ടി.പി.ചന്ദ്രശേഖരനും താനും ഒരുമിച്ച്‌ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന് പി ജയരാജന്‍

തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരനും താനും ഒരുമിച്ച്‌ ജയില്‍വാസം അനുഭവിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തി പി ജയരാജന്‍. നാല്‍പ്പാടി വാസു കേസിലെ എഫ്.ഐ.ആറില്‍ നിന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരനെ ഒഴിവാക്കിയതിനെതിരെ കോഴിക്കോട് ഐ.ജി ഓഫീസിലേക്ക് മാര്‍ച്ച്‌ നടത്തിയിരുന്നു. ഇതിനാണ് തന്നെയും തന്നെയും ടി.പിയെയും ജയിലില്‍ അടച്ചത്. അന്ന് ഇപ്പോഴത്തെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും ആര്‍.എം.പി നേതാവ് കെ.വേണുവും കൂടെയുണ്ടായിരുന്നു. സി.പി.എം വിട്ടശേഷം പാര്‍ട്ടിയിലേക്ക് തിരിച്ച്‌ വരുന്നത് സംബന്ധിച്ച്‌ ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അവസാന നിമിഷം ചില ശക്തികള്‍ തടഞ്ഞതാണെന്നും പി ജയരാജന്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

സി.പി.എമ്മുമായി ശത്രുത വച്ചുപുലര്‍ത്തുന്നത് ശരിയല്ലെന്ന് ആര്‍.എം.പിയില്‍ തന്നെ അഭിപ്രായമുണ്ടായിരുന്നു. ഇതിനെ കുറിച്ച്‌ വേണുവുമായി അരമണിക്കൂറോളം സംസാരിച്ചിരുന്നു. പിന്നീട് ടിപിയെ കൂട്ടി വരാമെന്ന് പറഞ്ഞ് പോയെങ്കിലും അതുണ്ടായില്ല. തിരുവനന്തപുരത്ത് വച്ച്‌ കൂടിക്കാഴ്ച നടത്താമെന്ന് നിശ്ചയിച്ചെങ്കിലും അവസാന നിമിഷം നടന്നില്ല. ഏതോ ഒരു ശക്തി അദ്ദേഹത്തെ പിന്മാറാന്‍ നിര്‍ബന്ധിച്ചു. ചര്‍ച്ച നടക്കുന്ന കാര്യം അന്നത്തെ പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് അറിയാമായിരുന്നു.എന്നാല്‍ പിന്നീട് ചര്‍ച്ച നടന്ന കാര്യമൊക്കെ നിഷേധിച്ച്‌ വേണു അടക്കമുള്ളവര്‍ തങ്ങളയൊക്കെ കേസില്‍ പ്രതിയാക്കാനാണ് ശ്രമിച്ചതെന്നും സത്യസന്ധമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരാളാണ് താനെന്നും ജയരാജന്‍ പറഞ്ഞു.