ജെ ഇ ഇ മെയിന്‍ രണ്ടാംഘട്ടത്തിന‌് ഫെബ്രുവരി 8 മുതല്‍ അപേക്ഷിക്കാം

 

തിരുവനന്തപുരം: ജെ ഇ ഇ മെയിന്‍ രണ്ടാംഘട്ട പരീക്ഷയ്ക്ക് ഫെബ്രുവരി എട്ടു മുതല്‍ മാര്‍ച്ച്‌ ഏഴുവരെ അപേക്ഷിക്കാം. സിബിഎസ്‌ഇയില്‍നിന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ഏറ്റെടുത്ത ജെ ഇ ഇ പരീക്ഷയ്ക്ക് ആദ്യമായാണ് രണ്ട് അവസരം നല്‍കുന്നത്.

ഒന്നാംഘട്ട പരീക്ഷയിലെ സ്‌കോര്‍ ഉയര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും നന്നായി എഴുതിയില്ലെന്ന് തോന്നിയവര്‍ക്കും പുതുതായി എഴുതണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കുമായാണ് ഏപ്രില്‍ ആറു മുതല്‍ 20 വരെ രണ്ടാംഘട്ട പരീക്ഷ നടത്തുന്നത്.

രാജ്യത്തെ ഐഐടികളിലേക്കുള്ള പ്രവേശനം, ഐസാറ്റ്, ഐസര്‍ എന്നിവയിലേക്ക് പ്രവേശനത്തിനുള്ള ജെഇഇ അഡ്വാന്‍സ്ഡ് പരീക്ഷ എഴുതാനുള്ള മാനദണ്ഡം ജെഇഇ മെയിന്‍ ആണ്. രണ്ട് പേപ്പറുകളാണ് ജെഇഇ മെയിനിന് ഉള്ളത്. പേപ്പര്‍-1 ബി ടെക്, ബി ഇ എന്നിവയും പേപ്പര്‍-2 ബിആര്‍ക്, ബി പ്ലാനിങ് എന്നിവയാണിത്.

പ്ലസ്ടു ഫിസിക്‌സ്, മാത്തമാറ്റിക്‌സ്, കെമിസ്ട്രി വിഷയങ്ങള്‍ 75 ശതമാനം മാര്‍ക്കോടെ പൂര്‍ത്തിയാക്കിയവര്‍ക്കും 75 ശതമാനം മാര്‍ക്ക് പ്രതീക്ഷിക്കുന്നവര്‍ക്കും ജെഇഇ മെയിനിന് അപേക്ഷിക്കാം.

പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് 65 ശതമാനം മാര്‍ക്ക് മതിയാകും. ഒരാള്‍ക്ക് മൂന്നുവര്‍ഷംവരെ തുടര്‍ച്ചയായി എഴുതാം. 2017 ലോ 2018ലോ പ്ലസ്ടു പരീക്ഷ പാസായവര്‍ക്കും 2019ല്‍ പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും ജെഇഇ മെയിന്‍ ഇത്തവണ എഴുതാം.

വിജ്ഞാപനം വന്നശേഷം ഓണ്‍ലൈനായി അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ടിഎയുടെ www.jeemain.nic.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.