ജൈനന്മാർ കേരളത്തിൽ

അജീഷ്. പി. എസ്സ്.

ബി സി ആറാം നൂറ്റാണ്ടു മാനവ ചരിത്രത്തിൽ മഹോന്നതമായ ഒരു കാലഘട്ടമായിരുന്നു. പ്രപഞ്ചത്തിന്റെ യഥാർത്ഥ സ്വഭാവത്തെ സംബന്ധിച്ചും മനുഷ്യ ജീവിതത്തിന്റെ ഉദ്ദേശ്യത്തെ കുറിച്ചും ദുഃഖ നിവാരണ മാർഗ്ഗങ്ങളെ സംബന്ധിച്ചുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജ്ഞാനികളായ മഹാരഥന്മാർ അന്വേഷണപഠനങ്ങൾ നടത്തുകയും കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുകയും ചെയ്തുവന്ന സുപ്രസിദ്ധമായ കാലഘട്ടമായിരുന്നു അത്. ഇസ്രായേൽ ദേശത്തു ഏശയ്യാ പ്രവാചകൻ;ഗ്രീസിൽ തേയിൽസ്,ഹെറാക്ളേറ്റ്സ്,അനക്സിമാണ്ടർ എന്നിവർ;ഇറാനിൽ സൊറാസ്ത്രർ;ഇന്ത്യയിൽ വർദ്ധമാന മഹാവീരൻ,ശ്രീബുദ്ധൻ എന്നിവർ; ചൈനയിൽ കൺഫ്യൂഷ്യസ്,ലാവോത് സെ എന്നിവർ.ഇവരെല്ലാം പ്രപഞ്ച-ജീവിത രഹസ്യങ്ങളെ ആരാഞ്ഞുകൊണ്ടു വിവിധ ദര്ശനങ്ങള് മനുഷ്യ രാശിയുടെ മുന്നിൽ സമർപ്പിച്ചു.
പ്രസ്തുത കാലയളവിൽ ഭാരത്തിൽ ജീവിച്ചിരുന്ന വർധമാന മഹാവീരനാണ് ഇന്ത്യയിൽ നിലനിന്നിരുന്ന പ്രമുഖ തത്വചിന്ത ധാരയായിരുന്ന ജൈനമത ദർശനങ്ങളെ പരിഷ്കരിച്ചു കൂടുതൽ സ്ഥലങ്ങളിലേക്ക് പ്രചരിപ്പിച്ചതു. ഇരുപത്തി നാലാമത്തെയും ഇതുവരെ അവതരിച്ചവരിൽ അവസാനത്തെയും തീർത്ഥങ്കരനാണ് മഹാവീരൻ. ഇദ്ദേഹം ബുദ്ധന്റെ സമകാലികനായിരുന്നു, ബി സി ആറാം നൂറ്റാണ്ടിൽ ആയിരുന്നു ഇരുവരും ജീവിച്ചിരുന്നത്. എന്നാൽ രണ്ടു പേരും പരസ്പരം കണ്ടുമുട്ടിയതിന് ചരിത്രരേഖകളില്ല, ഇതുമാത്രമല്ല ജൈനമത ദർശനങ്ങൾ ബുദ്ധമത്തിൽനിന്നും വ്യത്യസ്തവുമാണ്. വർദ്ധമാന മഹാവീരനാണ് ആധുനിക രീതിയിൽ ജൈനമത പ്രമാണങ്ങൾ പരിഷ്കരിച്ചതും ജൈനരുടെ ജീവിത ചര്യയിൽ വേണ്ടവിധ മാറ്റങ്ങൾ വരുത്തിയതും. വാമൊഴിയായി പ്രചരിച്ചുവന്നിരുന്ന ജൈന വിശ്വാസ തത്വങ്ങളെ ക്രോഡീകരിച്ചു തിട്ടപ്പെടുത്തി ആവശ്യമായ പരിഷ്കാരങ്ങൾ നടത്തുക വഴി കൂടുതൽ പേരെ ജൈനമതത്തിലേക്കാകര്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. വൈശാലി, മിഥില,മഗധ,കോസലം തുടങ്ങി സ്ഥലങ്ങളിലെല്ലാം അത് ധാരാളമായി പ്രചരിച്ചു. മഗധയിലെ രാജാവായിരുന്ന ബിംബിസാരൻ ജൈനമതം സ്വീകരിച്ചിരുന്നതായി ജൈന ഗ്രന്ഥങ്ങൾ അവകാശപ്പെടുന്നു.
ജൈനന്മാരുടെ വിശ്വാസമനുസരിച്ചു ഇരുപത്തിനാലു തീർത്ഥങ്കരന്മാർ പ്രാചീനഭാരതത്തിൽ വിവിധ കാലയളവുകളിലായി ജീവിച്ചിരുന്നു. പൂർണ്ണ ജ്ഞാനം നേടിയ ആത്മീയ ഗുരു എന്നാണ് ജൈനമത വിശ്വാസ പ്രകാരം “തീർത്ഥങ്കരൻ” എന്ന പദത്തിനർത്ഥം. അയോധ്യയിൽ ജനിച്ച ഋഷഭനാഥൻ ആണ് ആദ്യത്തെ തീർത്ഥങ്കരൻ. ജേതാവ് എന്നാണ് “ജൈന” എന്ന പദത്തിനർത്ഥം. എല്ലാ തരത്തിലുമുള്ള വികാരങ്ങളെ കീഴടക്കി മുക്തി പ്രാപിച്ചവൻ എന്നാണ് ജൈന മത വിശ്വാസികൾ “ജൈന”,”ജേതാവ്” എന്നീ വാക്കുകൾകൊണ്ട് അർത്ഥമാക്കുന്നത്.
