ക്രൗഡ് പുളളർ

ജോജിത വിനീഷ്

നെയ്തലക്കാവിൻ തിടമ്പൊ –
ന്നണിഞ്ഞവൻ;
തെക്കേനട തുറന്നിന്നെത്തിയോ…

കലിയൊന്നടിക്കിയാ കരിവീരനിന്നിതാ;
ഗജരാജപട്ടം തിടമ്പേറ്റി നിൽപ്പവൻ!

പതിനെട്ടു നഖങ്ങൾ ,ഉയരുന്ന മസ്തകം;
നെടുനീളൻ കരിവീട്ടി, ഉരുണ്ട ദേഹവും!

ഭൂമിയെ സ്പർശിക്കും തുമ്പിക്കൈ,
കൊമ്പാൽ തടുത്തവൻ;
ദേവനെ തിടമ്പിൽ
അശുദ്ധിയാക്കാത്തവൻ!

ആരെയും കൂസാത്ത കർക്കശക്കാരൻ;
മദമൊന്നുലക്കുമ്പോൾ
കൊലയാളി ചമയുന്നവൻ!

കാഴ്ചയില്ലെങ്കിലും
കാഴ്ചക്കു മുമ്പവൻ;
കലിപ്പു തീർക്കുന്നൊരു
കലിപൂണ്ട പാപ്പാനിലും!

കളിയായി വാലിൽ
തൊട്ടൊരാ കുഞ്ഞ്;
കാഴ്ചയില്ലാ വശം വന്ന
ചന്ദ്രശേഖരൻ

പതിമൂന്ന് ജീവന്നെ –
ടുത്തിട്ടു മിന്നവൻ
പൂരപ്രേമികൾക്കിന്നും
ഏകഛത്രാധിപതി!