സിജി. ജി. കുന്നുംപുറം
1930 ജൂണ്‍ 30ന് അന്ന് ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മംഗലാപുരത്താണ് ജോർജ് ഫെർണാണ്ടസ് ജനിച്ചത്. ആറു മക്കളില്‍ മൂത്തവനാണ് ജോര്‍ജ് ഫെര്‍ണാണ്ടസ്. ജെറി എന്നായിരുന്നു അദ്ദേഹത്തിന്റെ ചെല്ലപ്പേര്. മംഗളൂരുവിലെ സെന്റ് അലോഷ്യസ് സ്കൂളിലായിരുന്നു ഹൈസ്കൂള്‍ വിദ്യാഭ്യാസം. 10 ക്ലാസിന് ശേഷം പഠനം തുടര്‍ന്നില്ല. സ്കൂള്‍ പഠനത്തിന് ശേഷം ബാംഗ്ളൂര്‍ സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ കത്തോലിക്കാ വൈദികനാകാന്‍ ചേര്‍ന്നു. രണ്ടര വര്‍ഷത്തോളം ഫിലോസഫി പഠിച്ച ജോര്‍ജ് മൂന്നാം വര്‍ഷം അവിടെ നിന്ന് ഇറങ്ങൂന്നത് സെമിനാരി അധികാരികള്‍ കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധിച്ചായിരുന്നു.
പള്ളികളുമായി ബന്ധപ്പെട്ട് പറയുന്ന കാര്യങ്ങള്‍ക്കും പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ക്കും തമ്മില്‍ ഒരുപാട് അന്തരമുണ്ടായിരുന്നുവെന്ന് താന്‍ തിരിച്ചറിഞ്ഞുവെന്ന് ജോര്‍ജ് പില്ക്കാലത്ത് പറഞ്ഞിട്ടുണ്ട്. അങ്ങനെ നാട്ടില്‍ തിരിച്ചെത്തിയ ജോര്‍ജ് പിന്നെ ചെയ്തത് മംഗലാപുരത്തെ ഹോട്ടലുകളിലും ഗതാഗത മേഖലയിലുമൊക്കെ ജോലി ചെയ്യുന്ന അസംഘടിതരായ തൊഴിലാളികളെ സംഘടിപ്പിക്കലായിരുന്നു.
1949-ല്‍ ബോംബെയിലെത്തിയ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ജീവിതം അവിടെ വച്ച് മാറിമറിയുകയായിരുന്നു. തുടക്കത്തില്‍ പട്ടിണിയും കിടക്കാന്‍ ഇടംപോലുമില്ലാതിരുന്ന ജോര്‍ജിന്റെ ജീവിതം തുടങ്ങുന്നത് ഒരു പത്രത്തില്‍ പ്രൂഫ് റീഡര്‍ ആയിട്ടാണ്. പ്ലാസിഡ് ഡെ മെല്ലോ, റാം മനോഹര്‍ ലോഹ്യ എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായി സോഷ്യലിസ്റ്റ് ട്രേഡ് യൂണിയനില്‍ ചേര്‍ന്ന് പ്രവര്‍ത്തനം ആരംഭിച്ചു.
1961 ലും 68 ലും ബോംബെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. 1967 ലെ പൊതു തിരഞ്ഞെടുപ്പില്‍ മത്സര രംഗത്തെത്തിയതോടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി ബോംബെ സൗത്തില്‍ നിന്നാണ് അദ്ദേഹം മത്സരിച്ചത്. കോണ്‍ഗ്രസ് നേതാവ് എസ്.കെ പാട്ടീലിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.1969 ല്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1973 ല്‍ പാര്‍ട്ടി ചെയര്‍മാനായി.
ജോര്‍ജ് ഫെര്‍ണാണ്ടസ് ഓള് ഇന്ത്യ റെയില്‍വേമെന്‍ ഫെഡറേഷന് പ്രസിഡന്റായ സമയത്ത് 1974 ല്‍ സംഘടിപ്പിച്ച റെയില്‍വേ സമരത്തില്‍ രാഷ്ട്രം ശരിക്കും നിശ്ചലമായി. ശമ്പള പരിഷ്ക്കരണത്തിലെ അപാകതകളില്‍ പ്രതിഷേധിച്ചായിരുന്നു സമരം. റയില്‍വേ യൂണിയനുകള്‍ക്ക് പുറമെ മറ്റ് തൊഴിലാളി സംഘടനകളും സമരത്തില്‍ പങ്കെടുത്തു.
