ഞാനൊരു നല്ല നടനാണെന്ന് ഇപ്പോഴും എനിക്ക് തോന്നിയിട്ടില്ല: ഇന്ദ്രന്‍സ്‌

ലക്ഷ്മി

ഇന്ദ്രന്‍സ് – മികച്ച നടന്‍ എന്ന താരപ്പകിട്ടില്‍ ഭ്രമിക്കാത്ത ഒരു സാധാരണ മനുഷ്യന്‍. നാടകാഭിനയത്തില്‍ തുടങ്ങി വസ്ത്രാലങ്കാരക്കാരനായി സിനിമയിലെത്തി. പിന്നീട് വെള്ളിത്തിരയിൽ മുഖം കാണിച്ച് നല്ല നടനായി കൈനിറയെ ചിത്രങ്ങളുമായി അദ്ദേഹം നിറഞ്ഞുനില്‍ക്കുകയാണ്. സിനിമാ‍ ജീവിതം തുടങ്ങിയിട്ട് 37 വര്‍ഷം. ഇതിനോടകം അഞ്ഞൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. 1981ൽ ‘ചൂതാട്ടം’ എന്ന സിനിമയിൽ കോസ്റ്റിയൂമറായി എത്തിയ അദ്ദേഹം ആ ചിത്രത്തില്‍ തന്നെ ചെറിയൊരു വേഷവും കൈകാര്യം ചെയ്തു. അവിടെനിന്നു തുടങ്ങിയ അഭിനയ ജീവിതത്തില്‍ അപ്പോത്തിക്കിരിയിലെ അഭിനയത്തിന് 2014-ലെ പ്രത്യേകജൂറി പരാമർശം. ആ യാത്ര 2018ല്‍ എത്തിനില്‍ക്കുമ്പോള്‍ ആളൊരുക്കത്തിലൂടെ മികച്ച നടൻ എന്ന ബഹുമതി. പുരസ്‌കാരം ലഭിച്ച പശ്ചാത്തലത്തില്‍ അദ്ദേഹം 24 കേരളയ്ക്ക് അനുവദിച്ച അഭിമുഖം വായിക്കാം.

‘ആളൊരുക്കത്തി’ലെ അഭിനയത്തിനാണ്‌ ഈ വര്‍ഷത്തെ മികച്ച നടനുള്ള അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. അവാര്‍ഡ് കിട്ടിയ അവസരത്തില്‍ എന്താണ് പറയാനുള്ളത് ?

എന്നെ ഒരുപാട് ഇഷ്ടമുള്ളവര്‍ക്കും എന്നെ ഇതുവരെ കൊണ്ടെത്തിച്ചവര്‍ക്കും അവരുടെ ശ്രമത്തിനും ഒക്കെകൂടി ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും കൂടി കിട്ടിയ ഒരു അംഗീകാരം.

ആളൊരുക്കത്തിലെ അഭിനയത്തെക്കുറിച്ച് പറയാമോ ?

ഓരോ വേഷം ചെയ്യുമ്പോഴും ഒരോ സീന്‍ എടുക്കമ്പോഴും സംവിധായകന്റെയും ക്യാമറാമാന്റെയും ഒക്കെ മുഖത്ത് നോക്കി അവര്‍ തൃപ്തരാണോ എന്ന് നോക്കി ശരിയായോ എന്ന് വായിച്ചെടുക്കാന്‍ ശ്രമിക്കും.
അങ്ങനെയൊക്കെയാണ് ഒരോ സിനിമയും ചെയ്യുന്നത്. ഈ കഥാപത്രം ചെയ്യുമ്പോള്‍ ഒരു പേടിയാണ് എനിക്കുണ്ടായിരുന്നത്. അധികം വാചാലനൊന്നും അല്ലാതിരുന്ന ഒരു കഥാപാത്രമാണിത്. തുടക്കത്തില്‍ എല്ലാവരും രസത്തില്‍ കൂടുമെങ്കിലും പടം പിന്നീട് അങ്ങോട്ട് നീങ്ങുമ്പോള്‍ ഈ കഥാപാത്രം അധികം സംസാരിക്കുന്നൊന്നുമില്ല. സംവിധായകന്റെയൊക്കെ മനസിലുണ്ടായിരുന്നതുപോലെ നമുക്ക് ചെയ്യാന്‍ പറ്റിയോ എന്നൊരു പേടിയേ ഉണ്ടായിരുന്നുള്ളൂ.

ആളൊരുക്കം എന്ന സിനിമയുടെ കഥ കേട്ടപ്പോള്‍ എന്താണ് ആദ്യം തോന്നിയത് ?

