് കോഹ്‌ലി തുറന്നടിച്ചു. ഗ്രൗണ്ടിലെ ദയനീയ ഫീല്‍ഡിംഗ് പ്രകടനം കാഴ്ചവെച്ചതാണ് കോഹ്ലിയെ ഇപ്പോള്‍ ചൊടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തില്‍ ആറു വിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സാണെടുത്തത്. എന്നാല്‍, മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത അഞ്ച് പന്തുകള്‍ ശേശിക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.

നിലവില്‍ ഏഴു മല്‍സരങ്ങളില്‍നിന്ന് നാലു പോയിന്റുമായി ഏഴാം സ്ഥാനത്ത് ബാംഗ്ലൂര്‍. ടൂര്‍ണമെന്റില്‍ സാധ്യത നിലനിര്‍ത്താന്‍ ടീം കൂടുതല്‍ കഠിനാധ്വാനം ചെയ്‌തേ തീരൂവെന്നും കോഹ്‌ലി പറഞ്ഞു. ബോളിങ്ങില്‍ കുറച്ചുകൂടി തല ഉപയോഗിച്ച്‌ കളിക്കണം. ഫീല്‍ഡിങ്ങിലും മെച്ചപ്പെടേണ്ട മേഖലകള്‍ ഏറെയാണ്. കൊല്‍ക്കത്തയ്‌ക്കെതിരായ ഫീല്‍ഡിങ് പ്രകടനം വച്ച്‌ ടീം വിജയം അര്‍ഹിക്കുന്നില്ല. ഈ മല്‍സരത്തില്‍ തീരെ മികവു പുലര്‍ത്താന്‍ ഞങ്ങള്‍ക്കായിട്ടില്ലെന്നും കോഹ്‌ലി പറഞ്ഞു.