അടിയന്തരാവസ്ഥ കാലത്ത് ബിഹാറിലെത്തിയ ജോര്‍ജ് ഫെര്‍ണാണ്ടസ് അവിടം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.ഓള് ഇന്ത്യ റെയില്‍വേമെന്‍സ് ഫെഡറേഷന് പ്രസിഡന്റായിരുന്ന ജോര്‍ജ് 1974-ല്‍ റെയില്‍വേ തൊഴിലാളികളെ സംഘടിപ്പിച്ച് മെയ് എട്ടിന് ആരംഭിച്ച സമരം മെയ് 27 വരെ നീണ്ടു നിന്നു. രാജ്യം അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ച ദിവസങ്ങളായിരുന്നു ഇത്. റെയില്‍വേ തൊഴിലാളികള്‍ക്കു പുറമെ സമസ്ത മേഖലയും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കസേരയ്ക്ക് പോലും ഇളക്കം തട്ടുമെന്ന അവസ്ഥയുണ്ടായി. രാജ്യം മുഴുവന്‍ അസ്വസ്ഥത പടരുന്നത് ഇന്ദിരാ ഗാന്ധി തിരിച്ചറിയുകയും ചെയ്തു. അങ്ങനെ 1975 ജൂണ്‍ 25-ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ദിരാ ഗാന്ധിയുടെ രൂക്ഷ വിമര്‍ശകനായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് ഒളിവില്‍ പോയി. 1975 ജൂലൈയില്‍ ബറോഡയിലെത്തി. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഡൈനാമിറ്റ് വച്ച് ഇന്ദിരാ ഗാന്ധി പ്രസംഗിക്കുന്ന വേദി തകര്‍ക്കാനും സര്‍ക്കാര്‍ ഓഫീസുകള്‍ തകര്‍ക്കാനും പദ്ധതിയിട്ടു. ഇതാണ് പിന്നീട് കുപ്രസിദ്ധമായ ബറോഡ് ഡൈനാമിറ്റ് കേസ് എന്നറിയപ്പെട്ടത്. 1976 ജൂണില്‍ ജോര്‍ജിനെ കല്‍ക്കട്ടയില്‍ വച്ച് അറസ്റ്റ് ചെയ്തു. ബറോഡ ഡൈനാമിറ്റ് കേസിലായിരുന്നു ഇത്. പിന്നീട് തിഹാര്‍ ജയിലിലേക്ക് മാറ്റിയെങ്കിലും ജോര്‍ജിനെതിരെ ഒരിക്കലും ആ കേസില്‍ കുറ്റപത്രം ഉണ്ടായില്ല. വിലങ്ങും ചങ്ങലയുമാല് ബന്ധിക്കപ്പെട്ട കൈകളുയര്‍ത്തി മുഷ്ടി ചുരുട്ടി നില്ക്കുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ഫോട്ടോ പിന്നീട് അടിയന്തരാവസ്ഥ വിരുദ്ധ പോരാട്ടങ്ങളുടെ പ്രതീകമായി മാറി.
ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയുമടക്കമുള്ളവര്‍ പരാജയപ്പെട്ട, കോണ്‍ഗ്രസ് ആദ്യമായി അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട 1977 ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ മുസാഫര്‍പുരില്‍ നിന്ന് മൂന്നു ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. പോള്‍ ചെയ്ത വോട്ടിന്റെ 48.5 ശതമാനം വോട്ടും നേടി. എസ് കെ പാട്ടീലിന് 38.85 ശതമാനം വോട്ട്. പിറ്റേ ദിവസത്തെ ടൈംസ് ഓഫ് ഇന്ത്യ പത്രം ഒന്നാം പേജില്‍ ഇങ്ങനെ തലക്കെട്ട് നല്കി – ‘ജോര്‍ജ് ദ ജയന്റ് കില്ലര്‍’.മൊറാര്‍ജി ദേശായിയുടെ ജനതാ പാര്‍ട്ടി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായി. അമേരിക്കന്‍ ഭീമന്മാരായ ഐബിഎം, കൊക്ക കോള എന്നിവര്‍ക്ക് ഫെര്‍ണാണ്ടസ് ഫെര നിയമം ചുമത്തിയതിനെ തുടര്‍ന്ന് ഇന്ത്യ വിടേണ്ടി വന്നത്.