ഉത്സാഹം തന്നെയാണ് തോന്നിയത്. ഇരുന്ന് ഇരുന്ന് കിട്ടുന്ന സമ്മാനങ്ങളില്‍ ഒന്നായിരുന്നു. വളരെ ശ്രദ്ധിക്കേണ്ട ഒന്നാണെന്ന് തോന്നി. ഒരു ഡേറ്റ് തന്നാല്‍ അതിനുമുന്നേ മറ്റുപണികളൊക്കെ തീര്‍ത്ത് തിരക്കില്‍ നിന്നൊക്കെ ഒഴിഞ്ഞ് കുറച്ചൊന്നു സ്വസ്ഥമായി അതിനോടൊപ്പം ചേരണം എന്നുള്ള തയാറെടുപ്പ് ഇങ്ങനെയുള്ള കഥാപാത്രം ചെയ്യുമ്പോള്‍ ഉണ്ടാകും. ഓടിനടക്കലൊക്കെ കുറച്ചിട്ട് ഇതിനുവേണ്ടി ഒന്ന് തയ്യാറാകും. അങ്ങനെ തയാറെടുത്ത് ചെയ്ത ഒരു വേഷമാണിത്.

വസ്ത്രാലങ്കാര രംഗത്തുനിന്ന് അഭിനയ രംഗത്തെത്തിയപ്പോള്‍ സിനിമ സമ്മാനിച്ചത് എന്താണ് ?

വസ്ത്രാലങ്കാര രംഗത്ത് എത്തുമ്പോള്‍ മുതല്‍ക്ക് ഒരു കോസ്റ്റിയൂമര്‍ എന്ന നിലയിലോ അവിടെ നിന്ന് പതുക്കെ പതുക്കെ ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയിലോ വരുമ്പോഴൊക്കെ അനുദിനം കിട്ടിയത് നല്ല സ്‌നേഹവും പ്രത്സാഹനവുമാണ്. ഒരു തയ്യല്‍ക്കാരന്‍ എന്ന നിലയ്ക്ക് വൃത്തിയായി ഒരു കുപ്പായം ഒരാള്‍ക്ക് തുന്നികൊടുത്ത് തൃപ്തിപ്പെടുത്തുക. ആ തൃപതിപ്പെടുത്തലില്‍ നിന്ന് മനസില്‍ നേടിയെടുത്ത ഇഷ്ടമാണ് പിന്നീട് അവര്‍ക്ക് എന്നോടു തോന്നുന്ന ഇഷ്ടം. അതുപോലെ ഓരോ വേഷം തരുമ്പോഴും അവരുടെ ഉള്ളില്‍ ഉണ്ടാകുന്ന തൃപ്തിയാണ് എന്നെ പ്രോത്സാഹിപ്പിച്ചത്. ഈ ഒരു സ്‌നേഹം എനിക്ക് കിട്ടിക്കൊണ്ടേയിരുന്നു. ടെക്‌നീഷ്യന്‍മാരുടെ ഇടയില്‍ ആര്‍ട്ട് ഡയറക്ടര്‍, യൂണിറ്റുകാര്‍ തുടങ്ങി എല്ലാ മേഖലയില്‍ നിന്നുമുള്ള പിന്തുണ
ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് എനിക്ക് കിട്ടുന്നുണ്ട്. ഒരു ആര്‍ട്ടിസ്റ്റിനും കിട്ടാത്ത ഒരു അനുഭവമാണത്. എന്നെ സംബന്ധിച്ചിടത്തോളം അത്‌ എനിക്ക് ഉണ്ടാക്കുന്ന ഒരു സന്തോഷം വളരെ വലുതാണ്. ഇത് ചിലപ്പോള്‍ വേറൊരു ആര്‍ട്ടിസ്റ്റിനുണ്ടാവില്ല. എല്ലാവര്‍ക്കും ഒരു പരിമിതിയുണ്ട്. ഞാന്‍ താഴേന്ന്‌ വന്നതാ. എന്റെ കൂട്ട് കെട്ട് താഴേന്ന് തുടങ്ങിയത്‌ കൊണ്ട് ആര്‍ക്കും കിട്ടാത്തൊരു കൂട്ട് കെട്ട് എനിക്ക് ഉണ്ടായി. ഇപ്പോഴും എല്ലാവരുമായുള്ള ബന്ധം നിലനിര്‍ത്താന്‍ പരമാവധി ശ്രമിച്ചുപോരുന്നു.

അടൂരിനെയും ടി വി ചന്ദ്രനെയും പോലുള്ള മികച്ച സംവിധായകരുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുണ്ട് താങ്കള്‍. എങ്ങിനെയായിരുന്നു ആ അനുഭവം ?

അവരുടെ ഒരു സ്‌കൂളും അവരുടെ ഒരു രീതിയും വേറെയാണ്. ആ പരുവപ്പെടുത്തലുകളിലൂടെയാണ് ഞാനെന്ന നടന്‍ ഇങ്ങിനെയായത്.