വർദ്ധമാന മഹാവീരന്റെ കാലഘട്ടത്തിൽ പ്രക്ഷുബ്ധമായ സാംസ്കാരിക സാഹചര്യങ്ങളാണ് ഇന്ത്യയിൽ നിലനിന്നിരുന്നത്. നിഷേധാത്മകമായ നിരവധി ആശയങ്ങൾ നിറഞ്ഞ നിരവധി ചിന്ത ധാരകൾ അന്ന് നിലവിലുണ്ടായിരുന്നു. ആര്യന്മാരുടെ കുടിയേറ്റത്തിനു ശേഷം ഉടലെടുത്ത ജാതിവ്യവസ്ഥ, അതിന്റെ ഉച്ച നീചത്വങ്ങളാൽ കൊടുമ്പിരികൊണ്ടിരുന്ന ഘട്ടത്തിമായിരുന്നു അത്. വേദകാലം മുതൽ ഭ്രാഹ്മണ മതം പ്രചരിപ്പിച്ചുവന്ന യാഗങ്ങളെയും വൈദിക മേധാവിത്തത്തെയും മറ്റ് ആചാര അനുഷ്ടാനങ്ങളെയും ബുദ്ധമതവും ജൈനമതവും ശക്തമായി എതിർത്തു. ഋഗ്വേദകാലത്തു അഹിംസയിലും നന്മയിലും അധിഷ്ഠിതമായിരുന്ന ആചാരാനുഷ്ട്ടാനങ്ങൾക്കു പകരം മൃഗബലി ഉൾപ്പെടെയുള്ള നിരവധി ദുരനാചാരങ്ങൾ അക്കാലത്തു നിലവിൽ വന്നുകഴിഞ്ഞിരുന്നു. സാമാന്യയുക്തിയ്ക്ക് നിരക്കാത്ത നിരവധി ആശയങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും പിടിയിലമർന്ന പൊതുജനത്തിന് ജാതിവ്യവസ്ഥ അടിച്ചേൽപ്പിച്ച ദുരിതങ്ങൾ കൂടിയായപ്പോൾ ജീവിത പ്രാരാബ്ധങ്ങൾകൊണ്ട് പൊരുതി മുട്ടേണ്ടി വന്നു. ജാതിവ്യവസ്ഥയ്ക്കു കീഴിൽ മേല്ജാതിക്കാർക്കു മാത്രമാണ് ഉയർന്ന ജീവിത നിലവാരത്തിന് അര്ഹതയുണ്ടായിരുന്നത്. ഇതോടെ സമൂഹത്തിലെ ഭൂരിപക്ഷത്തിനും തങ്ങളുടെ ജീവിതാഭിലാഷങ്ങൾ സാക്ഷാത്കരിക്കുവാൻ സാധിക്കാത്ത ഒരു സാമൂഹികാവസ്ഥ സാംജാതമായി. ഇതെല്ലാം കാരണം സ്വാതന്ത്ര്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സാംസ്കാരിക പരിവർത്തനത്തിനുവേണ്ടി ഭാരതീയ ജനത വെമ്പൽകൊണ്ടു.ഹിംസയിൽ നിന്നും അന്ധവിശ്വാസങ്ങളിൽനിന്നും വിമുക്തമായ ഒരു മതാനുഷ്ടാന സംഹിതയ്ക്കുവേണ്ടി അവർ കഠിനമായി ആഗ്രഹിച്ചു. ജൈന-ബുദ്ധ മതങ്ങൾ ഇതിന്റെയെല്ലാം പരിണതഫലമാണ്.

ജൈനമതം മുന്നോട്ടുവയ്ക്കുന്ന പരമപ്രദാനമായ ആശയം അഹിംസയാണ്.മനുഷ്യന്റെ ജനന മരണങ്ങളുടെയും ദുഃഖ സമ്പൂർണമായ ജീവിതത്തിന്റെയും മൂലകാരണം കർമ്മമാണ് എന്ന് ജൈനമതം അപഗ്രഥിക്കുന്നു.സൽക്കർമ്മങ്ങൾ കൊണ്ട് മാത്രമേ മനുഷ്യന് നിർവ്വാണം അഥവാ മോക്ഷം പ്രാപിക്കുവാൻ സാധിക്കുകയുള്ളു എന്ന് ജൈനർ കരുതുന്നു. ഇതിനായി ത്രിരത്നങ്ങൾ എന്നറിയപ്പെടുന്ന മൂന്നു നിർദേശങ്ങൾ ജൈനമതം മുന്നോട്ടു വയ്ക്കുന്നു.ശരിയായ ജ്ഞാനം, ശരിയായ വിശ്വാസം,ശരിയായ പെരുമാറ്റം എന്നിവയാണവ. ഇവയ്ക്കു പുറമെ സന്യാസം,സ്വയം പീഡനം,നിരാഹാര വൃതമനുസരിച്ചു മരണം പ്രാപിക്കൽ എന്നിവയും മോക്ഷ മാർഗ്ഗങ്ങളാണ്.
