ഞൊടിയിടയിൽ കിട്ടാവുന്ന 100 മെഡിക്കൽ സീറ്റുകൾ രാഷ്ട്രീയപ്പോരിൽ സ്വാഹ!

സംസ്ഥാന സർക്കാർ രാഷ്ട്രീയം മാറ്റിവച്ച് അൽപ്പം മനസാക്ഷി കാട്ടിയാൽ 100 മെഡിക്കൽ സീറ്റുകൾ സംസ്ഥാനത്തിന് ഈ വർഷം ലഭിക്കും. സർക്കാർ ചെയ്യേണ്ടത്‌ ഇത്രമാത്രം: ഏകദേശം 300 കിടക്കകളോടെ പണിതീർന്നു കിടക്കുന്ന കോന്നി മെഡിക്കൽ കോളജ് ഉദ്ഘാടനം ചെയ്യുക.

ഇനിയും സമയം നഷ്ടപ്പെടുത്താതെ കോളജ്‌ ഉദ്ഘാടനം ചെയ്യാൻ കഴിഞ്ഞാൽ കോളജിന് ഏറ്റവും നേരത്തെ മെഡിക്കൽ കൗൺസിൽ അംഗീകാരം നേടാനാവും, ഏകദേശം നൂറു കുട്ടികൾക്ക് പഠിക്കാൻ പ്രവേശനം ലഭിക്കും.

കോന്നി മെഡിക്കൽ കോളേജിലേക്കുള്ള റോഡുകളും ആധുനിക രീതിയിൽ പണിതീർന്നു കിടക്കുകയാണ്. മലയോര ഗ്രാമമായ കോന്നിയുടെ വികസനസ്വപ്നം ആണ് കോന്നി മെഡിക്കൽ കോളേജ്. അനേകർക്ക് പഠിക്കാനും ചികിത്സ നേടാനും അനവധി പേർക്ക് ജോലി ലഭിക്കാനും ഇതോടെ സാധ്യത തെളിയും. അത്.

കോന്നി എംഎൽഎ അടൂർ പ്രകാശിന്റെ ശ്രമഫലമായിട്ടാണ് കോളജ് സ്ഥാപിതമായത്. അതാണിപ്പോൾ വിനയായതെന്നാണ് നാട്ടുകാർ പറയുന്നത്. കോളജ് ഉദ്ഘാടനം ചെയ്യുന്നതോടെ സർക്കാരിനും അതിന്റെ ക്രെഡിറ്റ് കിട്ടും. പിന്നെ എന്തിനാണ് ഉദ്ഘാടനം വൈകിക്കുന്നതെന്നാണ് നാട്ടുകാരുടെ ചോദ്യം. ഉദ്ഘാടനം ഈ വർഷവും നടന്നില്ലെങ്കിൽ കേരളത്തിന് സർക്കാർ മേഖലയിൽ ലഭിക്കേണ്ട 100 സീറ്റുകൾ സ്വാഹ!