ജെ എഫ് ആർ ജേക്കബ്

വിപിൻ കുമാർ

ബംഗ്ലാദേശ് വിമോചനത്തിനു വഴിയൊരുക്കിയ 1971 ലെ ഇന്ത്യാ-പാക്ക് യുദ്ധത്തില്‍ ഇന്ത്യന്‍ സേനയുടെ കിഴക്കന്‍ കമാന്റിനെ നയിച്ചത് അന്നു മേജര്‍ ജനറല്‍ ആയിരുന്ന ലെഫ്റ്റനന്റ് ജനറല്‍ ജെ എഫ് ആർ ജേക്കബ് ആയിരുന്നു. ഇദ്ദേഹമായിരുന്നു ധാക്ക കീഴടക്കാനുള്ള യുദ്ധതന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്.

1923 ല്‍ കൊല്‍ക്കൊത്തയിലെ ഒരു ബാഗ്ദാദി ജൂത കുടുംബത്തിലാണ് ജാക്ക് ഫര്‍ജ് റാഫേല്‍ ജേക്കബ് ജനിച്ചത്. കുടുംബം ആഴത്തില്‍ ജൂതചര്യകള്‍ വച്ചുപുലര്‍ത്തിയവര്‍ ആയിരുന്നു. ധനികനായ ഒരു കച്ചവടക്കാരനായിരുന്നു ജേക്കബിന്റെ പിതാവായ ഏലിയാസ് ഇമ്മാനുവേല്‍. രണ്ടാം ലോകമഹായുദ്ധകാലത്തെ നാസിപ്പടയുടെ ജൂത നരഹത്യയില്‍ അമര്‍ഷംപൂണ്ടാണു പിതാവിന്റെ എതിര്‍പ്പിനെ മറികടന്ന്‍ 1942 -ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ കരസേനയില്‍ ചേരാന്‍ ജേക്കബ് തീരുമാനിച്ചത്.

1942 -ല്‍ ഇന്‍ഡോറിനടുത്ത് ഹൗവിലെ സൈനികപരിശീലന സ്കൂളില്‍നിന്നും ബിരുദമെടുത്തശേഷം ജേക്കബ് ഉത്തര ഇറാഖിലെ കുര്‍ദ് മേഖലയായ കിര്‍ക്കുക്കിലെ എണ്ണപ്പാടങ്ങള്‍ പിടിച്ചെടുക്കാന്‍ ജര്‍മനി ശ്രമിക്കുമെന്ന ഭീതിയുള്ളതിനാല്‍ അവിടെ നിയോഗിക്കപ്പെട്ടു. ഗ്ലബ്ബ് പാഷയുടെ അറബ് ലീജിയണില്‍ അദ്ദേഹത്തിന് പരിശീലനം ലഭിച്ചു. 1943 -ല്‍ ഫീല്‍ഡ് മാര്‍ഷല്‍ ഇര്‍വിന്‍ റോമലിന്റെ ആഫ്രിക്ക കോര്‍പ്സിനെതിരെയുള്ള ബ്രിട്ടീഷ് പടയൊരുക്കത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അദ്ദേഹത്തെ ആഫ്രിക്കയിലേക്ക് അയച്ചു. യുദ്ധം തീര്‍ന്നതിനു ശേഷമാണ് അവർക്കവിടെ എത്താൻ കഴിഞ്ഞത്. 1943 മുതല്‍ ജപ്പാന്‍ സാമ്രാജ്യത്തിനെതിരെ യുദ്ധം തീരുന്നതുവരെ ജേക്കബിന്റെ യൂണിറ്റ് ബര്‍മ്മയില്‍ പടപൊരുതി. ജപ്പാന്റെ തോല്‍വിക്കുശേഷം അദ്ദേഹം സുമാത്രയിലേക്ക് നിയോഗിക്കപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധാനന്തരം ജേക്കബ് ബ്രിട്ടനിലേയും അമേരിക്കയിലേയും സൈനിക കേന്ദ്രങ്ങളില്‍ നിന്ന് ഉന്നത പരിശീലനം നേടി. ഇന്ത്യാ വിഭജനത്തിനു ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ അദ്ദേഹം ഇന്ത്യന്‍ കരസേനയുടെ ഭാഗമായി. 1963 -ല്‍ ബ്രിഗേഡിയര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ചു. പിന്നീട് പന്ത്രണ്ടാം കാലാള്‍ ഡിവിഷനായി മാറിയ സേനാവിഭാഗത്തെ രാജസ്ഥാനില്‍ അദ്ദേഹം 1965 -ലെ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തില്‍ നയിച്ചു. അക്കാലയളവിലാണ് ഇന്ത്യന്‍ സൈന്യത്തിന്റെ മരുഭൂമിയിലെ യുദ്ധതന്ത്രങ്ങള്‍ അദ്ദേഹം രൂപപ്പെടുത്തിയത്.

1967 ല്‍ മേജര്‍ ജനറലായി സ്ഥാനക്കയറ്റം കിട്ടി. 1969 ല്‍ കിഴക്കന്‍ കമാന്‍ഡിന്റെ മേധാവിയായി. 1971 ല്‍ ബംഗ്ലാദേശിന്റെ രൂപവത്ക്കരണത്തിലേക്ക് നയിച്ച ഇന്ത്യാ-പാക് യുദ്ധമായിരുന്നു അദ്ദേഹത്തെ വീരനായകനാക്കിയത്. പാകിസ്താന്‍ സൈന്യത്തെ കബളിപ്പിപ്പിച്ച് അവരുടെ വാര്‍ത്താവിനിമയ സംവിധാനങ്ങളും കേന്ദ്രങ്ങളും പിടിച്ചെടുത്ത ജേക്കബിന്റെ യുദ്ധതന്ത്രമായിരുന്നു പാകിസ്താന്‍ സൈന്യത്തിന്റെ കീഴടങ്ങലിലേക്ക് നയിച്ചത്. യുദ്ധാനുഭവങ്ങളെപ്പറ്റി ‘സറണ്ടർ അറ്റ് ധാക്ക: ബർത്ത് ഓഫ് എ നേഷൻ’ എന്ന പുസ്തകം എഴുതിയിട്ടുണ്ട്.

37 വർഷം നീണ്ട സൈനിക സേവനത്തിനു ശേഷം 1978 ൽ വിരമിച്ചു. അദ്ദേഹം പിന്നീട് 1991 ൽ ബി.ജെ.പിയില്‍ ചേര്‍ന്നു. വർഷങ്ങളോളം പാർട്ടിയുടെ രാജ്യരക്ഷാ ഉപദേഷ്ടാവായിരുന്നു. 1998-2003 കാലഘട്ടത്തിൽ ഗോവ, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഗവര്‍ണറായും സേവനമനുഷ്ടിച്ചു. ഇന്ത്യാ-ഇസ്രയേല്‍ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ചിട്ടുണ്ട്. ആന്‍ ഒഡീസി ഇന്‍ വാര്‍ ആന്‍ഡ് പീസ് (An Odyssey in War and Peace) എന്ന ആത്മകഥ ഏറെ വിറ്റഴിക്കപ്പെട്ട പുസ്തകമാണ്. 2016 ജനുവരി 13ന് ഡൽഹിയിൽ വച്ച് അന്തരിച്ചു.

2012 -ല്‍ ഒരു വാരികയ്ക്കനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി: “ഒരു ജൂതനായതില്‍ അഭിമാനം ഉണ്ടെങ്കിലും അടിമുടി ഞാനൊരു ഇന്ത്യക്കാരനാണ്.” “I am proud to be a Jew, but am Indian through and through”