മലയാളത്തില്‍ അഞ്ഞൂറിലധികം സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു. ഈ അവസരത്തില്‍ പങ്കുവെയ്ക്കാന്‍ ഇഷ്ടപ്പെടുന്ന, നല്ലൊരു നിമിഷമേതാണ് ?

ആഗ്രഹമുണ്ട് സാധിക്കില്ല എന്ന് വിചാരിച്ചിരുന്ന ഒരു കാര്യം നേരിട്ട് കാണുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു നിമിഷം. ഒരു സിനിമാ നടനെന്നൊക്കെ പറഞ്ഞ് നമ്മുടെ പോസ്റ്റര്‍ നമ്മള്‍ നടന്നുപോകുമ്പോള്‍ നേരെ കാണുന്ന ആ നിമിഷം. ‘ഉത്സവമേളം’ എന്ന ചിത്രത്തിലെ എന്റെ പോസ്റ്റര്‍ ആദ്യമായി ഞാന്‍ തൊട്ടടുത്ത് നിന്ന് മലര്‍ന്നുനോക്കി കണ്ട നിമിഷം. സുരേഷ് ഉണ്ണിത്താന്റെ ‘ഉത്സവമേളം’ എന്ന ചിത്രം. ആ ചിത്രത്തില്‍ അദ്ദേഹം എനിക്കൊരു വലിയ വേഷവും തന്നു, പോസ്റ്ററില്‍ വലിയൊരു പടവും തന്നു. ഞാന്‍ സിനിമാ നടനോ? ഞാനോ എന്നൊക്കെ ആലോചിച്ച് ഒത്തിരിനേരം നിശബ്ദനായി നിന്ന് പോയ ആ ഒരു നിമിഷം.

സുരേന്ദ്രന്‍ ഇന്ദ്രന്‍സ് ആകുന്നത് എപ്പോഴാണ് ?

സുരേന്ദ്രന്‍ തന്നെയാണ് ഇപ്പോഴും എന്റെ പേര്. ഞാന്‍ എന്റെ കടയ്ക്കിട്ട പേരാണ് ഇന്ദ്രന്‍സ്. കോസ്റ്റിയൂം
ചെയ്തപ്പോഴും ഇന്ദ്രന്‍സ് എന്ന പേര് കൊടുത്തു. എങ്ങനെയെന്ന് എനിക്ക് അറിയില്ല ഇന്ദ്രന്‍സായതെന്ന്. ഇപ്പോള്‍ ഇന്ദന്‍സെന്നാണ് അറിയുന്നത്. പഴയകൂട്ടുകാരൊക്കെ സുരേന്ദ്രന്‍ എന്നാണ് വിളിക്കുന്നത്.

നീണ്ടകാലമായി അഭിനയരംഗത്തുള്ള താങ്കള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അഭിനയജീവിത്തിന്റെ മറ്റൊരു തലത്തിലെത്തിയിരുന്നു. ആ വേറിട്ട നടത്തത്തിനുള്ള അംഗീകാരമാണോ ഇത്തവണ ലഭിച്ചത് ?

അങ്ങനെ വേണമെങ്കിലും പറയാം. ഒരു എക്‌സ്പീരിയന്‍സ് ഉണ്ടെന്നുകരുതി മൂപ്പുനോക്കി കൊടുക്കാന്‍ ഒരു അംഗീകാരം ഉണ്ടെന്നു തോന്നുന്നില്ല. നമ്മള്‍ ഏതു മേഖലയിലാണോ ഉള്ളത് അവിടെ നമ്മള്‍ എത്രമാത്രം മുന്നേറുന്നു. ഒരു നടന്റെ അവാര്‍ഡ് കിട്ടാന്‍ ഇത്രയും കാലമൊന്നും വേണമെന്നില്ല. നന്നായി അഭിനയിക്കുന്നവന് ആദ്യ സിനിമ മതി ഞാന്‍ നല്ല നടനാണ് എന്ന് തെളിയിക്കാന്‍. ജൂറിയുടെ മുന്നില്‍ എത്തുമ്പോള്‍ അവിടെ മറ്റൊരു രീതിയില്‍ വിലയിരുത്തപ്പെടും. അവിടെ അങ്ങനെയാവും. എന്നെ സംബന്ധിച്ചോളം ഇത്രയും കാലം എനിക്ക് വേണ്ടിവന്നു. കാരണം ഞാനൊക്കെ ഒരുപാട് പരിമിതികള്‍ ഉള്ള നടനാണ്. ശാരീരികമായും, ശബ്ദത്തിലും, ഞാന്‍ ചെയ്തുവന്ന കഥാപാത്രങ്ങളുമൊക്കെ നോക്കുമ്പോള്‍ എനിക്ക് കുറച്ച് കാത്തിരിക്കേണ്ടിവരും ഇങ്ങനെ ഒരു തസ്തികയിലേക്ക് വരാന്‍. നടന്‍മാരുടെ ലിസ്‌ററിലേക്ക് വന്നുപെടാന്‍ പാകമാകാന്‍ എനിക്ക് കുറച്ചുകൂടി പണിപ്പെടേണ്ടി വരുന്നു.