മൊറാര്‍ജി ദേശായി മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോഴും ജനതാ പാര്‍ട്ടിയിലെ നീക്കുപോക്കുകള്‍ അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ജനതാപാര്‍ട്ടി നേതാക്കളായ എ.ബി വാജ്പേയി, എല്‍.കെ അദ്വാനി എന്നിവരുടെ ആര്‍എസ്എസ് ബന്ധം ചൂണ്ടിക്കാട്ടി യെങ്കിലും വാജ്പേയിയും അദ്വാനിയും ആര്‍എസ്എസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറായില്ല. ഇതോടെ ജനതാ പാര്‍ട്ടി പിളര്‍ന്നു. ദേശായി മന്ത്രിസഭ അവിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാനും കഴിഞ്ഞില്ല.
1980 ല്‍ നടന്ന തിരഞ്ഞെടുപ്പിലും വിജയിച്ചെങ്കിലും പ്രതിപക്ഷത്തായിരുന്നു. 1984 ല്‍ ബാംഗ്ലൂരില്‍ നിന്നും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989 ലും 1991 നടന്ന തിരഞ്ഞെടുപ്പുകളില്‍ വൂണ്ടും മുസാഫര്‍പുരില്‍ നിന്ന് വിജയിച്ചു. ജനാതദളായിരുന്നു തട്ടകം. 1989 ലെ വി.പി സിങ് മന്ത്രിസഭയില്‍ റെയില്‍വേ വകുപ്പ് കൈകാര്യം ചെയ്തു. കൊങ്കണ്‍ റെയില്‍വേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത് ഈ കാലത്താണ്. 1999 ല്‍ ജനതാദളില്‍ നിന്ന് പിരിഞ്ഞ് സമതാ പാര്‍ട്ടി രൂപവത്ക്കരിച്ചു. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ പ്രധാന സഖ്യകക്ഷിയായിരുന്നു സമതാ പാര്‍ട്ടി.
എന്‍.ഡിഎയുടെ ആദ്യ കണ്‍വീനറായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസ്. 2003 ല്‍ ജനതാദള്‍ യുണൈറ്റഡുമായി സമതാ പാര്‍ട്ടി ലയിച്ചു.
1998 -2004 ലെ വാജ്പയി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിസ്ഥാനമാണ് ജോര്‍ജ് ഫെര്‍ണാണ്ടസിന് ലഭിച്ചത്. കാര്‍ഗില്‍ യുദ്ധവും പൊഖ്റാന്‍ ആണവ പരീക്ഷണവും ഈ കാലയളവിലാണ് നടന്നത്. കാര്‍ഗില്‍ യുദ്ധസമയത്ത് നടന്ന ശവപ്പെട്ടി കുംഭകോണവുമായി ബന്ധപ്പെട്ട് വിവാദത്തിലകപ്പെട്ടു.2001-ൽ സിഎജി സമർപ്പിച്ച റിപ്പോർട്ടിൽ 1 കോടി 47 ലക്ഷം രൂപയുടെ അഴിമതി ചൂണ്ടിക്കാട്ടി. ശവപ്പെട്ടി വാങ്ങിയതിൽ അഴിമതി നടന്നുവെന്ന് സി.ബി.ഐ കണ്ടെത്തുകയും 2006-ൽ കേസെടുക്കുകയും ചെയ്തു. കാർഗിൽ യുദ്ധസമയത്തെ പ്രതിരോധ മന്ത്രി അഴിമതിയാരോപണം ഉയർന്നെങ്കിലും അദ്ദേഹത്തെ സി.ബി.ഐ. പ്രതിചേർത്തിരുന്നില്ല.
