ടാറ്റ ഗ്രൂപ്പ് വ്യോമയാനമേഖലയില്‍ കുതിപ്പിനൊരുങ്ങുന്നു

1931ല്‍ ഇന്ത്യയിലെ ആദ്യ വിമാനകമ്പനി സ്ഥാപിച്ച ടാറ്റ ഗ്രൂപ്പ് ഏതാണ്ട് ഒരു നൂറ്റാണ്ടിനിപ്പുറത്ത് മറ്റൊരു കുതിപ്പിനൊരുങ്ങുകയാണ്. 

ജെറ്റ് എയർവേയ്‌സ് കളമൊഴിഞ്ഞിടത്തേക്കാണ് ടാറ്റ ഗ്രൂപ് പുതിയ ശക്തി സംഭരിച്ച് കടന്നുവരാനൊരുങ്ങുന്നത്. നിലവില്‍ അവര്‍ എയര്‍ ഏഷ്യ,വിസ്താര എന്നീ കമ്പനികളുടെ അന്‍പതിലേറെ ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നുണ്ടെങ്കിലും ഈ കമ്പനികളുടെ വളര്‍ച്ച പരിതാപകരമായു അവസ്ഥയിലാണ്.

2014ല്‍ മലേഷ്യയിലെ എയര്‍ ഏഷ്യ ബെര്‍ഹാദുമായി ചേര്‍ന്ന് ടാറ്റ രൂപീകരിച്ച എയര്‍ഏഷ്യ കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ 5.5 ശതമാനം മാത്രമാണ് കൈയ്യാളുന്നത്. ടാറ്റ-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കൂട്ടായ്മയായ വിസ്താരയാകട്ടെ 4 ശതമാനവും. മൊത്തം വ്യവസായത്തിന്റെ പകുതിയോളം കൈയ്യാളുന്ന ഇന്‍ഡിഗോയുടെ ഓഹരി വിഹിതം 44.4 ശതമാനമാണ്.  

ഉപ്പുമുതല്‍ സോഫ്റ്റ് വെയര്‍ വരെ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും ശക്തരായ ടാറ്റ ഗ്രൂപ്പിന് എന്തുകൊണ്ട് വ്യോമയാനമേഖല  ഇപ്പോഴും ബാലികേറമലയാകുന്നു എന്ന ചോദ്യം ഉയരുമ്പോള്‍ ഉത്തരങ്ങള്‍ നിരവധിയാണ്. ഒരു യുഎസ്പി (യുണീക്ക് സെല്ലിംഗ് പോയിന്റ്) ഇല്ലാത്തതാണ് ഇവരുടെ പ്രശ്‌നം. സമയനിഷ്ഠ ഇന്‍ഡിഗോ തങ്ങളുടെ മേന്മയായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഗോ എയര്‍ അധിക ലെഗ് റൂം സൗകര്യവും മറ്റും പരസ്യം ചെയ്യുന്നു. എന്നാല്‍ വിസ്താരയ്ക്കും എയര്‍ഏഷ്യയ്ക്കും ഉയര്‍ത്തിക്കാണിക്കാന്‍ ഇത്തരം പ്രത്യേകതകള്‍ ഒന്നുമില്ല,

വിമാനങ്ങളുടെ കുറവാണ് കമ്പനികളുടെ മോശം പ്രവര്‍ത്തനത്തിന് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പിന്നീട് ബാധ്യതയാകുമോ എന്ന ഭീതിയില്‍ കൂടുതല്‍ വിമാനങ്ങള്‍ വാങ്ങി സര്‍വീസ് വര്‍ധിപ്പിക്കാന്‍ ഇരു കമ്പനികളും ശ്രമിക്കുന്നില്ലെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. നിലവില്‍ എയര്‍ ഏഷ്യയ്ക്ക് 21ഉം വിസ്താരയ്ക്ക് 22ഉം വിമാനങ്ങള്‍ മാത്രമാണുള്ളത്.

ജെറ്റ് എയര്‍വേസിന്റെ പതനവും അവരുടെ അസാന്നിധ്യം തീര്‍ക്കുന്ന അവസരവും ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ഇപ്പോള്‍ ടാറ്റ ഗ്രൂപ്പ്. വിസ്താര ഇതിനോടകം നാല് ബോയിംഗ് 737-800 വിമാനങ്ങളും രണ്ട് എയര്‍ബസ് 320 വിമാനങ്ങളും വാടകയ്‌ക്കെടുക്കാനുള്ള കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. അഞ്ഞൂറോളം പുതിയ ജീവനക്കാരെ നിയമിക്കാനും പദ്ധതിയുണ്ട്.

പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി പ്രമോട്ടര്‍മാരായ ടാറ്റ ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും 4000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ഏഷ്യയാകട്ടെ വരുന്ന 15 മാസത്തിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് പദ്ധതിയിടുന്നത്. അനുമതികള്‍ ലഭ്യമായാല്‍ ഒക്ടോബറോട് അന്തര്‍ദ്ദേശീയ സര്‍വീസുകളും കമ്പനി ആരംഭിക്കും.

ഇരുകമ്പനികള്‍ക്കും വ്യത്യസ്ത ബിസിനസ് മോഡലുകളാകും ടാറ്റ പരീക്ഷിക്കുക. എയര്‍ ഏഷ്യ ചെലവുകുറഞ്ഞ സര്‍വീസുകള്‍ പരീക്ഷിക്കുമ്പോള്‍ വിസ്താരയുടെ ലക്ഷ്യം യൂറോപ്യന്‍ മാര്‍ക്കറ്റാണ്. അധികം താമസിയാതെ തന്നെ എമിറേറ്റ്‌സ് പോലുള്ള വലിയ കമ്പനികളോട് മത്സരിക്കാനുതകും വിധം വിസ്താര ചിറക് വിരിക്കും.