പ്രപഞ്ചം മുഴുവനും സൃഷ്ടിച്ചു നിലനിര്ത്തി പോരുന്ന ഒരു അദൃശ്യ ശക്തിയിൽ അഥവാ ഈശ്വരനിൽ ജൈനമതസ്ഥർ വിശ്വസിക്കുന്നില്ല. ആധുനിക കാലഘട്ടത്തിലും യുക്തിവാദികൾ ആരോപിക്കുന്നതുപോലെ, സാമാന്യവിവരമില്ലാതിരുന്ന ജനങ്ങളുടെമേൽ ആധിപത്യം നേടുന്നതിനുവേണ്ടി പുരോഹിത വർഗ്ഗം ഉണ്ടാക്കിയ മിഥ്യ സങ്കൽപ്പമാണ് ദൈവം എന്നുതന്നെയാണ് ജൈനമത പ്രബോധകരുടെയും വാദം. ജൈനമത വീക്ഷണ പ്രകാരം പ്രപഞ്ചവും അതിലെ എല്ലാ ഘടകങ്ങളും കാല-സമയ പരിധികൾക്കു അധീതമായി, ആരംഭമോ അവസാനമോ ഇല്ലാതെ ശാശ്വതമായി നിലനിൽക്കുന്നവയാണ്. പ്രപഞ്ചത്തിൽനിന്നു തന്നെ ഉരുത്തിരിഞ്ഞ,പ്രാപഞ്ചിക നിയമങ്ങൾക്കനുസരിച്ചു എല്ലാഘടകങ്ങൾക്കും നിശ്ചിത വേളകളിൽ രൂപമാറ്റം ഭവിച്ചുകൊണ്ടിരിക്കുന്നെന്നുമാത്രം.ഇക്കാരണത്താൽ പ്രപഞ്ചത്തിൽ പുതുതായി എന്തെങ്കിലും ഉണ്ടാക്കുവാനോ ഉള്ളവ നശിപ്പിക്കാനോ ആർക്കും സാധ്യമല്ല. അതിനാൽ പ്രപഞ്ചം സൃഷ്ടിക്കേണ്ടതിനും പരിപാലിക്കേണ്ടതിനും സംഹരിക്കേണ്ടതിനും ആരുടെയും ആവശ്യമില്ല. ഇതാണ് ജൈനമതം ഈശ്വര അസ്തിത്വം നിഷേധിച്ചുകൊണ്ടു മുന്നോട്ടുവയ്ക്കുന്ന പ്രധാന വാദം. എന്നാൽ പരിപൂർണ്ണത പ്രാപിക്കുന്ന ഒരു ജീവിതഅവസ്ഥ എന്നനിലയിൽ ദൈവം എന്ന പദം ജൈനർ ഉപയോഗിക്കുന്നുണ്ട്. വികാര നിർമാർജ്ജനം നടത്തി,മോക്ഷം പ്രാപിച്ചു, പൂർണ്ണജ്ഞാനവും ദര്ശനവുമെല്ലാം സ്വായത്തമാക്കി നിത്യാനന്ദം അനുഭവിക്കുന്ന ഒരു വ്യക്തിയുടെ ജീവിതാവസ്ഥയെ ജൈനർ ദൈവം എന്നുവിളിക്കുന്നു. ഇതുവരെ അവതരിച്ച തീർത്ഥങ്കരന്മാർ മുഴുവനും ഇപ്രകാരം പൂർണജ്ഞാനം നേടി മുക്തി പ്രാപിച്ചവർ ആയതിനാൽ അവരെയെല്ലാം ദൈവങ്ങളായിഅവരോധിച്ചു ജൈനർ ആരാധിക്കുന്നു. ഇക്കാരണത്താൽ ജൈനമത ക്ഷേത്രങ്ങളിൽ കാണുന്നത് ഏതെങ്കിലുമൊക്കെ തീർത്ഥങ്കരന്റെ പ്രതിഷ്ഠയായിരിക്കും.
ജൈനമതത്തിൽ ദിഗംബരർ,ശ്വേതാംബരർ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. ദിഗംബരർ പരിപൂർണ്ണ നഗ്നരാണ്. മഹാവീരന്റെ നിലപാടനുസരിച്ചു, വസ്ത്രം ധരിക്കുന്നതിനെ മോക്ഷം പ്രാപിക്കുന്നതിന് തടസ്സമായ ഒരു പ്രവൃത്തിയായി, ഇവർ കാണുന്നു. ശ്വേതാംബരർ പേരുപോലെ തന്നെ വെള്ളവസ്ത്രധാരികളാണ്. ഇവർ വസ്ത്ര ധാരണത്തിന്റെ കാര്യത്തിൽ മറ്റൊരു ജൈന തീർത്ഥങ്കരനായ പാർശ്വനാഥന്റെ നിലപാട് സ്വീകരിച്ചിരിക്കുന്നു. മനുഷ്യൻ ഒരു