2001-ല്‍ തെഹല്‍ക്ക നടത്തിയ ഒളിക്യാമറ ഓപ്പറേഷനായ ഓപ്പറേഷന് വെസ്റ്റ് എന്‍ഡും ഫെര്‍ണാണ്ടസിന്റെ കരിയറിലെ കളങ്കമായിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കും സൈനിക ഉദ്യോഗസ്ഥര്‍ക്ക് പണം വാഗ്ദാനം നല്കി കരാറുകള്‍ നേടുന്നത് ഒളിക്യാമറയില്‍ ചിത്രീകരിച്ച തെഹല്‍ക്ക സംഘം ഇത് പുറത്തു വിട്ടതോടെ പണം വാങ്ങിയവരില്‍ ഉള്‍പ്പെട്ട അന്നത്തെ ബിജെപി അധ്യക്ഷന്‍ ബംഗാരു ലക്ഷ്മണന് രാജി വച്ചു. അന്ന് സമതാ പാര്‍ട്ടിയുടെ തലപ്പത്തുണ്ടായിരിക്കുകയും ജോര്‍ജ് ഫെര്‍ണാണ്ടസുമായി വ്യക്തിബന്ധവുമുള്ള ജയാ ജയ്റ്റ്ലിയും പണം വാങ്ങുകയും ജോര്‍ജിനോട് പറഞ്ഞ് ആവശ്യമുള്ളത് ചെയ്തു നല്‍കാമെന്ന് വാഗ്ദാനം ചെയ്തത് ഒളിക്യാമറയിലൂടെ പുറത്തുവന്നു. ജയാ ജയ്റ്റ്ലിക്ക് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഇറങ്ങേണ്ടി വന്നു. ഒടുവില്‍ ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ രാജിയിലേക്കും കാര്യങ്ങള്‍ എത്തി.
എന്നാല്‍ പ്രധാനമന്ത്രി വാജ്പേയി പിന്നീട് അദ്ദേഹത്തെ തിരികെ പ്രവേശിപ്പിച്ചു.
ബാരക് മിസൈല്‍ കുംഭകോണത്തിലും അദ്ദേഹത്തിന്റെ പേര് ഉള്‍പ്പെടുന്നത് ഇക്കാലത്താണ്. കരാറിന്റെ മൂന്നു ശതമാനം തുക ഫെര്‍ണാണ്ടസിനും ജയാ ജയ്റ്റ്ലിക്കുമായി നല്‍കിയെന്നായിരുന്നു തെഹല്‍ക്കയുടെ വെളിപ്പെടുത്തല്‍. അന്വേഷണങ്ങള്‍ ഒരുപാട് നടന്നെങ്കിലും 2013-ല്‍ സിബിഐ കേസന്വേഷണം അവസാനിപ്പിക്കുകയും കോടതി ഇക്കാര്യത്തില്‍ തെളിവുകളില്ല എന്നു വ്യക്തമാക്കുകയും ചെയ്തു.
2009ലെ 15-ആം ലോകസഭാ തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അൽഷിമേഴ്സും പാർക്കിൻസൺസ് രോഗവും ബാധിച്ചതോടെ 2010ൽ ഫെർണാണ്ടസ് പൊതുരംഗം വിട്ടു.മുന്‍ കേന്ദ്രമന്ത്രിയായ ഹുമയൂണ്‍ കബീറിന്റെ മകള്‍ ലൈല കബീറാണ് ഭാര്യ. 1980 കളില്‍ ഇരുവരും വേര്‍പിരിഞ്ഞു. സീന്‍ ഫെര്‍ണാണ്ടസ് മകനാണ്. ജയാ ജയ്റ്റിലിയാണ് 1984 മുതല്‍ സഹയാത്രിക2010 മുതല്‍ മറവി രോഗത്തിന് ഇരയായ അദ്ദേഹം ചികിത്സയിലായിരുന്നു.അസുഖ വേളയില്‍ കോടതി ഉത്തരവ് നേടി ലൈല കബീര്‍ ശുശ്രൂഷ ഏറ്റെടുത്തുവെങ്കിലും അത് കൂടുതല്‍ വിവാദത്തിനിടയാക്കി. ജയാ ജെയ്റ്റ്ലി ഫെര്‍ണാണ്ടസിനെ കാണുന്നത് ലൈല വിലക്കിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. എന്നാൽ 2012-ല്‍ ജയാ ജയ്റ്റ്ലിക്ക് ഫെര്‍ണാണ്ടസിനെ കാണാന്‍ സുപ്രീംകോടതി അനുമതി നല്കി.
അണുബാധ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ശരീരത്തു തൊടാന്‍ പാടില്ലെന്നും ഉത്തരവിട്ടു. 15 ദിവസത്തിലൊരിക്കല്‍ 15 മിനിറ്റ് നേരം സന്ദര്‍ശിക്കാനായിരുന്നു അനുമതി. ഫെര്‍ണാണ്ടസിന്റെ ചികില്‍സയില്‍ ഇടപെടാന്‍ പാടില്ലെന്നും കോടതി ജയയോടു നിര്‍ദേശിച്ചു.