ചെറിയ, ചെറിയ വേഷങ്ങളില്‍ തുടങ്ങി നീണ്ട വര്‍ഷങ്ങള്‍ ഹാസ്യതാരമായാണ് അഭിനയിച്ചത്. അന്ന് എപ്പോഴെങ്കിലും മടുപ്പ് തോന്നിയിരുന്നോ ?

എല്ലാം ഇഷ്ടപ്പെട്ടു ചെയ്യുന്നതല്ലേ. എങ്ങനെ മടുപ്പുതോന്നും? പ്രതിഫലവും കിട്ടുന്നുണ്ട്, സംതൃപ്തിയും കിട്ടുന്നുണ്ട്. നമ്മുടെ കുടുംബത്തില്‍ മടുപ്പ് തോന്നിയില്ലെങ്കില്‍ പ്രശ്‌നമില്ല. നമ്മുടെ കുടുംബമാണ് പ്രധാനം. വീട്ടില്‍ സഹോദരങ്ങള്‍, അച്ഛന്‍, അമ്മ, ഭാര്യ, മക്കള്‍ അങ്ങനെ തൃപ്തിയുള്ള ഒരു കുടുംബത്തില്‍ നിന്ന് നമ്മള് എവിടെ ഇറങ്ങിപ്പോയാലും അത് വിജയമായിരിക്കും. അതിനനുസരിച്ച് നമ്മുടെ മനസും പൊയ്‌ക്കൊണ്ടേയിരിക്കും. നമുക്ക് ചെന്ന് ചേക്കേറാനുള്ള ഇടം തൃപ്തിയുള്ളതാണെങ്കില്‍ അവിടെ നിന്ന് ഇറങ്ങിപോകുന്ന ആരായാലും നല്ലനിലയിലേ പോകുകയുള്ളൂ. കാരണം അതിന്റെ റിമോട്ട് വീട്ടിലാണ്. ഒരു സ്ത്രീ വിചാരിച്ചാലെ അങ്ങനെ ചെയ്യാന്‍ പറ്റുകയുള്ളൂ. എത്ര കൊള്ളാത്തവനെയും നല്ല രീതിയില്‍ കൊണ്ടുവരാനും നല്ല വഴിക്ക് വിടാനും ഒക്കെ ഒരു സ്ത്രീക്ക് കഴിയും. ഏറ്റവും മഹത്തായി നില്‍ക്കുന്ന ഒരു സ്ത്രീ അമ്മയാണോ ഭാര്യയാണോ മകളാണോ… എന്തായാലും കുടുംബത്തില്‍ നിന്ന് നമ്മളെ രൂപപ്പെടുത്തിവിടുന്നത് അവരാണ്.

എന്ന് മുതല്‍ക്കാണ് ഞാന്‍ നല്ലൊരു നടനാണ് എന്ന് അങ്ങേയ്ക്ക് തോന്നി തുടങ്ങിയത് ?

എനിക്ക് അങ്ങനെ തോന്നിയിട്ടില്ല ഇപ്പോഴും. ഇതിപ്പോ വര്‍ഷം തോറും നടന്ന് പോകുന്ന പ്രക്രിയയാണ്.
നല്ലൊരു സിനിമയായപ്പോള്‍ എനിക്ക് അവാര്‍ഡ് നല്‍കി എന്ന് മാത്രം. പക്ഷേ നല്ല നടനാവണമെങ്കില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. അങ്ങനെ കുറേ നല്ല നടന് വേണ്ട കാര്യങ്ങളൊക്കെ വേണം. അതുകൊണ്ട് അഭിനയം നന്നായത് കൊണ്ട് മാത്രം ഞാന്‍ നല്ല നടനാകുന്നില്ല. നടനുവേണ്ടിയുട്ടുള്ള കുറേകാര്യങ്ങള്‍ മുതിര്‍ന്നവര്‍ പറഞ്ഞുവെച്ചിട്ടുണ്ട്. അവിടെ ഞാന്‍ എത്രത്തോളം പൂര്‍ണത നേടിയിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. ഇപ്പോള്‍ ഞാന്‍ ചെയ്യുന്നത് എന്റെ പരിമിതിയില്‍ നിന്നുകൊണ്ടാണെന്നുമാത്രം.