സാമൂഹിക ജീവി ആയതിനാൽ ആവശ്യത്തിന് വസ്ത്രം ധരിക്കുന്നതിൽ തെറ്റില്ല എന്നതായിരുന്നു പാർശ്വനാഥന്റെ ധർമ്മോപദേശം. എ ഡി ഒന്നാം നൂറ്റാണ്ടിലാണ് ജൈനമതസ്ഥർക്കിടയിൽ ഇത്തരത്തിലുള്ളൊരു പിളർപ്പ് ഉണ്ടായത്. വസ്ത്രധാരണത്തിന്റെ കാര്യത്തിന് പുറമെ ചില വിശ്വാസങ്ങളുടെയും അനുഷ്ടാനങ്ങളുടെയും കാര്യത്തിലും ഇരുവിഭാഗത്തിനുമിടയിൽ അഭിപ്രായ ഭിന്നതകളുണ്ട്. കർക്കശമായ ജീവിത ചിട്ടവട്ടങ്ങളാണ് ദിഗംബരർ പിന്തുടരുന്നത്. ഇവർ തലയിലെ മുടി കത്രിക കൊണ്ടോ വായ്ത്തലകൊണ്ടോ മുറിച്ചുകളയുകയില്ല.അപ്രകാരം ചെയ്താൽ തലയിലുള്ള പേൻ ഉൾപ്പെടെയുള്ള ജീവിവർഗ്ഗങ്ങളെ ഹിംസിക്കലാകും എന്നാണ് ഇവർ കരുതുന്നത്. ഇതുകൊണ്ടു തലമുടി കഠിന വേദന സഹിച്ചും വലിച്ചു പറിക്കുകയാണ് പതിവ്. ശ്വേതാംബരരാകട്ടെ എപ്പോഴും വായമൂടിക്കെട്ടിയാണ് സഞ്ചരിക്കുന്നതും വിവിധ പ്രവർത്തികളിൽ ഏർപ്പെടുന്നതും. സംസാരിക്കുമ്പോൾ ചെറുപ്രാണികളോ കീടങ്ങളോ വായിലകപ്പെട്ടു ഹിംസിക്കപെടാതിരിക്കാൻ വേണ്ടിയാണത്. “മുഹപത്തി” എന്നാണ് വായ് മൂടുവാൻ ഇവരുപയോഗിക്കുന്ന തുണിയുടെ പേര്. ദിഗംബര ജൈനർ ഐതിഹ്യങ്ങളിലും വാമൊഴികളിലും വിശ്വസിക്കുമ്പോൾ ശ്വേതാംബര ജൈനർ ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥങ്ങളിൽ വിശ്വസിക്കുന്നു. ആചാരംഗം,സൂത്രകൃതാ൦ഗം,ഭഗവതി സൂത്രം,തത്വാർതീകമസൂത്രം എന്നിവയെല്ലാമാണ് ആധികാരികമായ ജൈനമത ഗ്രന്ഥങ്ങൾ.

ഭാരത സംസ്കാരത്തിന്റെ തനിമയിൽ രൂപം കൊണ്ട ഒരു മത വിഭാഗം എന്ന നിലയിൽ ഭാരതത്തിൽ നിലനിന്നിരുന്ന പൊതുവായ ചില വിശ്വാസങ്ങൾ ജൈനമതത്തിലും പ്രതിഫലിക്കുന്നുണ്ട്. പുനർജ്ജന്മത്തെക്കുറിച്ചുള്ള വിശ്വാസമാണ് അതിൽ പ്രധാനം. സ്ത്രീകൾക്ക് മോക്ഷം ലഭിക്കണമെങ്കിൽ മറ്റൊരു ജന്മത്തിൽ പുരുഷനായി ജനിച്ചിരിക്കണമെന്ന വിശ്വാസം ജൈനമതസ്ഥർക്കിടയിൽ പ്രബലമായിരുന്നു. ഇതുകൂടാതെ ജാതി വ്യവസ്ഥയും ജൈന മതത്തെ സ്വാധീനിക്കുകയുണ്ടായി. ഒരു ഭ്രാഹ്മണ സ്ത്രീ ആയിരുന്ന ദേവ നന്ദയുടെ ഗർഭം ത്രിശലയുടെ ഉദരത്തിലേയ്ക്ക് പരകായക പ്രവേശം ചെയ്തിട്ടാണ് വർദ്ധമാന മഹാവീരൻ ജനിച്ചതെന്ന് ജൈനരിൽ ഒരു കൂട്ടർ വിശ്വസിക്കുന്നു.ഭ്രാഹ്മണ കുല ജാതനായാൽ മാത്രമേ മഹാപുരുഷനാവു എന്ന പ്രാചീന ഭാരതീയ പൊതു വിശ്വാസമായിരിക്കണം ഇത്തരത്തിലുള്ളൊരു ഐതിഹ്യത്തിന് പിന്നിൽ.
