ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തതിന് സ്റ്റേ

കോട്ടയം: ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തെരഞ്ഞെടുത്തതിന് സ്റ്റേ. തൊടുപുഴ മുന്‍സിഫ് കോടതിയാണ് സ്റ്റേ അനുവദിച്ചത്.
ചെയര്‍മാനെ തെരഞ്ഞെടുത്തതിനും തല്‍സ്ഥാനത്ത് തുടരുന്നതിനുമാണ് സ്റ്റേ. ജോസ്ഫ് വിഭാഗം നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി.

സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് സ്റ്റീഫന്‍, മനോഹര്‍ നടുവിലേടത്ത് എന്നിവരാണ് ഹര്‍ജി നല്‍കിയത്. കോടതിയുടെ അറിയിപ്പുണ്ടാകുന്നതു വരെ ചെയര്‍മാന്റെ ഓഫീസ് ഉപയോഗിക്കാന്‍ പാടില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. മുതിര്‍ന്ന നേതാവ് ഇജെ അഗസ്തിയാണ് ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചത്. മുന്‍ എംഎല്‍എ തോമസ് ജോസഫ് നിര്‍ദ്ദേശത്തെ പിന്താങ്ങി.