വളരെ വിശാലമായ പ്രപഞ്ചവീക്ഷണനമാണ് മറ്റു മതങ്ങളിൽനിന്നും വ്യത്യസ്തമായി ജൈനമതം പിന്തുടരുന്നത്. സെമിറ്റിക്ക് മതങ്ങളെല്ലാം വിവിധ ജീവിജാലങ്ങൾ ഈശ്വര സൃഷ്ടിയാണെന്നുള്ള സങ്കൽപ്പം മുന്നോട്ടുവയ്ക്കുമ്പോൾ, ആധുനിക ശാസ്ത്രജ്ഞരുടെ പരിണാമ സിദ്ധാന്തത്തിനോട് സാദൃശ്യമുള്ള മറ്റൊരു നിരീക്ഷണമാണ് ജൈനർക്കുള്ളത്. എന്നാൽ ആത്മാവ് എന്ന ആശയത്തിലുള്ള ജൈനരുടെ വിശ്വാസം ശാസ്ത്രവുമായി ചേർന്നുപോകുന്നതല്ല. ജൈനർ ജീവി വർഗ്ഗങ്ങളെ പലതായി തരംതിരിച്ചിരിക്കുന്നു.പ്രപഞ്ചം ഏകമായ സത്യമാണെന്നു പ്രഖ്യാപിക്കുന്നതിനൊപ്പം ജീവ വസ്തുക്കളും അജീവ വസ്തുക്കളും ഉൾപ്പെട്ടതാണ് പ്രപഞ്ചമെന്നു ജൈനമതം അപഗ്രഥിക്കുന്നു. ആത്മാവ്,ജഡം എന്നീ പ്രത്യേകതരം ദൃവ്യങ്ങളുടെ സമ്മളിത രൂപമാണ് ജീവവസ്തുക്കൾ. ജീവവസ്തുക്കളിൽ ദൃശ്യത,സ്പർശത,ചലനം എന്നിങ്ങനെയുള്ള ഗുണങ്ങളുണ്ട്. അജീവവസ്തുക്കളും ജീവ വസ്തുക്കളും അവയുടെ നിലനിൽപിന്റെ അടിസ്ഥാനത്തിൽ പിന്നെയും പലതായി തരം തിരിക്കപ്പെട്ടിരിക്കുന്നു. മനുഷ്യന്റെ നഗ്ന നേത്രങ്ങൾക്കൊണ്ടു കാണാനാകാത്ത അമീബ ഉൾപ്പെടെയുള്ള ജീവികൾ വരെ പ്രസ്തുത തരം തിരിവിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന് കാണുമ്പോൾ പ്രാചീന ഭാരതീയരുടെ നിരീക്ഷണ പാടവം എത്രമാത്രം കാര്യക്ഷമമായിരുന്നു എന്ന് അനുമാനിക്കാവുന്നതേയുള്ളു. സിദ്ധന്മാർക്കു ഇത്തരത്തിലുള്ള ജീവികളെ നഗ്നനേത്രങ്ങൾക്കൊണ്ടു കാണാനുള്ള കഴിവുണ്ടെന്ന് ജൈനമതസ്ഥർ വിശ്വസിക്കുന്നു.
ഇതര മതസ്ഥർ മുന്നോട്ടുവയ്ക്കുന്ന മറ്റൊരു പ്രധാന സങ്കല്പമായ സനാതന സത്യം എന്നുള്ളൊരു ആശയത്തിലും ജൈനമതസ്ഥർ ഒരിക്കലും വിശ്വസിക്കുന്നില്ല. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ഗുണപരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാൽ എല്ലാ പ്രപഞ്ച ഘടകങ്ങളും ആപേക്ഷികമാണ്. അതിനാൽ സത്യവും ആപേക്ഷികമാണ് എന്നാണ് ജൈനരുടെ വാദം. ഇത് ആധുനിക ശാസ്ത്രത്തോട് സാമ്യമുള്ള ആശയമാണ്.
ബി സി മൂന്നാം നൂറ്റാണ്ടിൽ ആണ് ജൈനമതം കേരളത്തിലെത്തിയത്. പ്രസ്തുത നാളുകളിൽ ഉത്തര ഭാരതം ഭരിച്ചു വരികയായിരുന്ന മൗര്യ ചക്രവർത്തി ചന്ദ്ര ഗുപ്ത മൗര്യൻ ജൈന ആദർശങ്ങളിൽ ആകൃഷ്ടനായി സ്ഥാനം ഒഴിഞ്ഞുകൊടുത്തു ഭദ്രാബാഹു എന്ന് പേരായ ഒരു ദിഗംബര സന്യാസിയറെയും കൂട്ടി മൈസൂരിനടുത്തുള്ള ശ്രവണബെലഗോള എന്ന ദേശത്തേക്കു വന്നതായി ജൈനർ വിശ്വസിച്ചു പോരുന്നു. അവിടെവച്ചു ചന്ദ്രഗുപ്ത മൗര്യൻ നിരാഹാര വൃതമെടുത്തു മരണം പ്രാപിച്ചുവത്രെ. ഇതുകൊണ്ടു ചന്ദ്രഗുപ്ത മൗര്യനും ഭദ്രാബാഹുവും കൂടി ദക്ഷിണേന്ധ്യയിൽ ജൈനമതം പ്രചരിപ്പിച്ചു എന്നാണ് ജൈനപരമ്പര്യം. ഇവരുടെ അനുയായികൾ ദക്ഷിണേന്ധ്യയുടെ വിവിധ ഭാഗങ്ങളിൽ സന്നർശ്ശിച്ചു ധ്യാനനിരതരായിട്ടുണ്ട്. ഇവരിൽ ചിലർ കേരളത്തിലേയ്ക്ക് വരികയും ഇവിടുത്തെ തദ്ദ്ദേശീയർക്ക് ജൈനമതത്തെ പരിചയപെടുത്തിക്കൊടുക്കുകയും ചെയ്തു എന്നും ജൈനമത പാരമ്പര്യങ്ങൾ വ്യക്തമാക്കുന്നു. ക്രിസ്തുവിന്റെ കാലഘട്ടമായപ്പോഴേക്കും ജൈനമതം കേരളത്തിലെ മുൻനിര ജീവിത ആദര്ശമായി മാറിക്കഴിഞ്ഞിരുന്നു.
കൊടുങ്ങല്ലൂരിനടുത്തുള്ള മതിലകം എന്ന സ്ഥലം അക്കാലത്തെ ജൈനമത കേന്ദ്രങ്ങളിലൊന്നായിരുന്നു. ചിലപ്പതികാരം എന്ന തമിഴ് ഗ്രന്ഥം രചിച്ച ഇളങ്കോ അടികൾ എന്ന രാജകുമാരൻ തൃക്കണ്ണാ മതിലകത്താണ് വസിച്ചിരുന്നത്. ഇത് കൂടാതെ പ്രാചീന കേരളത്തിലെ,തമിഴകത്തെ പല ചേരരാജാക്കന്മാരും ജൈനമത വിശ്വസികളായിരുന്നുവെന്നു ചരിത്രത്തിൽനിന്നും വ്യക്തമാണ്. സംഘ കാലത്തെ ചേര രാജാവായിരുന്ന പെരുംചേരലാതൻ ഒരു ജൈനമത അവലംബിയായിരുന്നു. ചെയ്തുപോയ ഒരു കഠിന പാപത്തിനു പരിഹാരമായി അദ്ദേഹം ജൈനരുടെ പ്രമാണമനുസരിച്ചു നിരാഹാരമിരുന്നു മരണം വരിച്ചതായി സംഘകാല കൃതികളിൽ കാണുന്നു. “ആതൻ” എന്ന പേരിലവസാനിക്കുന്ന നാമമുള്ള തമിഴകത്തെ രാജാക്കന്മാർ ജൈനമത വിശ്വാസികളായിരുന്നു. “ആതൻ” എന്ന തമിഴ് പദത്തിന്റെ അർഥം അര്ഹതൻ എന്നാണ്, ഇത് ജൈനമതവുമായി ബന്ധപ്പെട്ട ഒരു പദമാണ്. ചിലപ്പതികാരത്തിന്റെ ഗ്രന്ഥകാരന് പുറമെ, പ്രാചീന തമിഴ് കൃതികളായ തൊല്കാപ്പിയം, തിരുക്കുറൾ എന്നിവയുടെ എഴുത്തുകാരും ജൈനമതവിശ്വാസികളായിരുന്നു എന്ന് അവരുടെ രചനകളിൽനിന്നു തന്നെ വ്യക്തമാണ്. ജൈനമതസ്ഥരുടെ ആദര്ശങ്ങളും ജീവിതശൈലിയുമെല്ലാം ഇത്തരം ഗ്രന്ഥങ്ങളിൽ പ്രതിഫലിക്കുന്നുണ്ട്.
പ്രാചീന കാലഘട്ടത്തിൽ മതിലകത്തെ ജൈനക്ഷേത്രം വളരെ പ്രശസ്തമായിരുന്നു. ചുറ്റുപാടുള്ള ക്ഷേത്രങ്ങളെ അതിന്റെ ഉപക്ഷേത്രങ്ങളായി പരിഗണിക്കപ്പെട്ടിരുന്നു. ജൈനമതത്തിനു അപചയം ഭവിച്ചപ്പോൾ ഇവയെല്ലാം ഹിന്ദു ക്ഷേത്രങ്ങളായിത്തീരുകയായിരുന്നു. ഇരിങ്ങാലക്കുടയിലെ കൂടൽമാണിക്യം ക്ഷേത്രം പ്രാചീനകാലത്തെ ജൈനക്ഷേത്രമായിരുന്നുവെന്നു കരുതുന്നവരുണ്ട്. ഭരതേശ്വരൻ എന്നൊരു ദിഗംബരന്റെ പ്രതിഷ്ഠയാണ് ഇവിടെ ഉണ്ടായിരുന്നതെന്ന് ഇവർ കരുതുന്നു.
പെരുമ്പാവൂരിനടുത്തുള്ള കല്ലിൽ ക്ഷേത്രം പ്രാചീനകാലത്തു ജൈനമത ആരാധനാലയമായിരുന്നു. പാർശ്വനാഥൻ, മഹാവീരൻ തുടങ്ങി തീർത്ഥങ്കരന്മാരുടെയും പത്മിനിദേവി എന്നൊരു ജൈന ആരാധനാ മൂർത്തിയുടെയും രൂപം ക്ഷേത്രത്തിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തിൽ ഇപ്പോൾ ഹൈന്ദവ ആരാധനക്രമമാണെങ്കിലും ജൈന ആരാധന മൂർത്തികളെ ആരാധിച്ചു വണങ്ങാൻ ഇക്കാലത്തും ജൈനതീർത്ഥാടകർ എത്താറുണ്ട്.

വയനാട് മറ്റൊരു ജൈനമത കേന്ദ്രമായിരുന്നു. ഇന്നത്തെ സുൽത്താൻ ബത്തേരി കേന്ദ്രീകരിച്ചു പ്രാചീനകാലത്തു ജൈന സമൂഹം നിലനിന്നിരുന്നു. എടക്കൽ ഗുഹകളിൽ ജൈനവിശ്വാസ സംബന്ധമായ നിരവധി ശിലാലിഖിതങ്ങളുണ്ട്. തലശ്ശേരിക്കടുത്തുള്ള ധർമ്മടം എന്ന സ്ഥലം ജൈന-ബുദ്ധ സന്യാസിമാരുടെ ഇഷ്ടവാസകേന്ദ്രമായിരുന്നു. പോർട്ടുഗീസുകാർ കേരളത്തിലെത്തിയ നാളുകളിൽ ധര്മടത്തു നിരവധി ജൈന-ബുദ്ധ മതാനുയായികളെ കണ്ടതായിപറഞ്ഞുവച്ചിട്ടുണ്ട്. ജൈന-ബുദ്ധ മതങ്ങളുമായി അടുത്തുനിൽക്കുന്ന ധർമ്മം എന്ന വാക്കിൽനിന്നാണ് പ്രസ്തുത പ്രദേശത്തിന് ധർമടം എന്ന പേര് സിദ്ധിച്ചത്.
പാലക്കാട്,കാസർഗോഡ് ജില്ലകളിൽ സ്ഥിതിചെയ്യുന്ന ഏതാനും ചില ജൈനക്ഷേത്രങ്ങളിൽ ഇപ്പോഴും ജൈന ആരാധനകർമ്മങ്ങൾ നടത്തിവരുന്നുണ്ട്. പാലക്കാടുള്ള ജൈൻ മേട് ദിഗംബരക്ഷേത്രം ഇവയിൽ പ്രശസ്തമാണ്.
എറണാകുളം,കോഴിക്കോട്,ആലപ്പുഴ എന്നിവിടങ്ങളിൽ വിവിധ കാലയളവുകളിലായി വ്യാപാരാർത്ഥം വന്നെത്തിയ ഗുജറാത്തികൾ ജൈന മത ക്ഷേത്രങ്ങൾ പണിത് അവരുടേതായ രീതിയിൽ ആരാധന-തിരുക്കർമ്മങ്ങൾ നിർവ്വഹിച്ചുപോരുന്നു. മട്ടാഞ്ചേരിയിലെ ജൈനക്ഷേത്രമാണ് ഇവയിൽ കൂടുതൽ പ്രസിദ്ധിയാർജ്ജിച്ചത്. ഇന്ന് കേരളത്തിലെ ജൈനരിൽ ബഹുഭൂരിപക്ഷം പേരും ഗുജറാത്തി വംശക്കാരാണ്. വിവിധ ജൈനക്ഷേത്രങ്ങൾക്കു പുറമെ പാർശ്വനാഥനും മഹാവീരനും ഉൾപ്പെടെ നിരവധി ജൈന ആരാധന മൂർത്തികളുടെ വിഗ്രഹങ്ങൾ കേരളത്തിന്റെ പലഭാഗങ്ങളിൽനിന്നായി കണ്ടെടുത്തിട്ടുണ്ട്. ഇതിൽനിന്നെല്ലാം വ്യക്തമാകുന്നത് പ്രാചീനകാലത്തു ജൈനമതം കേരളത്തിലെ പ്രബലമായ മതങ്ങളിൽ ഒന്നായിരുന്നു എന്നാണ്.
എന്നാൽ പ്രാചീന കേരളീയരിൽ ബഹുഭൂരിപക്ഷം പേരും ജൈനമതവിശ്വാസികളാണെന്നു അനുമാനിക്കാൻ മുതിരുന്നത് തെറ്റായിരിക്കും. ഇന്ന് കാലത്തു ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ മതങ്ങൾക്ക് കേരളത്തിൽ പ്രചാരമുള്ളതുപോലെ ജൈനമതത്തിനും ഒരു കാലത്തു വ്യാപകമായ പ്രചാരം ഉണ്ടായിരുന്നു എന്ന് കരുതുന്നതാണ് യുക്തി. ക്രിസ്വബ്ദം പത്താം നൂറ്റാണ്ടുവരേയെങ്കിലും ജൈനമതം കേരളത്തിന്റെ സാംസ്കാരിക രംഗങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു.
ക്രിസ്തുവിനു ശേഷമുള്ള ആദിമ നൂറ്റാണ്ടുകളിൽ കേരളത്തിൽ പ്രബലമായിരുന്ന ജൈനമതം, പിന്നീട് ഏഴാം നൂറ്റാണ്ടിൽ സംഭവിച്ച ആര്യൻമാരുടെ കുടിയേറ്റതോടെ ഇല്ലാതാവാൻ തുടങ്ങിഎന്നും പ്രാചീന കാലഘട്ടത്തിലെ പല പ്രമുഖ ജൈന ക്ഷേത്രങ്ങളും ഇതോടെ ഹൈന്ദവ രീതിയിൽ ആരാധന നടത്തുന്നവയായി പരിണമിച്ചുവെന്നും പ്രമുഖ ചരിത്രകാരന്മാർ സമർത്ഥിക്കുന്നു(ഉദാ:എ ശ്രീധര മേനോൻ). പ്രസ്തുത നാളുകളിൽ ശങ്കരആചാര്യരെ പോലുള്ള ഹൈന്ദവ തത്വ ചിന്തകർ ഭാരത പര്യടനം നടത്തി വളരെയേറെപേരെ ഹൈന്ദവ ദര്ശനങ്ങളിലേയ്ക്ക് ആകർഷിക്കുകയും സംവാദങ്ങൾ നടത്തിയും മറ്റും അദ്വൈതം പോലുള്ള ഹൈന്ദവ ദര്ശനങ്ങൾക്കു ശക്തമായ അടിത്തറ പാകുകയും ചെയ്തു. ജൈനരുടെ നിർഭാഗ്യമെന്നു പറയട്ടെ, പ്രസ്തുത നാളുകളിൽ, ശങ്കര ആചാര്യരെപ്പോലുള്ളവരോട് വാഗ്വാദം നടത്തി ജയിക്കാൻ തക്കവിധം കഴിവുള്ളവരായി ജൈന മത പണ്ഡിതരാരും തന്നെ ഉണ്ടായിരുന്നില്ല. ഇതുവരെ അവതരിച്ചവരിൽ അവസാന ജൈന തീർത്ഥങ്കരനായ വർദ്ധമാന മഹാവീരനുശേഷം ശക്തനായ ഒരു ജൈനമത പ്രബോധകൻ പിന്നീട് ഉണ്ടായില്ല എന്നുള്ള യാഥാർഥ്യം കേരളത്തിലെ എന്നല്ല അഖില ഭാരതത്തിലെ തന്നെ ജൈനമതത്തിന്റെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിച്ചു. ബുദ്ധമതം ഭാരതത്തിൽ ചെറിയൊരു ന്യൂനപക്ഷമാകാനുള്ള കാരണവും മറ്റൊന്നല്ല.
ജൈനമതം നാശോന്മുഖമാകാനുള്ള മറ്റൊരു കാരണമായി ദൈവ വിശ്വാസത്തിന്റെ അഭാവത്തെ പ്രമുഖ പണ്ഡിതർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം പണ്ഡിതരുടെ അഭിപ്രായമനുസരിച്ചു ലോകത്തിൽ ഏറ്റവും കൂടുതൽ പ്രചാരം നേടിയതും ഏറ്റവും കൂടുതൽ കാലം നിലനിന്നതും ദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായ മതവിഭാഗങ്ങളാണ്. ദൈവ അസ്തിത്വം പാടെ നിരസിച്ച ജൈനമതം, കീഴാള വർഗ്ഗത്തിന്മേൽ അധികാരം കരസ്ഥമാക്കുന്നതിനു പുരോഹിതവർഗ്ഗം കെട്ടിച്ചമച്ച ഒരു മിഥ്യ സങ്കല്പമായിപോലും ദൈവിക സങ്കൽപ്പങ്ങളെ വിലയിരുത്തി. എന്നാൽ ദൈവവിശ്വാസത്തിനു പകരം വയ്ക്കാവുന്ന മറ്റൊരു ആദർശം ജൈനമതത്തിലുണ്ടായിരുന്നു, കർമ്മങ്ങളിലൂടെ ധന്യനായി, അതീന്ദ്രിയ ജ്ഞാനം സമ്പാദിച്ചു സ്വവികാരങ്ങൾക്കുമേൽ ആധിപത്യം സ്ഥാപിച്ചു, നിത്യാനന്ദം അനുഭവിയ്ക്കുന്ന ആർക്കും “ദൈവമാകാം” എന്ന പ്രമാണമായിരുന്നു അത്(തീർത്ഥങ്കരന്മാരെ പോലെ). അഹം ബ്രഹ്മാസ്ത്രി എന്ന ഉപനിഷത് ദര്ശനത്തോട് അടുത്തുകിടക്കുന്ന സങ്കല്പമായിരുന്നു ജൈനമതം ഉയർത്തിപ്പിടിച്ച പ്രസ്തുത “ദൈവികാവസ്ഥ”. അതിഭൗതികവും സങ്കീർണതകൾ നിറഞ്ഞതുമായിരുന്ന ഇത്തരത്തിലുള്ളൊരു ദര്ശനം സാധാരണ ജനങ്ങൾക്ക് എളുപ്പത്തിൽ ഉൾക്കൊള്ളാൻ പറ്റുന്ന വിധത്തിലുള്ളതായിരുന്നില്ല എന്നത് ജൈനമതത്തിന്റെ പ്രചാരം നഷ്ടപ്പെട്ടതിനു പിന്നിലുള്ള മറ്റൊരു കാരണമായി വിലയിരുത്തപ്പെടുന്നു.
ഒരു സഹസ്രാബ്ദത്തിലധികം ജൈനമതം പ്രബലമായിതന്നെ നിലകൊണ്ടതിന്റെ ഫലമായി കേരളത്തിൽ നിരവധി സാംസ്കാരിക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്. മാംസ ഭക്ഷണത്തെ വർജ്ജിക്കാൻ പ്രേരിപ്പിച്ചുകൊണ്ട് കേരളത്തിൽ പുതിയൊരു ഭക്ഷണശീലത്തിനു ആരംഭം കുറിച്ചത് ജൈന സന്യാസികളാണ്. മാംസഭക്ഷണത്തിനു പകരം സസ്യ ഭക്ഷണം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധാലുക്കളായിരുന്ന ജൈന സാന്യാസിമാർ ധാന്യങ്ങളും പയർ വർഗ്ഗങ്ങളും കൃഷിചെയ്യാൻ ജനങ്ങളെ ഉത്ബോധിപ്പിച്ചു.ജൈനരുടെ ഉപവാസ വൃതങ്ങൾ സ്വാധീനം ചെലുത്തിയതിന്റെ ഫലമായിട്ടാണ് ഹിന്ദു മതത്തിൽ ഏകാദശി വൃതം മുതലായ സമ്പ്രദായങ്ങൾ ആരംഭിച്ചത്. വൈദ്യം,ജ്യോതിഷം തുടങ്ങി ശാസ്ത്രങ്ങളിൽ കേരളീയ ഭ്രാഹ്മണർ നൈപുണ്യം കൈപ്പറ്റിയത് ജൈനമതപണ്ഡിതന്മാരിൽനിന്നു ആയിരുന്നു.
ഇന്ന് കാലത്തും വളരെ പ്രശസ്തിയാര്ജിച്ച എഴുത്തിനിരുത്തൽ തുടങ്ങിയതും ജൈനമതത്തിന്റെ പശ്ചാത്തലത്തിൽനിന്നു തന്നെയാണ്. അങ്ങനെ കേരളത്തിന്റെ സാമ്പത്തികവും സാംസ്കാരികവും വൈജ്ഞാനികവുമായ ഉയർച്ചയ്ക്കു ജൈനമതം വളരെയേറെ സംഭാവനകൾ നൽകി ഇപ്പോൾ വളരെ ചെറിയ മതവിഭാഗമായി നിലകൊള്ളുന്നു. 2011 ലെ കണക്കെടുപ്പ് പ്രകാരം പതിനായിരത്തിൽ താഴെയാണ് കേരളത്തിലെ ജൈനമതസ്ഥരുടെ ജനസംഖ്യ.